Discourse
വി.എസ്: എം.എന്‍ വിജയന്‍ മറുപടി പറയാത്ത ഒരേയൊരു ചോദ്യം
‘പാർട്ടിയിൽ ഒന്നുകിൽ വി.എസ് അല്ലെങ്കിൽ പിണറായി ‘എന്ന നിരന്തരമായ വിഭാഗീയ കുന്തങ്ങൾ തൊടുക്കുന്നത് കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ ഏതാണ്ട് അവസാനിപ്പിച്ചിട്ടുണ്ട്. പാര്‍ട്ടി എന്ന ഒരേ കപ്പലില്‍ ഇപ്പോഴും രണ്ടു പേരുമുണ്ട്. പാര്‍ട്ടിയില്‍ നിന്ന് ഇറക്കി ഒരു തോണിയില്‍ വി.എസിനെ മാത്രം കയറ്റി വിടാനുള്ള മുഖ്യധാരാ മാധ്യമങ്ങളുടെ ആവര്‍ത്തന മിടുക്കുകള്‍ പരാജയപ്പെട്ടു.
പാര്‍ട്ടിയുടെ ‘അടച്ചുറപ്പാക്കിയ’ ഘടനയില്‍ നിന്ന് വി.എസിനെ ഇറക്കിക്കൊണ്ടു വന്ന് മാധ്യമങ്ങള്‍ നിര്‍മ്മിച്ച റബ്ബര്‍ വള്ളങ്ങളില്‍ കയറാന്‍ വി.എസ് വിസമ്മതിച്ചു. മലയാള മനോരമ, മാതൃഭൂമി, ഏഷ്യാനെറ്റ് തുടങ്ങി പാര്‍ട്ടി വിഭാഗീയതയെ ഏറെ പരിപോഷിപ്പിച്ച മാധ്യമവ്യൂഹങ്ങളെ പരാജയപ്പെടുത്തി എന്നതാണ് വി.എസിന്റെ രാഷ്ട്രീയ വിജയം.
വി.എസ് അച്ചുതാനന്ദനും പിണറായി വിജയനും
‘നിരന്തരമായ പ്രചോദന’മായി വി.എസിനെ അവതരിപ്പിച്ചിട്ടും, പാര്‍ട്ടിയേക്കാള്‍ തലപ്പൊക്കമുള്ള ഒരാളായി വി.എസിനെ ചിത്രീകരിച്ചിട്ടും, മാധ്യമങ്ങളുടെ വാഴ്ത്തുപാട്ടില്‍ വി.എസ് പാര്‍ട്ടി വിട്ടില്ല. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് 100 വയസ്സാണെങ്കില്‍, 97 ആയി വി.എസിന്. ‘കേരളത്തിലെ ജനങ്ങള്‍ക്ക് ശാപമായി’ വിമോചന സമരം മുതല്‍ വലതുപക്ഷ മാധ്യമങ്ങളുടെ നിരന്തരമായ അവതരണത്തെ സി.പി.എം അതിജീവിച്ചതു പോലെ വി.എസും അതിജയിച്ചു.
മാധ്യമങ്ങള്‍ നിര്‍മ്മിച്ച ഊതി വീര്‍പ്പിച്ച റബ്ബര്‍ വള്ളങ്ങളില്‍ പുന്നപ്രയിലെ സമരനായകന്‍ കയറിയില്ല. എം.വി.ആറിനോ ഗൗരിയമ്മയ്‌ക്കോ ചരിത്രം കാത്തു വെച്ചത് പോലെയുള്ള ‘ചെറിയ ചെറിയ തുരത്തുകളില്‍’ ഏതോ ‘വാല്‍’ പാര്‍ട്ടിയുടെ നേതാവായി വി.എസിനെ സങ്കല്‍പിച്ചു നോക്കൂ. പിന്നീട് ‘വ്യക്തിപരമായി’ പേറേണ്ടി വരുന്ന രാഷ്ട്രീയമായ ഏകാന്തവാസത്തില്‍ നിന്ന് പാര്‍ട്ടി വി.എസിനെ രക്ഷിച്ചു, വി.എസ് പാര്‍ട്ടിയേയും.
വി.എസ് അച്ചുതാനന്ദന്‍
വി.എസ് ഇല്ലാത്ത പാര്‍ട്ടി ഏകാന്തമായ ഒരു പാര്‍ട്ടിയാണ്. വര്‍ഗ്ഗസമരവും ജാതിവിരുദ്ധ സമരവും കോര്‍പറേറ്റ് വിരുദ്ധ സമരവും ഒരു പോലെ സമന്വയിപ്പിക്കുന്ന രാഷ്ട്രീയ നിലപാട് പാര്‍ട്ടി ‘അടവുനയ’ങ്ങള്‍ക്കിടയില്‍ ഉദാസീനമായി ഉപേക്ഷിച്ചിട്ടുണ്ട്. ഈ ഉദാസീനമായ മറവിയെ ‘ഓര്‍മയുടെ രാഷ്ട്രീയം’കൊണ്ട് തിരുത്തുകയാണ് വി.എസ്.
