തിരുവനന്തപുരം: കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകളുടെ കാര്യത്തില്‍ ഇപ്പോള്‍ ചര്‍ച്ചയില്ലെന്ന് വ്യക്തമാക്കി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ. തെരഞ്ഞെടുപ്പ് നടത്താനുള്ള സാഹചര്യം ഇപ്പോഴില്ല. കാര്യങ്ങള്‍ സാധാരണ നിലയിലേക്ക് തിരിച്ചെത്തിയ ശേഷം അക്കാര്യങ്ങളില്‍ തീരുമാനമെടുക്കാമെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ന്യൂസിന്റെ പരിപാടിയിലായിരുന്നു ടിക്കാറാം മീണ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
‘തെരഞ്ഞെടുപ്പ് ചിലപ്പോള്‍ നടന്നേക്കാം. നടന്നില്ലെന്നും വരും. കാരണം, തെരഞ്ഞെടുപ്പ് നടത്തണമെങ്കില്‍ നിയമസഭയ്ക്ക് നിയമപ്രകാരം ഒരുവര്‍ഷം കൂടി കാലാവധിയുണ്ടായിരിക്കണം. 2021 മെയ് വരെയാണ് ഈ നിയമസഭയുടെ കാലാവധി’, ടിക്കാറാം മീണ പറഞ്ഞു.
കുട്ടനാട് സീറ്റില്‍ തെരഞ്ഞെടുപ്പ് നടത്താനുള്ള സമയപരിധി ജൂണ്‍ വരെയാണ്. വേണമെങ്കില്‍ കുട്ടനാടിന്റെ കാര്യത്തില്‍ നിലവിലെ അവസ്ഥ മാറിയാല്‍ ആലോചിക്കാം. ഇപ്പോള്‍ ഇക്കാര്യങ്ങള്‍ ആലോചിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.