തമിഴ്‌നാട്ടില്‍ പുതുതായി 477 പേര്‍ക്ക് കൂടി കൊവിഡ്; ചെന്നൈയില്‍ മാത്രം 332 പേര്‍ക്ക് കൊവിഡ്
COVID-19
തമിഴ്‌നാട്ടില്‍ പുതുതായി 477 പേര്‍ക്ക് കൂടി കൊവിഡ്; ചെന്നൈയില്‍ മാത്രം 332 പേര്‍ക്ക് കൊവിഡ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 16th May 2020, 6:48 pm

ചെന്നൈ: തമിഴ്‌നാട്ടില്‍ പുതുതായി 477 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 10585 ആയി. ചെന്നൈയില്‍ മാത്രം ഇന്ന് 332 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 93 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ്. 71 പേരാണ് ഇതിനോടകം സംസ്ഥാനത്ത് മരണപ്പെട്ടത്.
അതേസമയം തമിഴ്നാട്ടില്‍ ശനിയാഴ്ച മദ്യശാലകള്‍ വീണ്ടും തുറന്നു. ഒരു മണിക്കൂറില്‍ 70 പേര്‍ക്ക് എന്ന കണക്കിനാണ് മദ്യശാലകളില്‍ നിന്നും മദ്യം വില്‍ക്കുന്നത്.

ചെന്നൈ നഗരവും തിരുവള്ളൂരുമൊഴികെയുള്ള പ്രദേശത്തെ മദ്യവില്‍പ്പന ശാലകളാണ് തുറന്നത്. ഗ്രേറ്റര്‍ ചെന്നൈയിയുടെ അധികാര പരിധിയില്‍ വരുന്നതിനാല്‍ ചെങ്കല്‍പേട്ട്, കാഞ്ചീപുരം എന്നീ പ്രദേശങ്ങളിലെയും മദ്യശാലകള്‍ തുറക്കില്ല.

ലോക്ക് ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് തുറന്ന മദ്യശാലകള്‍ അടക്കണമെന്ന മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി കഴിഞ്ഞ ദിവസം സ്റ്റേ ചെയ്തതിനെ തുടര്‍ന്നാണ് മദ്യശാലകള്‍ തുറന്നത്.

തിരക്ക് ഒഴിവാക്കുന്നതിനും സാമൂഹിക അകലം ഉറപ്പാക്കുന്നതിനുമായി മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. ടോക്കണുകളുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടും വലിയ തിരക്കാണ് കടകള്‍ക്കുമുന്നില്‍ ഇപ്പോഴും കാണുന്നത്.

മദ്യവില്‍പനശാലകള്‍ തുറന്നതിനെതിരെ ജനകീയ പ്രതിഷേധം ശക്തമായതിന് പിന്നാലെയായിരുന്നു മദ്യശാലകള്‍ അടക്കണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ്. ഈ മാസം 17 വരെ മദ്യവില്‍പന ശാലകള്‍ തുറക്കാന്‍ പാടില്ലെന്നായിരുന്നു കോടതി പറഞ്ഞിരുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക