Advertisement
Sports News
വിരാട് ഇല്ലെങ്കില്‍ ഇന്ത്യ ഇത്രയേ ഉള്ളൂ? ഇന്ത്യയുടെ ആകെ റണ്‍സ് 10,702, ജോ റൂട്ടിന് മാത്രമുള്ളത് 11,174
സ്പോര്‍ട്സ് ഡെസ്‌ക്
2024 Jan 31, 12:16 pm
Wednesday, 31st January 2024, 5:46 pm

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റിനാണ് കളമൊരുങ്ങുന്നത്. ഫെബ്രുവരി രണ്ടിന് വിശാഖപട്ടണത്തിലെ എ.സി.എ-വി.ഡി.സി.എ സ്റ്റേഡിയത്തിലാണ് രണ്ടാം മത്സരം അരങ്ങേറുന്നത്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിജയച്ചതിന്റെ ആത്മവിശ്വാസത്തില്‍ ഇംഗ്ലണ്ട് ഇറങ്ങുമ്പോള്‍ ആദ്യ മത്സരത്തിലെ തോല്‍വിക്ക് പകരം വീട്ടാനാണ് ഇന്ത്യയൊരുങ്ങുന്നത്.

എന്നാല്‍ രണ്ടാം ടെസ്റ്റിന് മുമ്പ് തന്നെ ഇന്ത്യക്ക് തിരിച്ചടികളുടെ ഘോഷയാത്രയായിരുന്നു. വിരാട് കോഹ്‌ലി രണ്ടാം ടെസ്റ്റ് കളിക്കില്ല എന്ന് നേരത്തെ തന്നെ ഉറപ്പായിരുന്നു. എന്നാല്‍ രണ്ടാം മത്സരത്തിന് മുമ്പ് പരിക്കേറ്റ് പരിചയസമ്പന്നരായ രവീന്ദ്ര ജഡേജയെയും കെ.എല്‍. രാഹുലിനെയും ഇന്ത്യക്ക് നഷ്ടമായി.

പകരക്കാരായി സര്‍ഫറാസ് ഖാന്‍, സൗരഭ് കുമാര്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരെയാണ് അപെക്‌സ് ബോര്‍ഡ് ടീമില്‍ ഉള്‍പ്പെടുത്തിയത്. സര്‍ഫറാസും സൗരഭും ഇതാദ്യമായാണ് ഇന്ത്യന്‍ സ്‌ക്വാഡിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.

ആര്‍. അശ്വിന്‍, രോഹിത് ശര്‍മ എന്നിവരെ ഒഴിച്ചുനിര്‍ത്തിയാല്‍ റെഡ് ബോള്‍ ഫോര്‍മാറ്റില്‍ സ്‌ക്വാഡിലെ മറ്റ് താരങ്ങള്‍ക്കൊന്നും വേണ്ടത്ര പരിചയസമ്പത്തില്ല എന്ന് വ്യക്തമാകും. ഇന്ത്യന്‍ ടീമിന്റെ സ്‌ക്വാഡ് സ്‌ട്രെങ്ത് സംബന്ധിക്കുന്ന രസകരമായ ഒരു കണക്കാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ ഉള്‍പ്പെട്ടിരിക്കുന്ന എല്ലാ ഇന്ത്യന്‍ താരങ്ങളുടെയും റണ്‍സ് ഒന്നിച്ച് ചേര്‍ത്താല്‍ പോലും ഇംഗ്ലണ്ട് സൂപ്പര്‍ താരവും മോഡേണ്‍ ഡേ ലെജന്‍ഡുമായ ജോ റൂട്ടിന്റെ ടെസ്റ്റ് റണ്‍സിനൊപ്പമെത്തില്ല എന്നതാണ് ആരാധകരെ അമ്പരപ്പിക്കുന്നത്. വിരാട് കോഹ്‌ലി, രവീന്ദ്ര ജഡേജ, കെ.എല്‍. രാഹുല്‍ എന്നിവരുടെ അഭാവം തന്നെയാണ് ഇതില്‍ പ്രതിഫലിച്ചു കാണുന്നത്.

 

3,800 റണ്‍സ് നേടിയ രോഹിത് ശര്‍മയും ടെസ്റ്റ് ഫോര്‍മാറ്റില്‍ 3,222 റണ്‍സുള്ള അശ്വിനുമാണ് രണ്ടാം ടെസ്റ്റിനുള്ള സ്‌ക്വാഡില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങള്‍

 

രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ താരങ്ങളും അവരുടെ ടെസ്റ്റ് റണ്‍സും

രജത് പാടിദാര്‍ – 0

രോഹിത് ശര്‍മ – 3,800

സര്‍ഫറാസ് അഹമ്മദ് – 0

ശ്രേയസ് അയ്യര്‍ – 755

ശുഭ്മന്‍ ഗില്‍ – 1,063

യശസ്വി ജെയ്‌സ്വാള്‍ – 411

അക്‌സര്‍ പട്ടേല്‍ – 574

ആര്‍. അശ്വിന്‍ – 3,222

സൗരഭ് കുമാര്‍ – 0

വാഷിങ്ടണ്‍ സുന്ദര്‍ – 265

ധ്രുവ് ജുറെല്‍ – 0

ശ്രീകര്‍ ഭരത് – 198

ആവേശ് ഖാന്‍ – 0

ജസ്പ്രീത് ബുംറ – 219

കുല്‍ദീപ് യാദവ് – 94

മുഹമ്മദ് സിറാജ് – 101

മുകേഷ് കുമാര്‍ – 0

ഇന്ത്യ സ്‌ക്വാഡ് ആകെ – 10,702 റണ്‍സ്

 

അതേസമയം, തന്റെ ടെസ്റ്റ് കരിയറിലെ 136 മത്സരത്തിലെ 249 ഇന്നിങ്‌സില്‍ നിന്നുമായി 11,447 റണ്‍സാണ് ജോ റൂട്ട് തന്റെ പേരില്‍ കുറിച്ചത്. ഏറ്റവുമധികം ടെസ്റ്റ് റണ്‍സ് നേടിയ താരങ്ങളില്‍ പത്താമനും ആക്ടീവ് ക്രിക്കറ്റര്‍മാരില്‍ ഒന്നാമനുമാണ് ഫാബ് ഫോറിലെ കരുത്തന്‍.

ആക്ടീവ് ക്രിക്കറ്റര്‍മാരില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങളില്‍ മൂന്നാമനാണ് വിരാട്. റെഡ് ബോള്‍ കരിയറില്‍ 8,8848 റണ്‍സാണ് ഇന്ത്യന്‍ ലെജന്‍ഡിന്റെ പേരിലുള്ളത്.

 

 

CONTENT HIGHLIGHT: Test Runs of India’s squad for second test