'തീവ്രവാദം + കൊറോണ = ഇന്ത്യയുടെ പുതിയ പ്രശ്‌നം'; തബ്‌ലീഗ് ജമാഅത്തിനെതിരെ വീഡിയോ; വിവാദ യുട്യൂബര്‍ വീണ്ടും അറസ്റ്റില്‍
national news
'തീവ്രവാദം + കൊറോണ = ഇന്ത്യയുടെ പുതിയ പ്രശ്‌നം'; തബ്‌ലീഗ് ജമാഅത്തിനെതിരെ വീഡിയോ; വിവാദ യുട്യൂബര്‍ വീണ്ടും അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 16th December 2021, 3:41 pm

ന്യൂദല്‍ഹി: വിവാദ യുട്യൂബര്‍ മാരിദാസ് വീണ്ടും അറസ്റ്റില്‍. തബ് ലീഗ് ജമാഅത്തിനെതിരെയുള്ള വീഡിയോയുടെ പേരിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

തിരുനെല്‍വേലി ജില്ലയിലെ രാഷ്ട്രീയപ്രവര്‍ത്തകന്‍ ഖാദര്‍ മീരന്‍ 2020 ഏപ്രില്‍ 4 ന് നല്‍കിയ പരാതിയിലാണ് മാരിദാസിന്റെ അറസ്റ്റ്. ‘തീവ്രവാദം + കൊറോണ = ഇന്ത്യയുടെ പുതിയ പ്രശ്‌നം/തബ് ലീഗ് ജമാഅത്ത്’ എന്ന തലക്കെട്ടിലുള്ള മാരിദാസിന്റെ യൂട്യൂബ് വീഡിയോ പോസ്റ്റിനെതിരെയാണ് മീരന്‍ പൊലീസിനെ സമീപിച്ചത്.

തബ്‌ലീഗ് ജമാഅത്തില്‍ പങ്കെടുത്ത മുസ്‌ലിങ്ങളെ ഭീകരവാദികളായാണ് മാരിദാസ് ചിത്രീകരിച്ചതെന്നും കൊവിഡ് 19 വ്യാപിപ്പിക്കലാണ് അവരുടെ ലക്ഷ്യമെന്ന് പ്രചരിപ്പിക്കാന്‍ ശ്രമിച്ചെന്നും മീരന്‍ ആരോപിച്ചു.

ഈ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. തിരുനെല്‍വേലി പൊലീസ് മാരിദാസിനെ ചെന്നൈയില്‍ നിന്ന് നെല്ലായിയിലേക്ക് തിരികെ കൊണ്ടുപോകും.

തിരുനെല്‍വേലി ജില്ലയിലെ മേലപ്പാളയം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ ഐ.ടി ആക്ട് സെക്ഷന്‍ 292 എ, 295 എ, 505 (2), 67 എന്നിവ പ്രകാരം മാരിദാസിനെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.

നേരത്തെ, ജനറല്‍ ബിപിന്‍ റാവത്തുള്‍പ്പെടെ 13 പേര്‍ കൊല്ലപ്പെട്ട ഹെലികോപ്റ്റര്‍ അപകടത്തിന് പിന്നാലെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത പോസ്റ്റുകളുമായി ബന്ധപ്പെട്ട് മാരിദാസിനെ അറസ്റ്റ് ചെയ്തിരുന്നു. ചൊവ്വാഴ്ചയാണ് ഈ എഫ്.ഐ.ആര്‍ മദ്രാസ് ഹൈക്കോടതി റദ്ദാക്കിയത്.

മാരിദാസിനെ അറസ്റ്റ് ചെയ്യരുതെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് ബി.ജെ.പി രംഗത്തെത്തിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

 

Content Highlights: Tamil Nadu Youtuber Maridhas arrested again, this time for video on Tablighi Jamaat