ലഖ്നൗ: യു.പിയിലെ സര്‍വകലാശാലയില്‍ ഉത്തരക്കടലാസില്‍ ജയ് ശ്രീറാമും ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാരുടെ പേരും എഴുതിയ ഫാര്‍മസി വിദ്യാര്‍ത്ഥികളെ വിജയിപ്പിച്ച സംഭവത്തില്‍ അധ്യാപകര്‍ക്ക് സസ്പെന്‍ഷന്‍. വിനയ് വര്‍മയെയും ആശിഷ് ഗുപ്തയെയുമാണ് അധികൃതര്‍ സസ്പെന്‍ഡ് ചെയ്തത്.
ഉത്തര്‍പ്രദേശിലെ വീര്‍ ബഹാദൂര്‍ സിങ് പുര്‍വാഞ്ചല്‍ യൂണിവേഴ്സിറ്റിയിലെ ഒന്നാം വര്‍ഷ ഫര്‍മസി വിദ്യാര്‍ത്ഥികള്‍ ആണ് ഉത്തരക്കടലാസില്‍ ജയ് ശ്രീറാം എന്നും ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാരുടെ പേരും എഴുതി നല്‍കിയത്. 18 ഫാര്‍മസി വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകള്‍ പുനഃപരിശോധന നടത്തിയപ്പോഴാണ് ക്രമക്കേട് പുറത്തുവന്നത്.
ഈ വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകള്‍ പുനഃപരിശോധിക്കണമെന്ന് വി.ബി.എസ്.പി യൂണിവേഴ്സിറ്റിയിലെ മുന്‍ വിദ്യാര്‍ത്ഥി നേതാവ് ദിവ്യന്‍ഷു സിങ് ആര്‍.ടി.ഐ പ്രകാരം ആവശ്യപ്പെട്ടിരുന്നു. വിദ്യാര്‍ഥികളുടെ റോള്‍ നമ്പര്‍ സഹിതം നല്‍കിയായിരുന്നു ആവശ്യം ഉന്നയിച്ചത്. ഉത്തരക്കടലാസില്‍ കൃത്രിമം കാണിച്ച അധ്യാപകരെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിട്ടതും ദിവ്യന്‍ഷു സിങ്ങാണ്.
വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഉത്തര്‍പ്രേദേശ് ഗവര്‍ണര്‍ അദേല്‍ പട്ടേലിന് അദ്ദേഹം പരാതി നല്‍കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളില്‍ നിന്നും പണം വാങ്ങിയാണ് വി.ബി.എസ്.പി യൂണിവേഴ്സിറ്റി അധ്യാപകര്‍ അവരെ ജയിപ്പിച്ചതെന്നും ദിവ്യന്‍ഷു സിങ് പറഞ്ഞിരുന്നു.
ദിവ്യന്‍ഷു നല്‍കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ ജയ് ശ്രീറാം എന്നും ക്രിക്കറ്റ് താരങ്ങളായ വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, ഹാര്‍ദിക് പാണ്ഡ്യ എന്നിവരുടേ പേരുകളും ഉത്തരക്കടലാസില്‍ എഴുതിവെച്ചവര്‍ക്ക് 50 ശതമാനത്തിലേറെ മാര്‍ക്ക് നല്‍കി വിജയിപ്പിച്ചതായി കണ്ടെത്തിയിരുന്നു.