കേരളത്തില്‍ നടന്ന തദ്ദേശഭരണ തിരഞ്ഞെടുപ്പ് ഫലം, വാചാലരായ വാര്‍ത്താവതാരകരുടെ മുന്നില്‍ വെക്കുന്ന പ്രധാന ചോദ്യം ഇത് മാത്രമാണ്:
‘എങ്ങനെ വിശ്വസിക്കും, ഈ കോണ്‍ഗ്രസ്സിനെ?’
ജനങ്ങള്‍ ഈ ചോദ്യം മുന്നില്‍ വെക്കുന്നു. മുസ്‌ലിങ്ങളും ക്രിസ്ത്യാനികളും ഈ ചോദ്യമുന്നയിക്കുന്നു. ‘ന്യൂസ് അവറുകളില്‍ അവതരിപ്പിക്കപ്പെടുന്ന വാര്‍ത്തകള്‍’ അടിത്തട്ടിലെ ജനങ്ങള്‍ മുഖവിലക്കെടുക്കുന്നില്ല. മുസ്‌ലിങ്ങള്‍ക്ക് ഇടതുപക്ഷത്തെ എതിര്‍ക്കാന്‍ ഇപ്പോള്‍ രാഷ്ട്രീയമായ കാരണമില്ല. ‘കോണ്‍ഗ്രസ് ഇന്ത്യയില്‍ അധികാരത്തില്‍ വരും’ എന്ന വ്യാമോഹത്താല്‍ ‘ചതിക്കപ്പെട്ട’ അനുഭവം കേരളത്തിലെ മുസ്‌ലികള്‍ പേറുന്നുണ്ട്.
കോണ്‍ഗ്രസ്സിലെ ‘റിസോര്‍ട്ട്’ രാഷ്ട്രീയം തോല്‍പിക്കുന്നത് സാധാരണ മനുഷ്യര്‍ക്ക് കോണ്‍ഗ്രസിലുള്ള വിശ്വാസത്തെയാണ്. വൈദികന്‍ തടവിലാണ്, ക്രിസ്തുമസ്സിന് മകരവിളക്ക് തൂക്കണം – ഇതിലൂടെയൊക്കെ ‘വാതിലില്‍ മുട്ടുന്ന ശബ്ദം’ സഭാ നേതൃത്വം കേള്‍ക്കുന്നില്ലെങ്കിലും, വിശ്വാസ സമൂഹം കേള്‍ക്കുന്നുണ്ട്.
രാഷ്ട്രീയമായി ‘വാര്‍ഡ് തല’ വിഷയമാണ് പ്രാദേശിക തിരഞ്ഞെടുപ്പുകളില്‍ ചര്‍ച്ച ചെയ്യപ്പെടുക, ‘പ്രാദേശികമായ വ്യക്തിഗത പ്രഭാവങ്ങ’ളാണ് വിജയവോട്ടുകള്‍ക്കാധാരം എന്നൊക്കെയുള്ള സാമ്പ്രദായിക വിലയിരുത്തലുകള്‍ക്കപ്പുറം ഇടതുപക്ഷത്തിനെതിരെ വോട്ടു ചെയ്യാനുള്ള ‘രാഷ്ട്രീയ കാരണങ്ങള്‍’ പ്രത്യക്ഷത്തില്‍ എവിടെയും കാണാനില്ലായിരുന്നു.
പിണറായിയില്‍ മുസ്‌ലിങ്ങള്‍ ‘തങ്ങള്‍ക്കനുകൂലമായ ഒരു കൂറ്’ കാണുന്നുണ്ട്. ചില നിര്‍ണായക ഘട്ടങ്ങളില്‍ രമേശ് ചെന്നിത്തലയും കോണ്‍ഗ്രസും സ്വീകരിക്കുന്ന ‘മൗന’ങ്ങള്‍ അവര്‍ തിരിച്ചറിയുന്നുണ്ട്. ഈ തിരിച്ചറിവ് സാധാരണ മനുഷ്യരുടെ രാഷ്ട്രീയ തീരുമാനങ്ങളെ സ്വാധീനിക്കാറുണ്ട്. പാര്‍ലിമെന്റ് ഇലക്ഷനില്‍ പ്രകടമായ കോണ്‍ഗ്രസിന് അനുകൂലമായ ‘വൈകാരികമായ പ്രതിഫലനം’ മുസ്‌ലിങ്ങള്‍ ഉപേക്ഷിച്ചിരിക്കുന്നു. അത് സി.പി.എമ്മിന് അനുകൂലമായി മാറി എന്നതിനേക്കാള്‍ ‘സെക്കുലര്‍ ചേരി’യ്ക്ക് അനുകൂലമായി എന്നു വിലയിരുത്തുന്നതാവും ശരി. മറ്റൊന്നു കൂടി പറയാം, പ്രചോദിപ്പിക്കുന്ന മതേതര രാഷ്ട്രീയ മുഖം രമേശ് ചെന്നിത്തലയ്ക്കില്ല.
കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നില്‍ക്കാനുള്ള തീരുമാനവും, പേലീസ് ഭേദഗതി നിയമത്തില്‍ പിണറായിയെ പാര്‍ട്ടി തിരുത്തിയതും ‘പാര്‍ട്ടിയിലെ യുവജനങ്ങളെ’ സ്വാധീനിച്ചു. പാര്‍ട്ടിയിലെ ജനകീയ മുഖമായ ‘ഡി.വൈ.എഫ്.ഐ’ക്ക് ഈ തീരുമാനങ്ങള്‍ വലിയ ആത്മവിശ്വാസം നല്‍കി. ജനങ്ങളുമായി നേരിട്ട് സംസാരിക്കുന്നവര്‍ അവരാണല്ലൊ. തുടര്‍ച്ചയായ രാഷ്ട്രീയ കൊലപാതകങ്ങളും ‘സി.പി.എമ്മുകാര്‍’കൊല ചെയ്യപ്പെടുമ്പോള്‍ മുഖ്യധാരാ മാധ്യമങ്ങള്‍ പുലര്‍ത്തുന്ന മൗനവും സി.പി.എം അണികള്‍ കാണുന്നുണ്ട്. പിണറായിക്കനുകൂലമെന്നതിനേക്കാള്‍ പാര്‍ട്ടിക്കനുകൂലമായി സി.പി.എം അണികള്‍ ചിന്തിച്ചു.
ഈ തിരഞ്ഞെടുപ്പ് ഫലത്തെ ഇങ്ങനെ കാണാം: മലയാളികള്‍ മതേതര ചേരിയില്‍ നിന്നുകൊണ്ട് അവരുടെ രാഷ്ട്രീയ ഭാഗധേയം തീരുമാനിച്ചു. രമേശ് ചെന്നിത്തല/പിണറായി – ഇവരില്‍ ‘പിണറായി’യെയാണ് മലയാളികള്‍ക്ക് രാഷ്ട്രീയമായി ബോദ്ധ്യമാവുന്നത്. മുല്ലപ്പള്ളി രാമചന്ദ്രന് കോണ്‍ഗ്രസിനെ ഒരു വിധത്തിലും ചലിപ്പിക്കാന്‍ കഴിഞ്ഞില്ല.
കോവിഡ് കാലത്ത് സ്‌കൂളുകളൊന്നും തുറന്നില്ലെങ്കിലും പഴയ കാലത്തെ ഒരു സ്‌കൂള്‍ ഹെഡ്മാസ്റ്ററെ നാമെപ്പോഴും കണ്ടു, അത് മുല്ലപ്പള്ളിയായിരുന്നു. പിന്നെ, സി.പി.എമ്മില്‍ ഇപ്പോഴും ഒരു ശൈലജ ടീച്ചറുണ്ട്. ചിരിക്കുന്ന, ചേര്‍ത്തു നിര്‍ത്തുന്ന ഒരു മുഖം. പാര്‍ട്ടിക്ക് ഈ വിജയം നല്‍കിയതില്‍ നിര്‍ണായകമാവുന്നത്, മലയാളികളുടെ പ്രിയപ്പെട്ട ആ ടീച്ചറാണ്. മറ്റൊരു പ്രധാനപ്പെട്ട ചോദ്യം ഈ തിരഞ്ഞെടുപ്പ് മുന്നില്‍ വെക്കുന്നു. മുസ്‌ലിം ലീഗ് ഇനിയും കോണ്‍ഗ്രസിനെ ചാരി നില്‍ക്കുന്ന ഏണിയായി തുടരണമോ? അത് മുസ്‌ലിം ലീഗിന്റെ അവസരങ്ങള്‍ തുലച്ചു കളയില്ലേ?
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക