ന്യൂദല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ജമ്മു കശ്മീരില്‍ ബി.ജെ.പിക്ക് തിരിച്ചടി. പോളിങ് ഒന്നര മണിക്കൂര്‍ പിന്നിടുമ്പോള്‍ കോണ്‍ഗ്രസ്-നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം 90ല്‍ 47 സീറ്റുകള്‍ നേടി കുതിപ്പ് തുടരുകയുമാണ്. 29 സീറ്റുകളില്‍ മാത്രമാണ് ബി.ജെ.പിക്ക് ലീഡ് നിലനിര്‍ത്താന്‍ സാധിക്കുന്നത്.
ജമ്മു കശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ 46 സീറ്റുകളാണ് വേണ്ടത്. എന്നാല്‍ ലീഡുനില മാറിമറിയുന്ന സാഹചര്യത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുടേയും മെഹ്ബൂബ മുഫ്തിയുടെ പി.ഡി.പിയുടേയും പിന്തുണ നിര്‍ണായമാകും. നിലവില്‍ പി.ഡി.പി നാല് സീറ്റുകളിലും മറ്റുള്ളവര്‍ 10 സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്.
അതേസമയം ജമ്മു കശ്മീരില്‍ ബി.ജെ.പി നേതൃത്വം ഇപ്പോഴും ശുഭപ്രതീക്ഷയിലാണ്. കശ്മീര്‍താഴ് വരയില്‍ സ്വതന്ത്രരെ കൂടെക്കൂട്ടി അധികാരം പിടിക്കാം എന്ന പ്രതീക്ഷയിലാണ് ബി.ജെ.പി ക്യാമ്പ്.
കശ്മീരില്‍ 90 സീറ്റുകള്‍ക്ക് പുറമെ കശ്മീരി പണ്ഡിറ്റുകള്‍ക്കും, സ്ത്രീകള്‍ക്കും, പാക് അധീന കശ്മീരില്‍ നിന്നുള്ളവര്‍ക്കും അഞ്ച് സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്. ഈ സീറ്റുകളിലേക്ക് ലെഫ്. ഗവര്‍ണര്‍ക്കാണ് നാമനിര്‍ദേശത്തിനുള്ള അധികാരം. ജമ്മു കശ്മീരില്‍ 10 വര്‍ഷത്തിന് ശേഷമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണിത്.