‘വെട്ടിനിരത്തിലിന്റെ’ ഒരു പാര്‍ട്ടി പ്രതിച്ഛായയില്‍ നിന്ന് ‘ഭാവിയുടെ രാഷ്ട്രീയ’ത്തിലേക്കുള്ള വി.എസിന്റെ മാറ്റം ചരിത്രത്തെ സംബന്ധിച്ച് ഏറെ നിര്‍ണ്ണായകമാണ്. വികസന നയങ്ങള്‍ സൃഷ്ടിക്കപ്പെടുന്ന പ്രകൃതിജന്യവും മാനുഷികവുമായ ദുരന്തങ്ങളിലേക്ക് വി.എസ് പാര്‍ട്ടിയുടെ ശ്രദ്ധ ക്ഷണിച്ചു.’ പ്രകൃതി സൗഹൃദ വികസനം’ എന്ന ഒരു രാഷ്ട്രീയ നിലപാട് അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചു.
പ്രകൃതിയെ അതേ പോലെ ഭാവി തലമുറക്ക് മാറുക എന്ന മാര്‍ക്‌സിയന്‍ പ്രചോദനം ഈ പാരിസ്ഥിക രാഷ്ട്രീയത്തിലുണ്ട്. കുന്നും മലകളും കയറി, പാരിസ്ഥികമായ ജൈവ രാഷ്ട്രീയം അദ്ദേഹം പാര്‍ട്ടിയെ പഠിപ്പിച്ചു. ‘കുലം കുത്തി’ എന്ന് പിണറായി വിശേഷിപ്പിച്ച ടി.പി ചന്ദ്രശേഖരന്റെ വീട്ടിലേക്ക് അദ്ദേഹം പോയി, ‘സാന്ത്വനത്തിന്റെ രാഷ്ട്രീയം’ പാര്‍ട്ടിയെ പഠിപ്പിച്ചു.
കെ.കെ. രമയെ സന്ദര്‍ശിക്കാനെത്തിയ വി.എസ്
മൂന്നാര്‍ പെമ്പിളൈ സമരത്തില്‍ പോയി കീഴാള ജനതയുടെ സ്ത്രീ, തൊഴില്‍ ദുരന്തങ്ങള്‍ക്ക് ഇരയാക്കപ്പെടുന്ന സ്ത്രീകളോടൊപ്പം ഇരുന്ന് ‘സ്ത്രീകളുടെ രാഷ്ട്രീയം’ വി.എസ് പാര്‍ട്ടിയെ പഠിപ്പിച്ചു. സ്വതന്ത്ര സോഫ്റ്റ് വെയര്‍ വക്താവ് റിച്ചാള്‍ഡ് സ്റ്റാള്‍മാനെ മുഖ്യമന്ത്രിയായിരിക്കേ ഓഫീസില്‍ വിളിച്ചു വരുത്തി ‘ടെക്‌നോളജിയുടെ രാഷ്ട്രീയം’ അദ്ദേഹം പാര്‍ട്ടിയെ പഠിപ്പിച്ചു. അങ്ങനെ പാര്‍ട്ടിയില്‍ ‘വിഭാഗീയമായ വെട്ടിനിരത്തലിന്റെ ആചാര്യനായി അറിയപ്പെട്ട വി.എസ്, ‘ഭാവി തലമുറയ്ക്ക് വേണ്ടി’ തന്റെ പാര്‍ട്ടി ബോധത്തെ നിക്ഷേപിച്ചു.
ഒരു ജനതയുടെ വിമോചന സ്വപ്നമായി ‘വി.എസ് ഉള്ള പാര്‍ട്ടി’ വിപുലമായ സംഘടനാ അടിത്തറയില്‍ ഇപ്പോഴും നില നില്‍ക്കുന്നു. ലാഭക്കൊതിയിലും ആര്‍ത്തിയിലും അധികാരം നിലനിര്‍ത്താനുള്ള അടവു നയങ്ങളിലും പാര്‍ട്ടിയുടെ ‘ചില താല്‍പര്യങ്ങള്‍’ മാറുമ്പോഴും,
‘കേരളത്തിന്റെ പ്രചോദന’മായി വി.എസ് ആ പാര്‍ട്ടിയിലുണ്ട്. ഇടതുപക്ഷമല്ലാതെ ഒരു ചോയ്‌സ് രാഷ്ട്രീയമായി മലയാളികള്‍ക്ക് മുന്നിലില്ല.
