ദില്ലി: സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ബി.ജെ.പി പ്രതിനിധി സംഘം കേന്ദ്ര റെയില്‍വേ മന്ത്രിയെ കണ്ടു.
കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍, മെട്രോമാന്‍ ഇ. ശ്രീധരന്‍, കുമ്മനം രാജശേഖരന്‍ തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്. കേരളത്തില്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ വലിയതോതില്‍ ഉയര്‍ന്ന പ്രതിഷേധം ബി.ജെ.പി നേതാക്കള്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
‘സാര്‍ത്ഥകമായ കൂടിക്കാഴ്ച. കെ റെയില്‍ സില്‍വര്‍ലൈന്‍ പദ്ധതിയുടെ പൊള്ളത്തരവും അപകടവും റെയില്‍വേ മന്ത്രിയെ ധരിപ്പിച്ചു. മെട്രോമാന്റെ സാന്നിധ്യം കൂടുതല്‍ പ്രയോജനകരമായി,’ കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ പങ്കുവെച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ എഴുതി.
കെ റെയില്‍ പദ്ധതിക്ക് അനുമതി നല്‍കരുതെന്ന് ബി.ജെ.പി നേതാക്കളുടെ സംഘം റെയില്‍വേ മന്ത്രിയോട് ആവശ്യപ്പെട്ടു. പദ്ധതി നടപ്പാക്കാന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ടുള്ള നിവേദനവും സംഘം മന്ത്രിക്ക് കൈമാറി.
അതേസമയം, സില്‍വര്‍ലൈന്‍ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരിന്റെ അന്തിമ അനുമതി ലഭിച്ചതായി അവകാശപ്പെട്ടിട്ടില്ലെന്ന് കെ റെയില്‍ വിശദീകരിച്ചിരുന്നു.
പദ്ധതിക്ക് തത്വത്തിലുള്ള അനുമതി ലഭിച്ചിട്ടുണ്ട്. സില്‍വര്‍ലൈന്‍ ഡി.പി.ആറില്‍ സാങ്കേതിക സാധ്യതാ വിവരങ്ങളില്ലെന്ന് പറയുന്ന മറുപടിയില്‍ തന്നെ വിശദീകരണമുണ്ട്.
റെയില്‍വേ മന്ത്രി പാര്‍ലമെന്റില്‍ നല്‍കിയ മറുപടി ഒരു തരത്തിലും ആശങ്കപ്പെടുത്തുന്നതല്ലെന്നും കെ റെയില്‍ വൃത്തങ്ങള്‍ വിശദീകരിച്ചു.
ഡി.പി.ആറിന് അനുമതി കാത്തിരിക്കുകയാണ്. റെയില്‍വേ മന്ത്രാലയം നിര്‍ദേശിച്ച പല നടപടിക്രമങ്ങളും അന്തിമ ഘട്ടത്തിലാണ്. സില്‍വര്‍ലൈന്‍ ഡി.പി.ആറില്‍ സാങ്കേതിക സാധ്യതാ വിവരങ്ങളില്ലെന്ന് പറയുന്ന മറുപടിയോടൊപ്പം അതിനുള്ള കാരണങ്ങളും മന്ത്രാലയം വിശദീകരിക്കുന്നുണ്ടെന്ന് കെ റെയില്‍ വ്യക്തമാക്കിയിരുന്നു.
സില്‍വര്‍ലൈന്‍ പദ്ധതിയുടെ ഡി.പി.ആറിന് അന്തിമ അനുമതി ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. പദ്ധതിക്ക് അനുമതി ലഭിച്ചിട്ടില്ലെന്ന് പറയുമ്പോഴും സാങ്കേതികമായും സാമ്പത്തികമായും പ്രായോഗികമാണോ എന്ന റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് അനുമതി നല്‍കും എന്ന് തന്നെയാണ് മനസിലാക്കേണ്ടതെന്നാണ് കെ റെയില്‍ പറയുന്നത്.
മന്ത്രാലയം നിര്‍ദേശിച്ച പ്രകാരമാണ് റെയില്‍വേയുമായി ചേര്‍ന്ന് കെ-റെയില്‍ സാങ്കേതിക വിവരശേഖരണം നടത്തുന്നത്. സാമൂഹിക ആഘാത പഠനവും നടന്നുകൊണ്ടിരിക്കുകയാണ്. 90 ദിവസത്തെ സമയമാണ് ഇതിന് നല്‍കിയിരിക്കുന്നത്. വിവിധ ജില്ലകളില്‍ നിന്നുള്ള ഈ റിപ്പോര്‍ട്ടുകള്‍കൂടി ലഭിച്ചശേഷം റെയില്‍വേ മന്ത്രാലയത്തിന് സമര്‍പ്പിക്കും.