Advertisement
Sports News
അന്ന് ഇന്ത്യ, ഇന്ന് പാകിസ്ഥാന്‍; നാണക്കേടിന്റെ റെക്കോഡുകള്‍ കൈമുതലാക്കി ഏഷ്യന്‍ വമ്പന്‍മാര്‍
സ്പോര്‍ട്സ് ഡെസ്‌ക്
2022 Dec 31, 09:26 am
Saturday, 31st December 2022, 2:56 pm

2022 കലണ്ടര്‍ വര്‍ഷം അവസാനിക്കുകയാണ്. ക്രിക്കറ്റില്‍ പല ടീമുകളും ഉയര്‍ച്ചയുടെ കൊടുമുടി താണ്ടിയപ്പോള്‍ മറ്റു പല ടീമുകള്‍ക്കും നിരാശയായിരുന്നു ഫലം. അത്തരത്തില്‍ 2022 നിരാശ സമ്മാനിച്ചതില്‍ പ്രധാനികളാണ് പാകിസ്ഥാന്‍.

ഏറെ ആത്മവിശ്വാസത്തോടെ 2022 തുടങ്ങിയ ബാബറും സംഘത്തിനും നിരാശ മാത്രമായിരുന്നു 2022 നല്‍കിയത്. ഏഷ്യാ കപ്പിലെയും ടി-20 ലോകകപ്പിലെയും ഫൈനലിലെ തോല്‍വി പാകിസ്ഥാനെ എന്നും വേട്ടയാടും.

എന്നാല്‍ അതിനേക്കാള്‍ മോശം റെക്കോഡും ബാബറും സംഘവും 2022ല്‍ സ്വന്തമാക്കിയിരുന്നു. ബാബര്‍ അസമിന്റെ മാത്രമല്ല പാകിസ്ഥാന്‍ ക്രിക്കറ്റിന്റെ തന്നെ ചരിത്രത്തിലെ മോശം വര്‍ഷമായിരുന്നു 2022.

കഴിഞ്ഞ ദിവസം അവസാനിച്ച പാകിസ്ഥാന്‍-ന്യൂസിലാന്‍ഡ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ സമനില വഴങ്ങിയതോടെ 2022 കലണ്ടര്‍ ഇയറില്‍ സ്വന്തം മണ്ണില്‍ ഒരു ടെസ്റ്റ് മത്സരം പോലും ജയിക്കാന്‍ സാധിക്കാതെയാണ് പാകിസ്ഥാന്‍ തല കുനിച്ചുനിന്നത്.

സ്വന്തം മണ്ണില്‍ ഏഴ് ടെസ്റ്റ് കളിച്ചപ്പോള്‍ നാലെണ്ണത്തില്‍ തോല്‍വിയിലും മൂന്നെണ്ണം സമനിലയിലും കലാശിക്കുകയായിരുന്നു. ഇതില്‍ ഇംഗ്ലണ്ടിന്റെ പാകിസ്ഥാന്‍ പര്യടനത്തിലെ പരമ്പര ത്രീ ലയണ്‍സ് ക്ലീന്‍ സ്വീപ് ചെയ്തപ്പോള്‍ സ്വന്തം മണ്ണില്‍ ആദ്യമായി വൈറ്റ് വാഷ് ചെയ്യപ്പെട്ടതിന്റെ മോശം നേട്ടവും പാകിസ്ഥാന് ലഭിച്ചു.

ഇതിന് പുറമെ ചരിത്രത്തിലാദ്യമായി തുടര്‍ച്ചയായ നാല് ഹോം ടെസ്റ്റ് മത്സരങ്ങളില്‍ പരാജയപ്പെട്ടു എന്ന റെക്കോഡും 2022 പാകിസ്ഥാന് സമ്മാനിച്ചു.

ഇതിനോടൊപ്പം ക്യാപ്റ്റന്‍ ബാബര്‍ അസമിന്റെ പേരിലും ഒരു മോശം റെക്കോഡ് സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ നാല് ഹോം ടെസ്റ്റ് മത്സരത്തില്‍ പരാജയപ്പെടുന്ന ആദ്യ പാകിസ്ഥാന്‍ നായകന്‍ എന്ന അനാവശ്യ റെക്കോഡാണ് ബാബറിനെ തേടിയെത്തിയത്.

ഒരു കലണ്ടര്‍ ഇയറില്‍ സ്വന്തം മണ്ണില്‍ ഒരു ടെസ്റ്റ് മത്സരം പോലും ജയിക്കാന്‍ സാധിക്കാത്ത ടീം (മിനിമം ഏഴ് മത്സരം) എന്ന മോശം റെക്കോഡ് പാകിസ്ഥാനെക്കാള്‍ മുമ്പ് സ്വന്തമാക്കിയ മറ്റൊരു ടീം കൂടി ചരിത്രത്തിലുണ്ട്.

ഇന്ത്യയാണ് ഈ മോശം നേട്ടം സ്വന്തമാക്കിയ ആദ്യ ടീം. നേരത്തെ 1983ല്‍, അതായത് ഏകദിന ലോകകപ്പ് ആദ്യമായി സ്വന്തമാക്കിയ അതേ വര്‍ഷം ഇന്ത്യക്ക് ഒറ്റ ടെസ്റ്റ് മത്സരം പോലും ഇന്ത്യന്‍ മണ്ണില്‍ ജയിക്കാന്‍ സാധിച്ചിട്ടില്ലായിരുന്നു.

പാകിസ്ഥാനെതിരായ മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പരയിലെ എല്ലാ മത്സരവും അന്ന് സമനിലയില്‍ കലാശിച്ചപ്പോള്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ആറ് മത്സരങ്ങളുടെ പരമ്പരയില്‍ മൂന്ന് തോല്‍വിയും മൂന്ന് സമനിലയുമാണ് ഇന്ത്യ വഴങ്ങിയത്.

അതേസമയം, ന്യൂസിലാന്‍ഡിനെതിരെ അടുത്ത വര്‍ഷം തുടക്കത്തില്‍ നടക്കുന്ന ടെസ്റ്റ് മത്സരം ജയിച്ച് ഈ നാണക്കേട് മാറ്റാനാകും പാകിസ്ഥാന്‍ ശ്രമിക്കുക. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ടാം ടെസ്റ്റ് ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാന്‍ സാധിക്കും.

 

Content highlight: Teams that fail to win a single home match in a calendar year