പിണറായി@75 :- വല്യേട്ടന്‍, കപ്പിത്താന്‍, നായക നിര്‍മ്മിതിയുടെ രാഷ്ട്രീയം
Focus on Politics
പിണറായി@75 :- വല്യേട്ടന്‍, കപ്പിത്താന്‍, നായക നിര്‍മ്മിതിയുടെ രാഷ്ട്രീയം
താഹ മാടായി
Wednesday, 27th May 2020, 9:12 pm
പിണറായിക്ക് 75 വയസ്സ് പൂര്‍ത്തിയാവുമ്പോള്‍, കേരളത്തെ രാഷ്ട്രീയമായി പ്രചോദിപ്പിച്ച ഒരു പാര്‍ട്ടിയുടെ നേതാവ് എന്ന നിലയില്‍, പിണറായിയെ ഇടത് രാഷ്ട്രീയ സമൂഹത്തിന്റെ കേന്ദ്ര ബിന്ദുവായി തന്നെ നിര്‍ത്തി ആശംസകള്‍ നേരേണ്ടതുണ്ട്. കേന്ദ്ര ഭരണകൂടത്തിന്റെ മനുഷ്യപ്പറ്റില്ലാത്ത നയങ്ങളെ പ്രതിരോധിച്ചു നിര്‍ത്തുന്നത് ഇപ്പോഴും പിണറായിയുടെ ഇടത് ബോധ്യമാണ്.

മലയാളികള്‍ക്കിടയില്‍ ഇപ്പോള്‍ പുതിയൊരു രാഷ്ട്രീയഭക്തി തുടങ്ങിയിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനോടുള്ള ഭക്തിയാണത്. ‘ കപ്പിത്താന്‍’ എന്ന പേരില്‍ ഒരു യുവ കവി കവിത പോലും എഴുതുകയുണ്ടായി. ആ കവിത സോഷ്യല്‍ മീഡിയകളില്‍ പിണറായിയുടെ ഫോട്ടോ വെച്ച് വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയുമുണ്ടായി.

ചിലര്‍ മമ്മൂട്ടിയുടെയും പിണറായിയുടെയും ചിത്രങ്ങള്‍ ചേര്‍ത്ത് – വല്യേട്ടന്‍ ‘ ആയി അവതരിപ്പിക്കുന്നു. പതിവ് പോലെ പ്രളയകാലത്തെ അതിജീവനത്തെ അനുസ്മരിച്ച് കേരളത്തെ ഒരു തോണിയില്‍ കയറ്റി അമരത്തിരുന്ന് കര പിടിക്കാന്‍ പിണറായി തുഴയുന്ന തോണി ചിത്രങ്ങളും പ്രത്യക്ഷപ്പെട്ടു.

അബ്ദുല്‍ സലാം എന്ന യുവകവി കൊവിഡ് കാലത്തെ പിണറായി ഭാഷയെ സൂക്ഷ്മമായി നിര്‍ദ്ധാരണം ചെയ്യുന്ന ലേഖനം തന്നെയെഴുതി. അകാരണമായി പിണറായിയെ ഇഷ്ടമല്ലാതിരുന്ന ഒരു മാധ്യമസുഹൃത്ത് സ്വകാര്യ സംഭാഷണത്തില്‍ പറയുകയുണ്ടായി: ഇപ്പോള്‍ പിണറായിയുടെ വൈകുന്നേരത്തെ പത്രസമ്മേളനം ഞാന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നു. ഒട്ടും അതിശയോക്തികള്‍ ഇല്ലാതെ കാര്യങ്ങള്‍ പറയുന്നു’.

ഇതൊന്നും തന്നെ പിണറായി വിജയന്‍ ആഗ്രഹിച്ചു സംഭവിക്കുന്ന കാര്യങ്ങളല്ല. കാരണം, ഭക്തി തിരിച്ചിട്ടാല്‍ വിഭക്തിയുമാകും.

