Advertisement
Kerala News
ചലച്ചിത്ര അക്കാദമി വിവാദത്തില്‍; കുട്ടികള്‍ക്ക് ആസ്വാദന കുറിപ്പെഴുതാന്‍ നല്‍കിയത് ഭീതിപ്പെടുത്തുന്ന വീഡിയോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 20, 06:12 am
Sunday, 20th April 2025, 11:42 am

തിരുവനന്തപുരം: ശില്‍പശാലയില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് ആസ്വാദന കുറിപ്പെഴുതാന്‍ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി നല്‍കിയ വീഡിയോ വിവാദത്തില്‍.

ലോകപ്രശസ്ത സംവിധായകന്‍ ‘മാര്‍ട്ടിന്‍ സ്‌കോര്‍സെസെ’യുടെ ‘ദി ബിഗ് ഷേവ്’ എന്ന ഷോര്‍ട്ട് ഫിലിമിലെ ഭാഗങ്ങളാണ് ആസ്വാദനക്കുറിപ്പ് എഴുതാനായി അക്കാദമി വിദ്യാർത്ഥികൾക്ക് നല്‍കിയത്.

2025 മെയ് രണ്ട് മുതല്‍ അഞ്ച് വരെ നടക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള ശില്‍പശാലയിലേക്കാണ് ചലച്ചിത്ര അക്കാദമി ആസ്വാദനക്കുറിപ്പുകള്‍ ക്ഷണിച്ചത്. ശിശുക്ഷേമ സമിതിയുമായി ചേര്‍ന്നാണ് ചലച്ചിത്ര അക്കാദമി ശില്‍പശാല നടത്തുക.

എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിലുള്ള 8, 9, 10 ക്ലാസുകളിലെ കുട്ടികള്‍ക്ക് വേണ്ടിയാണ് അക്കാദമി ശില്‍പശാല നടത്തുന്നത്. ഇതിന്റെ ഭാഗമായി ബിഗ് ഷേവിലെ മൂന്ന് മിനിട്ടോളം വരുന്ന ഭാഗമാണ് ആസ്വാദനക്കുറിപ്പ് എഴുതാനായി അക്കാദമി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത്.

അക്കാദമിയില്‍ നിന്ന് ലഭിച്ചത് കുട്ടികളെ ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങളാണെന്ന് രക്ഷിതാക്കള്‍ പരാതിപ്പെട്ടതോടെയാണ് സംഭവം പുറത്തുവന്നത്. മികച്ച ആസ്വാദനക്കുറിപ്പുകള്‍ എഴുതിയ 70 വിദ്യാര്‍ത്ഥികള്‍ക്കാണ് ശില്‍പശാലയില്‍ പങ്കെടുക്കാന്‍ കഴിയുക എന്നായിരുന്നു അക്കാദമിയുടെ അറിയിപ്പ്.

പലതരത്തില്‍ വ്യാഖ്യാനിക്കാന്‍ കഴിയുന്ന വീഡിയോയില്‍ ആസ്വാദന കുറിപ്പെഴുതുക എന്നാണ് തങ്ങളുടെ ഔദ്യോഗിക പ്ലാറ്റ്ഫോമുകളിലൂടെ അക്കാദമി വിദ്യാര്‍ത്ഥികളെ അറിയിച്ചത്.

സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് വിവരം അറിഞ്ഞതെന്നുമാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേം കുമാറിന്റെ പ്രതികരണം.

വീഡിയോ മാറ്റി നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ദി ഷേവ് എന്ന ചിത്രം ഒരു ക്ലാസിക് സിനിമയാണെങ്കിലും കൂടി ഇന്നത്തെ സാഹചര്യത്തില്‍ അതിന്റെ ഭാഗങ്ങള്‍ കുട്ടികള്‍ക്ക് നല്‍കുന്നതില്‍ യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.

അക്കാദമിയിലെ വിദഗ്ധ സമിതിയാണ് ചിത്രം സെലക്ട് ചെയ്തതെന്നും വിവാദമായപ്പോഴാണ് വിവരമറിഞ്ഞതെന്നും പ്രേം കുമാര്‍ വ്യക്തമാക്കി.

Content Highlight: The video provided by the Kerala State Chalachitra Academy to children participating in the workshop to prepare a note has been in controversy