Entertainment
ലാലേട്ടനെ വെച്ച് സിനിമ ചെയ്യുമ്പോള്‍ അങ്ങനെയൊരു പാട്ട് വേണമെന്ന് ആരായാലും ആഗ്രഹിക്കില്ലേ: തരുണ്‍ മൂര്‍ത്തി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 26, 05:56 am
Wednesday, 26th February 2025, 11:26 am

മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് തുടരും. ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് ആരാധകര്‍ക്കിടയില്‍ വലിയ പ്രതീക്ഷകള്‍ ഉളവാക്കിയിരുന്നു. ഏറെക്കാലത്തിന് ശേഷം മോഹന്‍ലാല്‍ സാധാരണക്കാരനായി പ്രത്യക്ഷപ്പെടുന്ന ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റും മികച്ചതായിരുന്നു.

ചിത്രത്തിന്റെ എല്ലാ വര്‍ക്കും അവസാനിച്ചെന്ന് പറയുകയാണ് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി. ട്രെയ്‌ലറും മറ്റ് അപ്‌ഡേറ്റുകളും അധികം വൈകാതെ പ്രേക്ഷകരിലേക്കെത്തുമെന്ന് തരുണ്‍ മൂര്‍ത്തി പറഞ്ഞു. എമ്പുരാന്റെ ബാക്കിയാകും തുടരും എന്നും തരുണ്‍ കൂട്ടിച്ചേര്‍ത്തു. എമ്പുരാന്റെ റിലീസ് ദിവസം ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിടാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും തരുണ്‍ മൂര്‍ത്തി പറയുന്നു.

പ്രൊഡക്ഷന്‍ ഹൗസുമായുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും അതിന് ശേഷം മാത്രമേ എല്ലാം തീരുമാനമാകുള്ളൂവെന്നും തരുണ്‍ മൂര്‍ത്തി പറഞ്ഞു. ചിത്രത്തിന്റെ പ്രൊമോ സോങ്ങിനെക്കുറിച്ചും തരുണ്‍ മൂര്‍ത്തി സംസാരിച്ചു. മോഹന്‍ലാലിനെപ്പോലെ വലിയൊരു നടനെ കിട്ടുമ്പോള്‍ അത്തരത്തില്‍ ഒരു പാട്ട് ചെയ്യണമെന്ന് എല്ലാവര്‍ക്കും ആഗ്രഹം കാണുമെന്ന് തരുണ്‍ മൂര്‍ത്തി പറഞ്ഞു.

ആ ആഗ്രഹത്തിന്റെ പുറത്താണ് അത്തരത്തില്‍ ഒരു പ്രൊമോ സോങ് ഷൂട്ട് ചെയ്യുന്നതെന്നും തരുണ്‍ കൂട്ടിച്ചേര്‍ത്തു. മോഹന്‍ലാല്‍ ആ പാട്ട് കേട്ടെന്നും അദ്ദേഹത്തിന് അത് വളരെ ഇഷ്ടമായെന്നും തരുണ്‍ മൂര്‍ത്തി പറഞ്ഞു. ഇപ്പോള്‍ മറ്റൊരു സിനിമയുടെ ഷൂട്ടിലാണ് മോഹന്‍ലാലെന്നും അത് കഴിഞ്ഞ് എത്തിയാല്‍ പ്രൊമോ സോങ് ഷൂട്ട് തുടങ്ങുമെന്നും തരുണ്‍ കൂട്ടിച്ചേര്‍ത്തു.

‘സിനിമയുടെ ട്രെയ്‌ലറും ബാക്കി വര്‍ക്കുകളും എല്ലാം കഴിഞ്ഞിരിക്കുകയാണ്. അധികം വൈകാതെ ഓരോ അപ്‌ഡേറ്റും പ്രേക്ഷകരിലേക്കെത്തും. എമ്പുരാന്റെ തിരക്കെല്ലാം കഴിയട്ടെ, എന്നിട്ടേ തുടരും സിനിമയുടെ പരിപാടികള്‍ തുടങ്ങാന്‍ പറ്റുള്ളൂ. എമ്പുരാന്റെ ബാക്കിയാണ് തുടരും എന്നേ പറയാന്‍ കഴിയൂ. എമ്പുരാന്റെ റിലീസിന്റെ കൂടെ ട്രെയ്‌ലര്‍ റിലീസ് ചെയ്യാനുള്ള ആലോചന നടക്കുന്നുണ്ട്. പ്രൊഡക്ഷന്‍ ഹൗസ് അതിന്റെ ചര്‍ച്ചയിലാണ്.

അതുപോലെ ശ്രീകുമാര്‍ ചേട്ടന്‍ പറഞ്ഞ പ്രൊമോ സോങ്ങിന്റെ വര്‍ക്കുകള്‍ വേറൊരു സൈഡില്‍ നടക്കുന്നുണ്ട്. ഒരു മാസ് പാട്ട് തന്നെയാണ് അത്. ലാലേട്ടനെപ്പോലൊരു നടനെ കിട്ടുമ്പോള്‍ അത്തരമൊരു പാട്ട് വേണമല്ലോ. തിയേറ്ററുകളിലേക്ക് ആള്‍ക്കാരെ എത്തിക്കാനും, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിന് ഒരു ടൂളായുമാണ് ആ പാട്ട് ഒരുക്കുന്നത്. ലാലേട്ടന് ആ പാട്ട് കേട്ടപ്പോള്‍ തന്നെ ഇഷ്ടമായി. ഇപ്പോഴുള്ള ഷൂട്ടിന്റെ തിരക്ക് കഴിഞ്ഞ് ലാലേട്ടന്‍ തിരിച്ചെത്തിയാല്‍ അതിന്റെ ഷൂട്ട് തുടങ്ങും,’ തരുണ്‍ മൂര്‍ത്തി പറഞ്ഞു.

Content Highlight: Tharun Moorthy about the promo song of Thudarum movie