ഇത് അപൂര്‍വ്വ ചരിത്രനേട്ടം; ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ഒരു ബോണസ് റെക്കോഡ്
Sports News
ഇത് അപൂര്‍വ്വ ചരിത്രനേട്ടം; ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ഒരു ബോണസ് റെക്കോഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 8th March 2024, 4:11 pm

ഇംഗ്ലണ്ടിനെതിരെ അവസാന ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയുടെ ബാറ്റിങ് തുടരുകയാണ്. ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 218 റണ്‍സിന് ഓള്‍ ഔട്ട് ആയിരുന്നു. നിലവില്‍ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 435 റണ്‍സ് നേടി കളി തുടരുകയാണ്. കുല്‍ദീപ് യാദവും ജസ്പ്രീത് ബുംറയുമാണ് ഇപ്പോള്‍ ക്രീസില്‍ തുടരുന്നത്.

ബാറ്റിങ് ആരംഭിച്ചപ്പോള്‍ ഇന്ത്യയുടെ യങ് ഓപ്പണര്‍ യശസ്വി ജെയ്സ്വാള്‍ 58 പന്തില്‍ നിന്നും മൂന്ന് സിക്‌സറുകളും അഞ്ച് ബൗണ്ടറികളും അടക്കം 57 റണ്‍സ് നേടിയാണ് പുറത്തായത്. 98.28 സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്. ഇംഗ്ലണ്ടിന്റെ സ്പിന്‍ ബൗളര്‍ ഷൊയ്ബ് ബഷീറാണ് താരത്തിന്റെ വിക്കറ്റ് സ്വന്തമാക്കിയത്.

രോഹിത് 162 പന്തില്‍ നിന്ന് 13 ഫോറും മൂന്ന് സിക്‌സും അടക്കം 103 റണ്‍സ് നേടിയാണ് പുറത്തായത്. ലഞ്ച് ബ്രേക്കിന് ശേഷം ബെന്‍ സ്റ്റോക്‌സിന്റെ പന്തിലാണ് താരം പുറത്തായത്. ഗില്‍ 150 പന്തില്‍ നിന്ന് 13 ഫോറും അഞ്ച് സിക്‌സറും അടക്കം 110 റണ്‍സെടുത്താണ് പുറത്തായത്. ഇതോടെ ഗില്‍ തന്റെ നാലാമത്തെ ടെസ്റ്റ് സെഞ്ച്വറിയും പൂര്‍ത്തിയാക്കി.

അരങ്ങേറ്റം കുറിച്ച ദേവ്ദത്ത് പടിക്കല്‍ 103 പന്തില്‍ 65 റണ്‍സും സര്‍ഫറാസ് ഖാന്‍ 60 പന്തില്‍ 56 റണ്‍സും നേടി മികച്ച പ്രകടനം കാഴ്ചവെച്ചാണ് പുറത്തായത്. ഇന്ത്യയുടെ ടോപ് ഓര്‍ഡര്‍ നിരയില്‍ എല്ലാ താരങ്ങളും 50+ റണ്‍സ് നേടി ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. ഇതോടെ ടീം ഇന്ത്യ ധര്‍മശാലയില്‍ ഒരു തകര്‍പ്പന്‍ റെക്കോഡാണ് സ്വന്തമാക്കിയത്. 15 വര്‍ഷത്തിന് ശേഷം ആദ്യമായണ് ഒരു ടെസ്റ്റ് ഇന്നിങ്‌സില്‍ ഇന്ത്യയുടെ ടോപ് ഓര്‍ഡറിലെ അഞ്ച് ബാറ്റര്‍മാര്‍ 50+ റണ്‍സ് നേടുന്നത്.

ടോപ് ഓര്‍ഡറിന് പുറമെ രവീന്ദ്ര ജഡേജ (15), ധ്രുവ് ജുറെല്‍ (15), രവിചന്ദ്രന്‍ അശ്വിന്‍ (0) എന്നിവര്‍ കാര്യമായി ഒന്നും ചെയ്യാന്‍ സാധിക്കാതെയാണ് പുറത്തായത്. ഇംഗ്ലണ്ട് ബൗളിങ് നിരയില്‍ ഷൊയ്ബ് ബഷീര്‍ നാല് വിക്കറ്റുകളും ടോം ഹാര്‍ട്‌ലി രണ്ട് വിക്കറ്റുകളും ജെയിംസ് ആന്‍ഡേഴ്‌സണ്‍, ബെന്‍ സ്റ്റോക്‌സ് എന്നിവര്‍ ഓരോ വിക്കറ്റുകളും സ്വന്തമാക്കി.

 

ഇംഗ്ലണ്ടിനെതിരെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയുടെ സ്പിന്‍ ബൗളിങ്ങാണ് മിന്നും പ്രകടനം കാഴ്ചവെച്ചത്. കുല്‍ദീപ് യാദവ് അഞ്ച് വിക്കറ്റുകളാണ് നേടിയത്. രവിചന്ദ്രന്‍ അശ്വിന്‍ നാല് വിക്കറ്റും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും നേടിയാണ് സ്പിന്‍ കോമ്പിനേഷന്‍ മികച്ച പ്രകടനമായിരുന്നു മൂവരും ഇംഗ്ലണ്ടിനെതിരെ അഴിച്ച് വിട്ടത്.

കുല്‍ദീപ് 15 ഓവര്‍ ചെയ്ത് ഒരു മെയ്ഡന്‍ അടക്കം 72 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റാണ് നേടിയത്. രവിചന്ദ്രന്‍ അശ്വിന്‍ ഒരു മെയ്ഡന്‍ അടക്കം 51 റണ്‍സ് വഴങ്ങി നാല് വിക്കറ്റും രവീന്ദ്ര ജഡേജ 10 ഓവറില്‍ രണ്ട് മെയ്ഡന്‍ അടക്കം ഒരു വിക്കറ്റും നേടി. 17 റണ്‍സ് വിട്ടുകൊടുത്ത് 1.70 എന്ന തകര്‍പ്പന്‍ എക്കണോമിയിലാണ് താരം പന്തെറിഞ്ഞത്.

 

Content Highlight: Team India In Record Achievement