ന്യൂദല്‍ഹി: താണ്ഡവ് വെബ്‌സീരിസുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസില്‍ ആമസോണ്‍ പ്രൈം വാണിജ്യ വിഭാഗം മേധാവിയായ അപര്‍ണ പുരോഹിതിന്റെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി. അപര്‍ണ്ണ പുരോഹിതിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് സുപ്രീംകോടതി നടപടി.
പൊലീസ് വിളിപ്പിക്കുമ്പോള്‍ ഹാജരാകണമെന്നും അന്വേഷണത്തോട് സഹകരിക്കണമെന്നും കോടതി അപര്‍ണയോട് പറഞ്ഞു. മുന്‍കൂര്‍ ജാമ്യാപേക്ഷ അലഹബാദ് ഹൈക്കോടതി തളളിയതിന് പിന്നാലെയാണ് അപര്‍ണ പുരോഹിത് സുപ്രീംകോടതിയെ സമീപിച്ചത്.
ജസ്റ്റിസ് അശോക് ഭൂഷണ്‍, ആര്‍. സുഭാഷ് റെഡ്ഢി എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യഹരജി പരിഗണിച്ചത്. കേസില്‍ യു.പി സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസയച്ചു.
ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലെ ഉള്ളടക്കം നിരീക്ഷിക്കുന്നത് സംബന്ധിച്ച് പുതുതായി കൊണ്ടുവന്ന മാര്‍ഗനിര്‍ദേശങ്ങള്‍ ഹാജരാക്കാന്‍ കോടതി വ്യാഴാഴ്ച കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. ആമസോണ്‍ പ്രൈം, നെറ്റ്ഫ്‌ളിക്‌സ് തുടങ്ങിയ ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ സ്‌ക്രീനിംഗ് ആവശ്യമാണെന്നും ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.