എന്നിട്ടും, എന്തുകൊണ്ടാണ് പിണറായിക്കു വേണ്ടി പി.ആര്‍ വര്‍ക് നടക്കുന്നു എന്ന് പ്രതിപക്ഷം നിരന്തരം ആരോപിക്കുന്നത്? അത്തരമൊരു വ്യാജ വാര്‍ത്ത തുടര്‍ച്ചയായി വിടുന്നതില്‍ ‘തട്ടിവിടല്‍’ രാഷ്ട്രീയ ലക്ഷ്യമാണുളളത്. അത് ലളിതമായ ആഖ്യാനം ചമക്കല്‍ മാത്രമാണ്. ഒരു രാഷ്ട്രീയ ജനതയായ് കേരളത്തെ മാറ്റുന്നതില്‍ ചെറിയ ഭാവനകള്‍ മാത്രം ചെയ്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്.

മുസ്‌ലിം ലീഗ് കേരളത്തില്‍ നടത്തിയ രാഷ്ട്രീയനവോത്ഥാനം പോലും കോണ്‍ഗ്രസില്‍ നിന്നുണ്ടായില്ല. മുസ്‌ലിം ലീഗ് വിജയിപ്പിക്കുന്നതാണ് കോണ്‍ഗ്രസ് രാഷ്ട്രീയം. ഗ്രൂപ്പ് സമവാക്യങ്ങളുടെ ഔദാര്യം കാത്ത് അധികാര ലബ്ധിക്കായി കക്ഷത്തില്‍ ഡയറിയും വെച്ച് നടക്കുന്ന ഒരു ഖദര്‍ ധാരി – ചിത്രം വ്യക്തമാണ്.

അല്ലെങ്കില്‍ അച്ഛന്‍ ഒഴിഞ്ഞ കട്ടിലില്‍ കയറി കിടക്കുന്ന ‘അച്ഛനും ജനാധിപത്യത്തിനുമിടയിലെ’ അവസരമുതലെടുപ്പുകാരായ മക്കള്‍ പ്രതിനിധികള്‍. കെ.മുരളീധരന്‍ മുതല്‍ ശബരീനാഥന്‍ വരെയുള്ള ആ ‘കട്ടില്‍ പ്രതിനിധികള്‍’ ആണ് പിണറായിയെ രാഷ്ട്രീയ സദാചാരത്തെ ഓര്‍മിപ്പിക്കുന്നത്.

പ്രതിപക്ഷം ഭയക്കുന്നത്, പത്രക്കാരെ ദൂരെ നിര്‍ത്തുമ്പോഴും നിരന്തരവും തല്‍ക്ഷണവുമായ മാധ്യമ ശ്രദ്ധ പിണറായിക്ക് കിട്ടുന്നതാണ്. അത് നെഗറ്റീവുമല്ല. ജനാധിപത്യ മണ്ഡലത്തില്‍ ബഹുലമായ ഒരു സ്വാധീനം പിണറായി ഇപ്പോള്‍ സൃഷ്ടിക്കുന്നു. പൊതു വ്യവഹാരങ്ങളില്‍ അത്രയും സ്വാധീനം ജനപ്രിയ രാഷ്ട്രീയബിംബമായ ഉമ്മന്‍ ചാണ്ടിക്ക് പോലും ഇപ്പോള്‍ സാധിക്കുന്നില്ല.

പത്രക്കാരുടെ തോളില്‍ കയ്യിട്ടു നടത്തുന്ന ‘ ലോഹ്യ വര്‍ത്തമാനം’ പൊതു മണ്ഡലത്തെ ഇപ്പോള്‍ പ്രചോദിപ്പിക്കുന്നില്ല എന്നതാണ് സത്യം. ജാതി, മതം, സത്വം, പല തട്ടുകളായി വിഭജിക്കപ്പെട്ട കേരളത്തില്‍ സൂക്ഷ്മമായ അടിസ്ഥാനാവശ്യങ്ങളെക്കുറിച്ച് വ്യക്തികള്‍ ബോധവാന്മാരാണ്. ഈ ബോധം സൃഷ്ടിക്കുന്നതില്‍ പിണറായിക്ക് / പാര്‍ട്ടിക്ക് സാധിച്ചിട്ടുണ്ട്.

