മുംബൈ: മഹാരാഷ്ട്രയില്‍ അട്ടിമറിയിലൂടെ ഷിന്‍ഡെ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെ പ്രതികരണവുമായി എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍. മുന്‍ മുഖ്യമന്ത്രിയും ശിവസേനയിലെ മുതിര്‍ന്ന നേതാവുമായ ഉദ്ധവ് താക്കറെ ഏക് നാഥ് ഷിന്‍ഡെയെ അമിതമായി വിശ്വസിച്ചിരുന്നുവെന്നും ഒരുപക്ഷേ ഇതായിരിക്കാം ഭരണ അട്ടിമറിയില്‍ കലാശിച്ചതെന്നും പവാറിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
അധികാരത്തിലെത്തിയ വഴി പരിശോധിക്കുമ്പോള്‍ മഹാരാഷ്ട്രയിലെ ജനങ്ങള്‍ക്കിടയില്‍ വിശ്വാസ്യത ഉണ്ടാക്കിയെടുക്കുക എന്നതായിരുന്നു മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഏറ്റവും വലിയ വെല്ലുവിളി. ദേവേന്ദ്ര ഫഡ്‌നാവിസിനെ ഉപമുഖ്യമന്ത്രിയാക്കിയതില്‍ അദ്ദേഹത്തിന് അതൃപതിയുണ്ടായിരുന്നെന്നും ശരദ് പവാര്‍ പറഞ്ഞു.
‘ഒരാളെ വിശ്വാസമുണ്ടെങ്കില്‍ അയാള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ വഴിയൊരുക്കുന്ന വ്യക്തിയാണ് ഉദ്ധവ് താക്കറെ. അദ്ദേഹത്തിന്റെ പ്രവര്‍ത്തന രീതി അങ്ങനെയാണ്. നിയമ നിര്‍മാണ സംവിധാനങ്ങളുടെയും പാര്‍ട്ടിയുടെയും പ്രവര്‍ത്തനങ്ങളില്‍ ഏക് നാഥ് ഷിന്‍ഡെയ്ക്ക് പൂര്‍ണ സ്വാതന്ത്ര്യം താക്കറെ നല്‍കിയിരുന്നു. സമ്പൂര്‍ണ ആധിപത്യവും താക്കറെ ഷിന്‍ഡെയ്ക്ക് നല്‍കിയിരുന്നു. ഒരുപക്ഷേ ഇത് നിലവില്‍ മഹാരാഷ്ട്രയില്‍ നടന്ന ഭരണ അട്ടിമറിക്ക് കാരണമായിട്ടുണ്ടാകാം,’ ശരദ് പവാര്‍ പറഞ്ഞു.
എന്ത് വിലകൊടുത്തും അധികാരം ലഭിക്കണം എന്ന മോഹമാണ് ഫഡ്‌നാവിസിനെ ഉപമുഖ്യമന്ത്രി സ്ഥാനത്ത് എത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ ഒരുകാലത്ത് മുഖ്യമന്ത്രിയായും പിന്നീട് പ്രതിപക്ഷ നേതാവായും പ്രവര്‍ത്തിച്ച വ്യക്തിയാണ് ഇപ്പോള്‍ ഉപമുഖ്യമന്ത്രി സ്ഥാനത്ത് എത്തിയിരിക്കുന്നത്. ഈ പ്രഖ്യാപനം ശരിക്കും അത്ഭുതമായിരുന്നു. പക്ഷേ എന്ത് സംഭവിച്ചാലും അധികാരം വേണമെന്ന ചിന്തയുണ്ടായാല്‍ ഫഡ്‌നാവിസിന്റെ കാര്യത്തില്‍ കണ്ടതുപോലെ ഇങ്ങനെയൊക്കെ സംഭവിക്കും,’ അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്രയിലെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേറ്റ ഏക് നാഥ് ഷിന്‍ഡെയെ വിളിച്ചിരുന്നുവെന്നും അഭിനന്ദനങ്ങള്‍ അറിയിച്ചിരുന്നുവെന്നും പവാര്‍ പറഞ്ഞു. 40ലധികം എം.എല്‍.എമാര്‍ ശിവസേന വിട്ടുവെന്ന് ഉറപ്പാക്കാന്‍ ഷിന്‍ഡെയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും നിലവില്‍ ഭരിക്കുന്ന പാര്‍ട്ടിക്കാണ് ഭൂരിപക്ഷമെന്ന കാര്യം മറ്റ് പാര്‍ട്ടികള്‍ അംഗീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
’40ലധികം എം.എല്‍.എമാര്‍ ഷിന്‍ഡെയ്‌ക്കൊപ്പം ചേര്‍ന്നെന്ന് ഉറപ്പാക്കാന്‍ അദ്ദേഹത്തിനായി. നിലവിലെ മഹാരാഷ്ട്രയിലെ ഭരണ പാര്‍ട്ടിക്കാണ് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷമുള്ളതെന്ന കാര്യം മറ്റ് പാര്‍ട്ടികളും ഉള്‍ക്കൊള്ളേണ്ടതുണ്ട്. ഇതാണ് വസ്തുത,’ പവാര്‍ വ്യക്തമാക്കി.
ഭരണ അട്ടിമറിയ്ക്ക് പുറമെ പ്രതിപക്ഷ പാര്‍ട്ടികളെയും നേതാക്കളെയും ഇ.ഡി ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടുന്നുണ്ടെന്നും പവാര്‍ ആരോപിച്ചു.
‘ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് മുന്‍പായി സമര്‍പ്പിച്ച സ്വത്ത് വിവരങ്ങളില്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഇന്‍കം ടാക്‌സില്‍ നിന്ന് ഫോണ്‍ വന്നിരുന്നു. 2004, 2009, 2019 എന്നീ വര്‍ഷങ്ങളിലെ ലോക്‌സഭ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച സമയത്ത് കാണിച്ച സ്വത്ത് വിവരങ്ങളിലാണ് ഇപ്പോള്‍ ഇന്‍കം ടാക്‌സ് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്,’ പവാര്‍ പറഞ്ഞു.
ഗവര്‍ണര്‍ ഭഗത് സിങ് കോശിയാരിയെയും പവാര്‍ വിമര്‍ശിച്ചു. ഗവര്‍ണറുടെ ഓഫീസിന്റെ പേരും വിശ്വാസ്യതയും കൊണ്ടുവരുന്നതിന് ഗവര്‍ണര്‍ ശ്രദ്ധിക്കണമെന്നും അതിനായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഷിന്‍ഡെ മുഖ്യമന്ത്രിയായതില്‍ അത്ഭുതമില്ലെന്ന് കോണ്‍ഗ്രസും ശിവസേനയും പ്രതികരിച്ചു.
‘ഏക് നാഥ് ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കുമെന്ന കാര്യം നേരത്തെ വ്യക്തമായിരുന്നു. ഇതായിരുന്നിരിക്കാം അവര്‍ തമ്മിലുണ്ടായ ഡീല്‍. അല്ലെങ്കില്‍ സൂറത്തെന്നും ഗുവാഹത്തിയെന്നുമൊക്കെ പറഞ്ഞ് ഇത്രയധികം എം.എല്‍.എമാര്‍ ഓടിനടക്കേണ്ട കാര്യം എന്തായിരുന്നു. അവര്‍ കഴിഞ്ഞ ഒരു വര്‍ഷക്കാലമായി ഒരു ഡീലിന്റെ പിന്നിലാണ് പ്രവര്‍ത്തിച്ചിരുന്നത്,’ ശിവസേന എം.പി സഞ്ജയ് റാവത്ത് പറഞ്ഞു.