Kerala News
കേരളമുള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളില്‍ ഭീകരാക്രമണം ഉണ്ടാവുമെന്ന് ഫോണ്‍ സന്ദേശം; ഡി.ജി.പി ജാഗ്രതാ നിര്‍ദേശം നല്‍കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Apr 27, 02:10 am
Saturday, 27th April 2019, 7:40 am

ബംഗളൂരു:കേരളത്തില്‍ ഭീകരാക്രമണ ഭീഷണി. കര്‍ണ്ണാടക പൊലീസിന് ഫോണ്‍ സന്ദേശം വഴിയാണ് സന്ദേശം ലഭിച്ചത്.

കേരളമുള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളില്‍ ഭീകരാക്രമണം ഉണ്ടാവുമെന്നാണ് സന്ദേശം.ട്രെയിനുകളില്‍ സ്‌ഫോടനം നടത്തുമെന്നും സന്ദേശം ലഭിച്ചു. ഇന്നലെ വൈകുന്നേരമാണ് ബംഗ്‌ളൂരു സിറ്റി പൊലീസിന് നിര്‍ദ്ദേശം ലഭിക്കുന്നത്.

ജില്ലാ പൊലീസ് മേധാവികള്‍ക്ക് ഡി.ജി.പി ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശ്രീലങ്കയിലെ തീവ്രവാദ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്.

ശ്രീലങ്കയിലെ കൊളംബോയില്‍ ഈസ്റ്റര്‍ ദിനത്തില്‍ എട്ടിടങ്ങളില്‍ ഉണ്ടായ സ്ഫോടന പരമ്പരയില്‍ 253 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് പുറത്തുവരുന്ന കണക്കുകള്‍. അഞ്ഞൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്‌ഫോടനത്തിന് പിന്നാലെ ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് 16 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. 76 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രാദേശിക ഭീകര സംഘടനയായ നാഷണല്‍ തൗഫിക് ജമാ അത്തിന്റെ ഒമ്പത് ചാവേറുകളാണ് സ്ഫോടനം നടത്തിയതെന്നാണ് ശ്രീലങ്കന്‍ അധികൃതര്‍ പറയുന്നത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തിരുന്നു.