കേരളത്തില്‍ ഏറ്റവും വലിയ ‘ആള്‍ക്കൂട്ടത്തെ ‘ (തിരഞ്ഞെടുപ്പ് കാലത്ത് സി.പി.ഐ (എം) സെക്രട്ടറിയായിരുന്ന കാലത്ത് നടത്തിയ പാര്‍ട്ടി ജാഥകള്‍) അഭിസംബോധന ചെയ്യാറുള്ള പിണറായി വിജയന്‍ ‘ നേതാവ്’ ആയല്ല ഇപ്പോള്‍ നടത്തുന്ന പത്രസമ്മേളനത്തില്‍ ഇരിക്കുന്നത്. മിക്കവാറും ടെലിവിഷന് മുന്നിലിരിക്കുന്ന വീട്ടമ്മമാരോടുള്ള സംബോധനകളാണവ.

വീട്ടിലെ കൂട്ടം ‘പാര്‍ട്ടിയിലെ കൂട്ടം ‘ അല്ല എന്ന ഉറച്ച ബോധ്യം ആ വാക്കുകളില്‍ ഉണ്ട്.’ ‘പാര്‍ട്ടി’ എന്ന വാക്ക് തീരെ വരാതിരിക്കാന്‍ ഈ സായാഹ്നങ്ങളില്‍ / മുഖ്യമന്ത്രിയായി സംസാരിക്കുന്ന നേരങ്ങളിലൊക്കെ പിണറായി ശ്രദ്ധിക്കുന്നു.

‘പാര്‍ട്ടി’ എന്നു പറയാന്‍ ഏറ്റവും കുടുതല്‍ വാ തുറന്ന നേതാവാണ് പിണറായി എന്നു കൂടി ഓര്‍ക്കുക. വി എസ് / പിണറായി വിഭാഗീയത എന്ന് മാധ്യമങ്ങള്‍ നിരന്തരം ആഘോഷിച്ചതും വി. എസ് / പാര്‍ട്ടി വിഭാഗീയതയായി പാര്‍ട്ടി അണികള്‍ ഔദ്യോഗികമായി അംഗീകരിക്കാന്‍ ശ്രമിച്ചതുമായ ആ സമീപ ഭൂതകാലത്ത് ‘പാര്‍ട്ടി അമ്മയാണ് ‘ എന്ന് പറഞ്ഞ പിണറായി, ഇപ്പോഴത്തെ പത്ര സമ്മേളനങ്ങളില്‍ കാണികളായി ടെലിവിഷന് മുന്നിലിരിക്കുന്നത് ‘അമ്മ ‘മാരാണ് എന്ന ചിന്ത ഉളളില്‍ വെച്ചു കൊണ്ടു തന്നെയാവണം.

പാര്‍ട്ടിയിലെ അമ്മമാര്‍ മാത്രമല്ല ടെലിവിഷനു മുന്നില്‍ ഇരിക്കുന്നത്. ഈ തിരിച്ചറിവ് പ്രതിപക്ഷത്തിനുണ്ട്. ഇടക്കിടെ ചില നമ്പറുകള്‍ ഇറക്കി പിണറായിയുടെ പ്രതിച്ഛായ തകര്‍ക്കുന്നത് ,’അമ്മ മനസ്സുകള്‍ ‘എന്നേക്കുമായി കോണ്‍ഗ്രസ്സിന് നഷ്ടപ്പെടുമോ എന്ന ഭയം കൊണ്ടാണ്. കേരളത്തിലെ അമ്മമാരുടെ മനസ്സ് യു.ഡി .എഫിന് നഷ്ടമായി, ചെറുപ്പക്കാരെയെങ്കിലും കളിവാക്കുകള്‍ പറഞ്ഞു പിടിച്ചു നിര്‍ത്താം എന്ന സ്വപ്ന ലോകത്തെ ബാലഭാസ്‌കരന്‍ കളിയാണ് രമേശ് ചെന്നിത്തലയും സംഘവും പയറ്റുന്നത്.

ഇടക്ക് അവരതില്‍ മേല്‍ക്കൈ നേടിയിരുന്നു. എന്നാല്‍, പി.ടി.തോമസ് വന്ന് ഒറ്റയടിക്ക് എല്ലാം നശിപ്പിച്ചു കളഞ്ഞു. ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതാവായിരിക്കുമ്പോള്‍ അവസാന നാളുകളില്‍ വി.ഡി സതീശന്‍ നടത്തിയ പത്രസമ്മേളനങ്ങളും ന്യൂസ് അവര്‍ ഇടപെടലുകളും തോമസ് ഐസക്കുമായി നടത്തിയ ലോട്ടറി സംവാദങ്ങളുമാണ് ഉമ്മന്‍ ചാണ്ടിയെ മുഖ്യമന്ത്രി പദത്തിലെത്തിച്ചത്.

മുഖ്യമന്ത്രിയായ ഉമ്മന്‍ ചാണ്ടി വി.ഡി സതീശനെ കയ്യാലപ്പുറത്തിരുത്തി. വി.ഡി സതീശനും ടി.എന്‍ പ്രതാപനുമൊക്കെ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ ഉണ്ടായിരുന്നെങ്കില്‍ സരിതാ നായര്‍, ബാര്‍ വിഷയം – ഇതിലൊക്കെ പെട്ട് ആ മന്ത്രിസഭയുടെ വിശ്വാസ്യത നഷ്ടമാകുമായിരുന്നോ എന്ന ചോദ്യം പശ്ചാത്തലത്തില്‍ ഉണ്ട്.

വി.ഡി.സതീശനെയും ശബരീനാഥനെയും ന്യൂസ് അവറിലേക്ക് വിട്ട് ഒരു തിരിച്ചു വരവിന് ശ്രമിക്കുകയാണ് രമേശ് ചെന്നിത്തല. പക്ഷെ, ന്യുസ് അവര്‍ രാത്രികള്‍ പഴയ പോലെ തിളക്കുന്ന കാലമല്ല. ചാനല്‍ ക്യാമറ എത്തിയതിന് തൊട്ടുപിന്നാലെ സ്മാര്‍ട്ട് ഫോണ്‍ ക്യാമറയുമായി ‘പൗരന്‍ ‘ എത്തുന്നുണ്ട്. ഈ ‘പൗരവാര്‍ത്ത’ ഇപ്പോള്‍ പിണറായിക്കനുകൂലമാണ്. അത് പാര്‍ട്ടിക്കനുകൂലമാണ് എന്നര്‍ഥമില്ല. പക്ഷെ, പാര്‍ട്ടിയെന്നാല്‍ പിണറായിയാണ്, ചില സന്നിഗ്ദ്ധ ഘട്ടങ്ങളില്‍.

രണ്ട്:

ഷൈലജ ടീച്ചര്‍, മുഖ്യമന്ത്രി ഇരിക്കുമ്പോള്‍ സംസാരിക്കുന്നില്ല. ഏറ്റവും നന്നായി സംസാരിക്കാനറിയാം, ടീച്ചര്‍ക്ക്. എന്നാല്‍, ശൈലജ ടീച്ചറെ ദേശീയ മാധ്യമങ്ങളില്‍ ‘വിജയിച്ച ഒരു പാര്‍ട്ടി / സ്റ്റേറ്റ് പ്രതീകമായി’ അവതരിപ്പിക്കുന്നുണ്ട്.

സി. പി.എം ഒരു ആണ്‍ പാര്‍ട്ടിയാണ്. സെമിറ്റിക് മതം പോലെ ഒരു ആണ്‍ പൗരോഹിത്യം വാഴുന്ന പാര്‍ട്ടി.( ‘പാര്‍ട്ടി അമ്മ’യാണെങ്കിലും പാര്‍ട്ടിയില്‍ വലിയ പദവികളില്‍ ഒരമ്മയേയും വാഴാന്‍ ആ പാര്‍ട്ടി വിട്ടിട്ടുമില്ല, ഇനി വിടുകയുമില്ല). കാരണം, ‘വിരട്ടല്‍’ എന്ന മെയ്ല്‍ ഷോവ്‌നിസം അടിത്തട്ടില്‍ പരന്നു പടര്‍ന്നു കയറിയ കുടുംബ സമ്പ്രദായമാണ് കേരളത്തില്‍.

