Karunanidhi Death
കരുണാനിധിയുടെ സംസ്‌കാരസ്ഥലത്തെച്ചൊല്ലി തര്‍ക്കം; ഡി.എം.കെ ഹൈക്കോടതിയിലേക്ക്, ഹരജി ഇന്ന് രാത്രി തന്നെ പരിഗണിക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Aug 07, 04:40 pm
Tuesday, 7th August 2018, 10:10 pm

ചെന്നൈ: മുന്‍മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായ കരുണാനിധിയുടെ മൃതദേഹം സംസ്‌ക്കരിക്കാന്‍ മറീനാ ബീച്ചില്‍ സര്‍ക്കാര്‍ സ്ഥലം അനുവദിക്കാത്തതിനെത്തുടര്‍ന്ന് ഹൈക്കോടതിയെ സമീപിക്കാന്‍ ഡി.എം.കെ. ഇന്ന് രാത്രി 10.30ന് ഹൈക്കോടതി ഹരജി പരിഗണിക്കും. മദ്രാസ് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് ഹുലുവാദി.ജി.രമേഷ് ഹരജി പരിഗണിക്കും.

അതേസമയം സര്‍ക്കാര്‍ ഇക്കാര്യത്തില്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് ആരോപിച്ചു. ഇത്തരം സന്ദര്‍ഭങ്ങളില്‍ സര്‍ക്കാരും പാര്‍ട്ടികളും രാഷ്ട്രീയത്തിന് അതീതമായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കലൈഞ്ജര്‍ക്ക് മറീനാ ബീച്ചിലെ അണ്ണാസമാധിക്കടുത്ത് അന്ത്യവിശ്രമം അനുവദിക്കാത്തതിനെ ചൊല്ലി ചെന്നൈയില്‍ പ്രതിഷേധം കനക്കുകയാണ്. കാവേരി ആശുപത്രിക്ക് മുന്നില്‍ ഇക്കാര്യം ആവശ്യപ്പെട്ട് പ്രതിഷേധിച്ച ഡി.എം.കെ പ്രവര്‍ത്തകര്‍ പൊലീസുമായി ചെറിയ തോതില്‍ സംഘര്‍ഷത്തിലേര്‍പ്പെട്ടു.

ALSO READ: ആ സൂര്യന്‍ ചെന്നൈയില്‍ അസ്തമിച്ചു; ഇനി ഉയിര്‍ തമിഴുക്ക്, ഉടല്‍ മണ്ണുക്ക്

പൊലീസിന്റെ ബാരിക്കേഡ് തള്ളിമാറ്റാനും പ്രവര്‍ത്തകര്‍ ശ്രമിച്ചു. തുടര്‍ന്ന് ലാത്തിവീശിയാണ് പൊലീസ് ഇവരെ പിരിച്ചുവിട്ടത്. എന്നാല്‍ പ്രവര്‍ത്തകര്‍ സംയമനം പാലിക്കണമെന്നും ആശുപത്രിക്ക് മുന്നില്‍ നിന്നും പിരിഞ്ഞുപോകണമെന്നുമാണ് കരുണാനിധിയുടെ മകന്‍ സ്റ്റാലിന്‍ ആവശ്യപ്പെട്ടത്.

നേരത്തെ അന്തരിച്ച തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി കരുണാനിധിയുടെ സംസ്‌കാരം മറീന ബീച്ചില്‍ നടത്താനാവില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നു. മറീന ബീച്ചില്‍ സ്ഥലമില്ലെന്നായിരുന്നു സര്‍ക്കാര്‍ അറിയിച്ചത്.

അതേസമയം മറീന ബീച്ചിന് പകരം ഗിണ്ടിയില്‍ ഗാന്ധി സ്മൃതി മണ്ഡപത്തിന് സമീപം രണ്ടേക്കര്‍ സ്ഥലം നല്‍കാമെന്നും അറിയിച്ചു. അണ്ണാ സമാധിയ്ക്ക് സമീപം അന്ത്യവിശ്രമസ്ഥലമൊരുക്കണമെന്നായിരുന്നു കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നത്.

ഇതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹമെന്നും കുടംബാംഗങ്ങള്‍ പറഞ്ഞു.

അര്‍ധരാത്രി 1 മണി വരെ മൃതദേഹം ഗോപാലപുരത്തെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. ശേഷം രാജാജി ഹാളിലേക്ക് വിലാപയാത്രയായി കൊണ്ടുപോകും.

WATCH THIS VIDEO: