സീരിയല്‍ നടനും നിര്‍മാതാവുമായ മധു മോഹന്‍ അന്തരിച്ചുവെന്ന വാര്‍ത്തകള്‍ വ്യാജം. മധു മോഹന്‍ തന്നെയാണ് ഇപ്പോള്‍ വാര്‍ത്തകള്‍ നിഷേധിച്ച് രംഗത്തെത്തിയിരിക്കുന്നത്.
മധു മോഹന്‍ മരിച്ചെന്ന് നിരവധി മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. സമൂഹമാധ്യമങ്ങളില്‍ ഈ വാര്‍ത്ത വ്യാപകമായി പ്രചരിച്ചിരുന്നു.
സിനിമാ-സീരിയില്‍ രംഗത്തുള്ളവരും അദ്ദേഹത്തിന്റെ വിയോഗത്തില്‍ ദുഖം രേഖപ്പെടുത്തി പോസ്റ്റുകളും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മരണവാര്‍ത്ത വ്യാജമാണെന്ന് പറഞ്ഞുകൊണ്ട് മധു മോഹന് തന്നെ മുന്നോട്ട് വരേണ്ടി വന്നത്.
വാര്‍ത്തയറിഞ്ഞ് പലരും തന്റെ നമ്പറില്‍ തന്നെ വിളിച്ചു നോക്കുകയാണെന്നും അവരോട് ‘മധു മോഹനാണ്, ഞാന്‍ മരിച്ചിട്ടില്ല’ എന്ന് പറയേണ്ട അവസ്ഥയാണെന്നും അദ്ദേഹം മനോരമ ന്യൂസിന് നല്‍കിയ പ്രതികരണത്തില്‍ പറഞ്ഞു.
പ്രചരിക്കുന്ന വാര്‍ത്തകള്‍ ആരോ പബ്ലിസിറ്റിക്കു വേണ്ടി സമൂഹമാധ്യമങ്ങളില്‍ പടച്ചുവിട്ടിരിക്കുന്നതാണ്. ഇതിന്റെ പിന്നാലെ പോകാന്‍ തല്‍ക്കാലം താല്‍പര്യമില്ല. ഈ ചെയ്തിരിക്കുന്നത് തെറ്റാണ്. കൃത്യമായ വിവരം അന്വേഷിച്ചറിയാതെ വാര്‍ത്തകള്‍ പടച്ചുവിടുന്നത് ശരിയല്ലെന്ന് മധു മോഹന്‍ പറഞ്ഞു.
ഇപ്പോള്‍ ചെന്നൈയില്‍ ജോലിത്തിരക്കുകളിലാണുള്ളത്. ഇങ്ങനെയുള്ള വാര്‍ത്തകള്‍ വന്നാല്‍ ആയുസ് കൂടുമെന്നാണ് പറയാറുള്ളത് എന്നും അദ്ദേഹം തമാശരൂപേണ പറഞ്ഞു.
നേരത്തെ, ഇത്തരത്തില്‍ നിരവധി സിനിമാതാരങ്ങളുടെയും മറ്റ് പ്രമുഖരുടെയും വ്യാജ മരണവാര്‍ത്തകള്‍ പുറത്തുവന്നത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളില്‍ മാത്രമായി ഒതുങ്ങിപ്പോകുമായിരുന്ന ഇത്തരം പ്രചരണങ്ങള്‍ വാര്‍ത്തമാധ്യമങ്ങളിലും ശരിയാണെന്ന നിലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതാണ് ഇത്തവണ ആശ്ചര്യമായിരിക്കുന്നത്.
Content Highlight: Television actor and producer Madhu mohan denies the obituary reports about him