ഈ ആണ്‍കരുത്തിനെ പൂവിട്ടു തൊഴുന്നവരാണ് മിക്കവാറും സ്ത്രീകള്‍. ‘സംസാരിക്കുന്ന സ്ത്രീ’യെ കേരളത്തിലെ ശാലീന / ഗ്രാമീണ / കുല സ്ത്രീകള്‍ക്ക് ഇഷ്ടമല്ല. ‘ആണിരിക്കുമ്പോള്‍ അവള്‍ സംസാരിക്കുന്നത് കണ്ടില്ലേ’ അതാണ് കുടുംബ ലൈന്‍. പാര്‍ട്ടി ലൈനും അങ്ങനെയാണ്. മുണ്ടു മാടിക്കുത്തി, മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ച് കടല്‍ പോലെ വരുന്ന ആണുങ്ങള്‍- അതാണ് പാര്‍ട്ടി.

ആ ആണിരമ്പങ്ങളില്‍ സ്ത്രീകള്‍ കാണികളാണ്. പിണറായി വിജയന്റെ പത്ര സമ്മേളനം കണ്ട് ടെലിവിഷന് മുന്നിലിരിക്കുന്ന സ്ത്രീകളെപ്പോലെ. അവിടെ സ്ത്രീകള്‍ സംസാരിക്കരുത്. പുരുഷന്മാര്‍ സംസാരിക്കുന്നത് ഇഷ്ടപ്പെടുന്നവരാണ് കേരളത്തിലെ ‘അമ്മ മനസ്സു’കള്‍.

അതു കൊണ്ട് പിണറായിയെ കേള്‍ക്കാനാണ് അമ്മമാര്‍ക്കിഷ്ടം. പറയാന്‍ അധികാരമുള്ള, പ്രബലനായ ഒരു നേതാവായി സ്ത്രീകള്‍ പിണറായിയെ കാണുന്നു.തോമസ് കാര്‍ ലൈന്‍ പറയുന്ന Great Man theory- പ്രബലന്മാരായ ആളുകള്‍ ചരിത്രമുണ്ടാക്കുന്നു എന്ന് വിശദീകരിക്കുന്നതു പോലെ, aggressive ആയി, ഒരു തരം കടുംപിടുത്തത്തോടെ സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് ഫലപ്രദമായ നടപടികള്‍ ഉറപ്പു വരുത്തുന്ന നേതാവ് ആയി മലയാളികള്‍ പിണറായിയെ കാണുന്നു.

മൂന്ന്:

പിണറായി വിജയന്‍ സംസാരിക്കുമ്പോള്‍, പത്രപ്രവര്‍ത്തകര്‍ വെറും മൂകസാക്ഷികള്‍ മാത്രമാണ്. പത്രപ്രവര്‍ത്തകര്‍ എന്ത് ചോദിക്കും? ചോദിക്കാവുന്ന ചോദ്യങ്ങളുടെയെല്ലാം ഉത്തരങ്ങളാണ് ആ പത്ര സമ്മേളനം. ന്യൂസ് അവറിലെ വിരട്ടല്‍ വിദഗ്ദ്ധന്മാര്‍ക്ക് പിണറായിപ്പോലെ കരുത്തനായ ഒരാളെ ബാലിശമായ ചോദ്യങ്ങളുമായി അഭിമുഖീകരിക്കാനാവില്ല.

പിന്നെ ചെയ്യാവുന്നത് ‘പുകമറ’യ്ക്കുള്ളില്‍ നിര്‍ത്തിയുള്ള അവതരണങ്ങളാണ്. അത് താല്‍ക്കാലികമായി വിജയിച്ചുവെന്ന് തോന്നുമെങ്കിലും, ശാശ്വത വിജയം സാധ്യമല്ല. വിജയിച്ച ഒരേയൊരാള്‍, വി.എസ് മാത്രമാണ്. പക്ഷെ, വി.എസ് പാര്‍ട്ടിയിലാണ്. പിണറായി വിജയന്‍ ആദരവോടെ കാണുന്ന സഖാവുമാണ്.

