ഉത്തര്‍പ്രദേശിലെ സംഭാല്‍ ജുമാ മസ്ജിദ്, ക്ഷേത്രത്തില്‍ നിര്‍മിച്ചതെന്ന വാദം; സര്‍വേ നടത്താന്‍ ഉത്തരവിട്ട് ജില്ലാ കോടതി
national news
ഉത്തര്‍പ്രദേശിലെ സംഭാല്‍ ജുമാ മസ്ജിദ്, ക്ഷേത്രത്തില്‍ നിര്‍മിച്ചതെന്ന വാദം; സര്‍വേ നടത്താന്‍ ഉത്തരവിട്ട് ജില്ലാ കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 20th November 2024, 9:16 pm

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സംഭാല്‍ ജില്ലയിലെ ജുമാ മസ്ജിദ്, ക്ഷേത്രത്തിന്റെ അവശിഷ്ടത്തില്‍ പണിതതാണെന്ന് ആരോപിച്ച് സുപ്രീം കോടതി അഭിഭാഷകന്‍ നല്‍കിയ ഹരജിയില്‍ സര്‍വേ നടത്താന്‍ ഉത്തരവിട്ട് സംഭാല്‍ ജില്ലാ കോടതി. വിഷ്ണു ശങ്കര്‍ ജെയിന്‍ എന്ന അഭിഭാഷകനാണ് ഹരജി സമര്‍പ്പിച്ചത്.

സംഭാലിലെ ജുമാ മസ്ജിദ് യഥാര്‍ത്ഥത്തില്‍ ക്ഷേത്രമാണെന്ന് ആരോപിച്ച് അഭിഭാഷകന്‍ ജില്ലാ കോടതിയില്‍ ഹരജി സമര്‍പ്പിക്കുകയായിരുന്നു. അഭിഭാഷകന്റെ വാദത്തിന് പിന്നാലെ കമ്മീഷണറുടെ നേതൃത്വത്തില്‍ സര്‍വേ നടത്താനാണ് കോടതി ഉത്തരവിട്ടത്. ഏഴു ദിവസത്തിനകം സര്‍വേ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ഉത്തരവിട്ടു.

കൃഷ്ണ ജന്മഭൂമി, ഗ്യാന്‍വ്യാപി കേസുകളില്‍ ഹരജി നല്‍കിയ അഭിഭാഷകനും അഭിഭാഷകന്റെ പിതാവ് ഹരി ശങ്കര്‍ ജെയിനുമാണ് ഹരജി സമര്‍പ്പിച്ചത്.

സംഭാലിലെ ശ്രീ ഹരി മന്ദിറിന്റെ അവശിഷ്ടങ്ങള്‍ക്ക് മുകളിലാണ് മസ്ജിദ് നിര്‍മിച്ചതെന്നാണ് അഭിഭാഷകന്‍ സംഭാല്‍ ജില്ലാ കോടതിയില്‍ വാദിച്ചത്.

സംഭാലിലെ ജുമാ മസ്ജിദ് തങ്ങള്‍ക്ക് ആരാധനാലയമാണെന്നും ഈ സ്ഥലത്ത് കല്‍ക്കി അവതാരം സംഭവിക്കുമെന്ന് തങ്ങള്‍ വിശ്വസിക്കുന്നതായുമാണ് അഭിഭാഷകന്‍ മാധ്യമങ്ങളോട് പറഞ്ഞത്.

കൂടാതെ 1529ല്‍ മുഗള്‍ ചക്രവര്‍ത്തി ബാബര്‍ ക്ഷേത്രം ഭാഗികമായി നശിപ്പിച്ചതാണെന്നും അതിന് മുകളില്‍ ജുമാ മസ്ജിദ് പണിയുകയായിരുന്നെന്നും അഭിഭാഷകന്‍ വാദിക്കുകയുണ്ടായി.

മസ്ജിദ് ഒരു ഹിന്ദു ക്ഷേത്രമാണെന്ന് തെളിയിക്കുന്ന നിരവധി അടയാളങ്ങളും ചിഹ്നങ്ങളും മസ്ജിദില്‍ ഉണ്ടെന്നും ഇത് കണക്കിലെടുത്ത് സര്‍വേ നടത്തുമെന്നുമാണ് അഭിഭാഷകന്‍ പറയുന്നത്.

കോടതി ഉത്തരവിട്ടതിന് പിന്നാലെ ജില്ലാ മജിസ്‌ട്രേറ്റിന്റെയും പൊലീസ് സൂപ്രണ്ടിന്റെയും അകമ്പടിയോടെ വക്കീല്‍ കമ്മീഷണര്‍ സര്‍വേ നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം സര്‍വേ അവസാനിച്ചതായും തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും ജുമാ മസ്ജിദ് കമ്മറ്റി പറഞ്ഞു. ക്ഷേത്രത്തോട് സാമ്യമുള്ള ചിഹ്നങ്ങളോ വസ്തുക്കളോ പരിശോധനയില്‍ കണ്ടെത്തിയിട്ടില്ലെന്നാണ് അവര്‍ പറഞ്ഞത്.

Content Highlight: The argument that it was built in the Sambhal Juma Masjid temple in Uttar Pradesh; The district court ordered the survey to be conducted