World News
സൗദി നിയോ പദ്ധതി പ്രദേശത്തുനിന്നും താമസക്കാരെ അടിമകളെപ്പോലെ ഓടിച്ചുവെന്ന് അവകാശപ്പെട്ട സി.ഇ.ഒ രാജിവെച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Nov 13, 03:24 am
Wednesday, 13th November 2024, 8:54 am

റിയാദ്: സൗദി അറേബ്യയുടെ സ്വപ്‌ന പദ്ധതിയായ നിയോമിന്റെ സി.ഇ.ഒ നദ്മി അല്‍ നസര്‍ പദ്ധതിയില്‍ നിന്ന് പിന്‍വാങ്ങിയതായി റിപ്പോര്‍ട്ട്. 1.5 ട്രില്യണ്‍ ഡോളര്‍ ചെലവഴിച്ച് നിര്‍മിക്കുന്ന തബൂക്ക് പ്രവിശ്യയിലെ നഗര പ്രദേശമായ നിയോം, സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ മിഷന്‍ 2030ന്റെ ഭാഗമാണ്.

എന്നാല്‍ പ്രൊജക്ടില്‍ നിന്ന് നദ്മി അല്‍ നസര്‍ പിന്‍വാങ്ങിയതിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഇന്നലെ (ചൊവ്വാഴ്ച്ച) നിയോം പുറപ്പെടുവിച്ച പ്രസ്താവനയിലാണ് സി.ഇ.ഒയുടെ പിന്‍വാങ്ങലിനെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്.

നിയോം പ്രൊജക്ടിലൂടെ നദ്മി ഏറെ പ്രശസ്തി നേടിയിരുന്നു. പ്രൊജക്ടിന്റെ ഭാഗമായി ആളുകളെ കുടിയൊഴിപ്പിക്കുമ്പോള്‍ അടിമകളെപ്പോലെ അവരെ ഓടിച്ചുവെന്ന അദ്ദേഹത്തിന്റ പരാമര്‍ശം ഏറെ വിവാദമായിരുന്നു.

2017ല്‍ ആരംഭിച്ച പ്രൊജക്ടിനായി സൗദി അറേബ്യയുടെ പി.ഐ.എഫ് സോവറിന്‍ വെല്‍ത്ത് ഫണ്ടില്‍ നിന്ന് ഇതിനകം നൂറ് മില്യണ്‍ ഡോളറിലധികം സൗദി കിരീടവകാശി ചെലവഴിച്ചിട്ടുണ്ട്. ന്യൂയോര്‍ക്ക് നഗരത്തിന്റെ 33 മടങ്ങ് വലുപ്പത്തില്‍ നിര്‍മിക്കുന്ന ഈ പ്രദേശം സൗദിക്ക് എണ്ണ വിപണിക്കപ്പുറത്തുള്ള മറ്റൊരു വിപണി സാധ്യത തുറക്കും എന്ന് പ്രതീക്ഷ നല്‍കിയിരുന്നു.

ലോകത്തിലെ ഏറ്റവും മികച്ച എണ്ണ കയറ്റുമതിക്കാരായ സൗദി അറേബ്യ കഴിഞ്ഞ കുറച്ച് കാലങ്ങളായി എണ്ണ വിലയുടെയും ഉല്‍പാദനത്തിന്റെയും കുറവ്‌ കാരണം സാമ്പത്തികമായി പ്രതിസന്ധിയിലായിരുന്നു.

എന്നാല്‍ പ്രൊജകട് പൂര്‍ത്തികരിക്കാനുള്ള ചെലവ് കാരണം നിയോമിലെ പല സുപ്രധാന തീരുമാനങ്ങളിലും മാറ്റം വന്നിരുന്നു. ‘ദി ലൈന്‍’ എന്ന് പേരിട്ടിരുന്ന കണ്ണാടികള്‍ കൊണ്ടുള്ള മതിലുകളാല്‍ നിര്‍മിക്കുന്ന 170 കിലോ മീറ്റര്‍ നീളമുള്ള സിറ്റിയുടെ പ്ലാനുകളൊക്കെ നിര്‍മാണ ചെലവുകള്‍ കാരണം മാറ്റിവെച്ചിരുന്നു.

പ്രൊജകട് പൂര്‍ത്തിയാക്കാന്‍ എടുക്കുന്ന കാലതാമസവും പ്രൊജക്ടിന്റെ പ്രകടന സൂചകങ്ങള്‍ നല്‍കാത്തതുമാണ് നദ്മിയുടെ പുറത്തുപോവലിന് കാരണമായതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ഈ പദ്ധതി ഏകദേശം 460,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും രാജ്യത്തിന്റെ ജി.ഡി.പിയിലേക്ക് 48 ബില്യണ്‍ ഡോളര്‍ കൂട്ടിച്ചേര്‍ക്കുമെന്നും സൗദി അറേബ്യ അവകാശപ്പെട്ടിരുന്നു. പദ്ധതിയുടെ സ്ഥലം ഏറ്റെടുക്കാനായി ആയിരക്കണക്കിന് ആളുകളെ നിര്‍ബന്ധിതമായി കുടിയൊഴിപ്പിക്കുകയും ഗ്രാമങ്ങള്‍ നശിപ്പിക്കുകയും ചെയ്യുകയുണ്ടായി. പദ്ധതിക്കായി ഏകദേശം 20,000 ആളുകളെ നിര്‍ബന്ധിതമായി മാറ്റിപ്പാര്‍പ്പിക്കേണ്ടി വരുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

Content Highlight: The CEO of Neom City, a controversial Saudi dream project,  withdraws