നാല്:

പിണറായി വിജയന്‍ പത്രസമ്മേളനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഊന്നല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തവരുടെ പേര് പറയലാണ്. ‘ചെറു സമ്പാദ്യ ശീലര്‍ ‘ നല്‍കുന്ന സംഭാവനകള്‍ മുഖമന്ത്രി പ്രശംസയോടെ എടുത്തു പറയുന്നു. ഉദാ: വയനാട്ടിലെ മരച്ചീനി കര്‍ഷകന്‍ നല്‍കിയ സംഭാവനയും ഭിന്നശേഷിക്കാര്‍ നല്‍കുന്ന സംഭാവനയും.

വിവാഹ വാര്‍ഷികം പ്രമാണിച്ച് ചിലര്‍ നല്‍കിയ സംഭാവന എടുത്തു പറയുകയും അവര്‍ക്ക് ആശംസകള്‍ നേരുകയും ചെയ്യുന്നു. മലബാറിലെ മുസ്ലിം പള്ളികളില്‍ ‘വഅള്’ (രാ പ്രസംഗം) പരമ്പരയിലെ സംഭാവന വിളിച്ചു പറയല്‍ രീതിയാണ് ഇത്. ഇങ്ങനെ സംഭാവന നല്‍കിയവരുടെ ഇഹലോക / പരലോക വിജയങ്ങള്‍ക്കു വേണ്ടി വഅള് പറയുന്ന ഉസ്താദിന്റെ പ്രത്യേക ദുആ ഉണ്ട്. തലശ്ശേരി മാപ്പിള പൈതൃകം ആഴത്തിലറിഞ്ഞ പിണറായി വിജയന്‍ ഈ രീതിയാണ് അവലംബിക്കുന്നത്.

പിണറായി വിജയന്റെ പത്ര സമ്മേളനം, യെച്ചൂരി വിശേഷിപ്പിച്ചതു പോലെ എല്ലാം സുതാര്യമായി വെളിപ്പെടുത്താനുള്ള ശ്രമമാണ്. പക്ഷെ, അതില്‍ ഒരു നായക നിര്‍മ്മിതിയുടെ അംശം കൂടി പ്രതിഫലിക്കുന്നുണ്ട്. അത് തീര്‍ച്ചയായും ഒരു വാസ്തവമാണ്. സിനിമയായാലും രാഷ്ട്രീയമായാലും ഇനി മതം തന്നെയായാലും ‘നായക ‘ കേന്ദ്രീകൃതമാണ്. അത് വ്യവസ്ഥയുടെ പ്രശ്‌നമാണ്. പിണറായിയും ആ ഫ്രെയിമിലാണ്.

എന്നിട്ടും, എന്തുകൊണ്ട് പിണറായിക്ക് ഇപ്പോള്‍ കിട്ടുന്ന വലിയ ജനവാര്‍ത്തയില്‍ പ്രതിപക്ഷം പി.ആര്‍ വര്‍ക്ക് ആരോപിക്കുന്നത്? അവിടെയാണ് ജോണ്‍ ബ്രിട്ടാസ് എന്ന മാധ്യമ ഉപദേഷ്ടാവിന്റെ നിഴല്‍ അവര്‍ കാണുന്നത്. ഒരു ചാനല്‍ മേധാവി ഉപദേഷ്ടാവായി നില്‍ക്കുമ്പോള്‍ വ്യക്തികള്‍ക്കു ചുറ്റും ഇത്തരം പ്രതീതികള്‍ സൃഷ്ടിക്കുക എളുപ്പമാണ് എന്ന് പ്രതിപക്ഷത്തിനറിയാം.

എന്നാല്‍, അവനവനെ നിരന്തരം എഴുന്നള്ളിക്കാത്ത പിണറായി വിജയനെ ചാനല്‍/ മാധ്യമ വെളിച്ചത്തില്‍ നിര്‍ത്തി പ്രതിച്ഛായ നിര്‍മ്മിതി നടത്താന്‍ ജോണ്‍ ബ്രിട്ടാസിനും സാധിക്കില്ല. പാര്‍ട്ടിയുടേതല്ലാത്ത മറ്റൊരു വരുതിയിലും ഒരു വ്യക്തിക്കും പിണറായിയെ നിര്‍ത്താന്‍ സാധിക്കുമെന്നു തോന്നുന്നില്ല.