വി.എസ് മൂന്നാറിലെ പെണ്‍പിള ഒരുമൈ സമരത്തില്‍
എന്നാല്‍, മറ്റൊരു വൈയക്തികമായ ഓര്‍മ പങ്കുവെക്കാനുള്ള രാഷ്ട്രീയ സന്ദര്‍ഭം കൂടിയാണിത്. എം.എന്‍ വിജയന്‍ ദേശാഭിമാനി വാരികയുടെ പത്രാധിപ സ്ഥാനത്തു നിന്ന് രാജി വെച്ച ദിവസം ഈ ലേഖകന്‍ വിജയന്‍ മാഷുടെ കൊടുങ്ങല്ലൂരെ വീട്ടിലുണ്ടായിരുന്നു. വിജയന്‍ മാഷുമായി തുടര്‍ച്ചയായി രാഷ്ട്രീയ സംവാദങ്ങള്‍ നടക്കുന്ന സമയമായിരുന്നു, അത്. മാഷുടെ ലാന്‍ഡ് ഫോണില്‍ പലരും വിളിക്കുന്നുണ്ട്. മാഷ് പലരോടും പ്രശസ്തമായ ആ ചിരിയോടെ മറുപടി പറഞ്ഞ് ഫോണ്‍ വെക്കുന്നു.
ഇടയില്‍ ഒരു ഫോണ്‍. മാഷ് നിശബ്ദമായി എന്തോ കേള്‍ക്കുന്നു. മറുപടിയൊന്നും പറയുന്നില്ല. ഫോണ്‍ വെച്ച്, ഡോ.അബ്ദുല്‍ അസീസ് സമ്മാനമായി നല്‍കിയ മനോഹരമായ ചാരുകസേരയില്‍ ഇരുന്ന്, കണ്ണടച്ച് എന്തോ ആലോചിച്ച ശേഷം, ആത്മഗതം പോലെ പറഞ്ഞു:
‘വി.എസ്.ആണ്.’
‘വി.എസ് എന്താണ് പറഞ്ഞത്?’
ഒടുക്കത്തെ ആകാംക്ഷയോടെ മാഷോട് ചോദിച്ചു. മാഷ് ചിരിക്കുക മാത്രം ചെയ്തു… ആ ചോദ്യത്തിന് മറുപടിയൊന്നും പറഞ്ഞില്ല. പിന്നീട് പല സന്ദര്‍ഭങ്ങളിലും എം.എന്‍.വിജയന്‍ മാഷോട് ‘വി.എസ് എന്താണ് പറഞ്ഞത്?’ എന്ന് ചോദിച്ചുവെങ്കിലും അദ്ദേഹം മറുപടി വിശിഷ്ടമായ ആ ചിരിയിലൊതുക്കി.
എം.എന്‍ വിജയന്‍
ഈ കുറിപ്പെഴുതിത്തീര്‍ന്നപ്പോള്‍, വിജയന്‍ മാഷുടെ മകനും എഴുത്തുകാരനും ഈ ലേഖകന്റെ ആത്മബന്ധുവുമായ വി.എസ് അനില്‍കുമാറിനെ വിളിച്ചു: ‘വി.എസ് വിജയന്‍ മാഷെ വിളിച്ചിരുന്നതായി മാഷ് പറഞ്ഞിരുന്നു. വി.എസ് എന്താണ് പറഞ്ഞതെന്നു മാത്രം മാഷ് പറഞ്ഞില്ല. അനിയേട്ടനോട് മാഷ് പറഞ്ഞിരുന്നോ?’
‘രണ്ടോ മൂന്നോ തവണ വി.എസ് അച്ഛനുമായി ഫോണിലൂടെ സംസാരിച്ചിരുന്നു. എന്നാല്‍, വി.എസ് എന്താണ് സംസാരിച്ചത് എന്ന് അച്ഛന്‍ ഒരിക്കലും പറഞ്ഞിരുന്നില്ല. ക്ഷേമാന്വേഷണം മാത്രമായിരിക്കാം ‘.
ഒരു പക്ഷെ, വിജയന്‍ മാഷ് എന്റെ അഭിമുഖ സംഭാഷണ ജീവിതത്തില്‍ ഉത്തരം നല്‍കാതിരുന്ന ഒരേയൊരു ചോദ്യം അതാണ്. ഓര്‍മകള്‍ക്ക് ജൈവികമായ ഒരു രാഷ്ട്രീയം കൂടിയുണ്ട്. ‘ചോദ്യങ്ങളുടെ തിരഞ്ഞെടുപ്പു’കളെ ‘മൗനത്തിന്റെ രാഷ്ട്രീയം’ കൊണ്ട് തിരസ്‌കരിക്കാം എന്ന വിശുദ്ധമായ മറുപടിയായിരുന്നു, വിജയന്‍ മാഷുടെ ആ ചിരി.
വി.എസിന് 97 വയസ്സ്.
സഖാവെ, അഭിവാദ്യങ്ങള്‍.
Content Highlight: Thaha Madayi Opinion On M.N Vijayan and V.S Achudanandan