പാര്‍ട്ടിക്കു മുന്നില്‍ മാത്രം കീഴടങ്ങുന്ന പ്രാകൃത പാര്‍ട്ടി ബോധം പിണറായിയില്‍ കാണാം. ചിലപ്പോള്‍, വ്യക്തി എന്ന നിലയില്‍ ചിരിപ്പിച്ച സന്ദര്‍ഭങ്ങള്‍ ഉണ്ട്. അതിലൊന്നാണ് വര്‍ഷങ്ങള്‍ക്കു മുമ്പ്/ നടന്ന നവ്യാ നായര്‍ – പിണറായി അഭിമുഖം. പിണറായിയെ പോലെ കരുത്തനായ ഒരു നേതാവിനെ നവ്യാ നായരെപ്പോലെയുള്ള ഒരു നടിയെക്കൊണ്ട് അഭിമുഖം ചെയ്യിക്കാനും ഒടുവില്‍ ഒരു കാവ്യാലാപനത്തില്‍ ആ അഭിമുഖം അവസാനിപ്പിക്കാനുമുള്ള ഭാവന ആരുടേതായാലും, ഒരു ഫലിതബിന്ദു പോലുമായില്ല.

പിണറായിക്ക് 75 വയസ്സ് പൂര്‍ത്തിയാവുമ്പോള്‍, കേരളത്തെ രാഷ്ട്രീയമായി പ്രചോദിപ്പിച്ച ഒരു പാര്‍ട്ടിയുടെ നേതാവ് എന്ന നിലയില്‍, പിണറായിയെ ഇടത് രാഷ്ട്രീയ സമൂഹത്തിന്റെ കേന്ദ്ര ബിന്ദുവായി തന്നെ നിര്‍ത്തി ആശംസകള്‍ നേരേണ്ടതുണ്ട്. കേന്ദ്ര ഭരണകൂടത്തിന്റെ മനുഷ്യപ്പറ്റില്ലാത്ത നയങ്ങളെ പ്രതിരോധിച്ചു നിര്‍ത്തുന്നത് ഇപ്പോഴും പിണറായിയുടെ ഇടത് ബോധ്യമാണ്.

പിണറായിയുമായി വ്യക്തിപരമായ ഒരു കൂടിക്കാഴ്ചയുടെ അനുഭവം വിശേഷമായി തോന്നുന്നു. അദ്ദേഹം ഏറെ ആദരവോടെ കാണുന്ന മേലൂരിലെ സി.രൈരു നായരുടെ വീട്ടില്‍ എതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് (അദ്ദേഹം പാര്‍ട്ടി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ വര്‍ഷം) വിഷുത്തലേന്ന് ( ചെറിയ വിഷു ) പിണറായി വിജയനോടൊപ്പം ഒരു സദ്യയില്‍ പങ്കെടുത്ത ഓര്‍മ്മയാണ്.

രൈരുവേട്ടനെക്കുറിച്ച് പുസ്തകമെഴുതിയ ആള്‍ എന്ന നിലയില്‍ ഈ ലേഖകനും ക്ഷണമുണ്ടായിരുന്നു. ഈ ലേഖകന്‍ ആ ദിവസം ഗള്‍ഫില്‍ നിന്ന് വന്ന ഒരു സുഹൃത്തിനെയും ഒപ്പം കൂട്ടി. ആ സുഹൃത്ത് കടുത്ത പിണറായി ആരാധകന്‍ ആയിരുന്നു. രൈരുവേട്ടന്റെ വീട്ടില്‍ വെച്ച് പിണറായിയെ കണ്ടതും ആ സുഹൃത്ത് സ്വയം പേര് പരിചയപ്പെടുത്തി ഹസ്തദാനത്തിന് കൈ നീട്ടി.

‘കൈയൊക്കെ പിന്നെയാവാം’, പിണറായി പറഞ്ഞു. അത് ആ ചങ്ങാതിയില്‍ വലിയ നിരാശയുണ്ടാക്കി. പിണറായിയുടെ ശൈലി അവനറിയില്ലായിരുന്നു. സദ്യയ്ക്ക് ശേഷം (പിണറായി മത്സ്യ വിഭവങ്ങള്‍ ഏറെ ആസ്വദിച്ചും ക്ഷമയോടെയുമാണ് കഴിച്ചത്. ഭക്ഷണം നേരത്തെ കഴിച്ചവരോട് ‘എഴുന്നേല്‍ക്കാന്‍ തന്നെ കാത്തിരിക്കേണ്ടതില്ലെന്നും ഞാന്‍ മീനൊക്കെ ആസ്വദിച്ച് പതുക്കയേ എഴുന്നേല്‍ക്കുകയുള്ളൂ ,എന്നദ്ദേഹം സ്‌നേഹത്തോടെ പറഞ്ഞു). സദ്യയ്ക്കു ശേഷം രൈരുവേട്ടന്റെ വീട്ടിലെ ആട്ടു തൊട്ടിലില്‍ ഇരിക്കുകയായിരുന്ന ഞങ്ങളുടെ അരികിലേക്ക് പിണറായി വിജയന്‍ വന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നേരത്തെ ഹസ്തദാനത്തിന് കൈ നീട്ടിയ ആ സുഹൃത്തിന് കൈ കൊടുത്തു.’ ഞാന്‍ ഭക്ഷണം കഴിക്കാന്‍ കൈ കഴുകി നില്‍ക്കുമ്പോഴാണ് നിങ്ങള്‍ വന്ന് കൈ നീട്ടിയത്, അത് കൊണ്ടാണ്.’ പിന്നെ കുശലന്വേഷണം, സ്വതസിദ്ധമായ ആ കൈ വീശല്‍.

സുഹൃത്തിനും ആശ്വാസമായി. ‘നമ്മള്‍ ‘ഞാന്‍ ആ സുഹൃത്തിനോട് പറഞ്ഞു, ‘ഒരാള്‍ ഇങ്ങോട്ട് ഹസ്തദാനത്തിന് വരുന്നതു വരെ അങ്ങോട്ട് കൈ നീട്ടരുത് !,

പക്ഷെ, അവന്റെ മറുപടി പെട്ടെന്നായിരുന്നു ,സഖാവ് എന്റെ പാര്‍ട്ടിയുടെ നേതാവല്ലെ?’

പാര്‍ട്ടിയില്‍ അലിഞ്ഞു നില്‍ക്കുമ്പോഴും പിണറായിക്കള്ള ‘പിണറായിത്തം ‘ എന്ന വ്യക്തി ചിട്ടകളുണ്ട്. അഥവാ ,പിണറായി ‘തന്മ’കള്‍.
ഈ ‘പിണറായി തന്മ’യാണ് ആ പത്രസമ്മേളനങ്ങളും. പാര്‍ട്ടിയില്‍ അലിഞ്ഞു നില്‍ക്കുമ്പോഴും തനിച്ചുള്ള നില്‍പാണത്. ഇപ്പോഴുള്ള പ്രതിപക്ഷ ‘കൂട്ട’ത്തിന് ആ ‘ഒറ്റ’ യെ നേരിടാന്‍ കഴിയുമോ എന്നത് രാഷ്ട്രീയ ചോദ്യമാണ്.

ഹസ്തദാനത്തിന് കാത്തിരിക്കുന്നവരുടെയും മടക്കുന്നവരുടെയും ഇടവേളകള്‍. പിണറായിയെ നേരിടാന്‍ രമേശ് ചെന്നിത്തലക്ക് എളുപ്പമല്ല. മുസ്ലിം ലീഗിന് പാര്‍ട്ടി എന്ന നിലയില്‍ അത് സാധിക്കുമായിരിക്കും. മുസ്‌ലിം ലീഗ് ഇടത് പാളയത്തില്‍ ചേര്‍ന്നാല്‍ കോണ്‍ഗ്രസ് കേരളത്തില്‍ വലിയ പരാജയമായിരിക്കുമെന്ന് ആര്‍ക്കാണറിയാത്തത്?

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

 

താഹ മാടായി
എഴുത്തുകാരന്‍