സംസ്ഥാനങ്ങളുടെ അവകാശം കവര്‍ന്നെടുക്കാനുള്ള ശ്രമം; യു.ജി.സി കരടിനെതിരെ പ്രമേയം പാസാക്കി തമിഴ്‌നാട്
national news
സംസ്ഥാനങ്ങളുടെ അവകാശം കവര്‍ന്നെടുക്കാനുള്ള ശ്രമം; യു.ജി.സി കരടിനെതിരെ പ്രമേയം പാസാക്കി തമിഴ്‌നാട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 9th January 2025, 2:02 pm

ചെന്നൈ: യു.ജി.സി കരടിനെതിരെ പ്രമേയം പാസാക്കി തമിഴ്‌നാട് നിയമസഭ. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ അവതരിപ്പിച്ച പ്രമേയം പ്രതിപക്ഷ പാര്‍ട്ടിയായ എ.ഐ.ഡി.എം.കെയും അംഗീകരിച്ചു.

വൈസ് ചാന്‍സിലറുടെയും അധ്യാപകരുടെയും നിയമനത്തിനും പ്രമോഷനുമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ അടങ്ങുന്ന യു.ജി.സി കരടിനെതിരെയാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ പ്രമേയം. ഏകകണ്ഠേനയാണ് പ്രമേയം അംഗീകരിച്ചത്. കരടിലെ പ്രധാനപ്പെട്ട, വൈസ് ചാന്‍സിലറുമായി ബന്ധപ്പെട്ട നിര്‍ദേശം പിന്‍വലിക്കണമെന്ന് സഭ ആവശ്യപ്പെട്ടു.

മാര്‍ഗരേഖ അനുസരിച്ച്, ചാന്‍സിലറുടെ നോമിനി ചെയര്‍പേഴ്സണാകുന്ന മൂന്നംഗ സെലക്ഷന്‍ കമ്മിറ്റിയെ നിയമിക്കാനുള്ള അധികാരംഗവര്‍ണര്‍ കം ചാന്‍സിലര്‍ക്കാണ്. വ്യവസായ വിദഗ്ധരെയോ പരിചയസമ്പന്നരായ പ്രൊഫഷണലുകളെയോ നേരിട്ട് വൈസ് ചാന്‍സിലറായി നിയമിക്കാനുമാകും. 10 വര്‍ഷത്തെ പരിചയ സമ്പന്നതയാണ് നിയമനത്തിനുള്ള മാനദണ്ഡം.

പ്രസ്തുത നിര്‍ദേശം പിന്‍വലിക്കണമെന്നാണ് തമിഴ്‌നാട് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരുകളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാനാണ് ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് എം.കെ. സ്റ്റാലിന്‍ സഭയില്‍ പറഞ്ഞു.

വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരുകളുടെ അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമാണ് ഈ നീക്കമെന്നും സ്റ്റാലിന്‍ ചൂണ്ടിക്കാട്ടി. വി.സിമാരെ നിയമിക്കാനുള്ള സെര്‍ച്ച് കമ്മിറ്റിയില്‍ യു.ജി.സി അംഗങ്ങളെ നിയമിക്കണമെന്ന ഗവര്‍ണര്‍ ആര്‍.എന്‍. രവിയുടെ നിര്‍ബന്ധത്തെയും സ്റ്റാലിന്‍ വിമര്‍ശിച്ചു.

സംസ്ഥാനത്തെ വി.സിമാരുടെ നിയമനം സംബന്ധിച്ച് ഗവര്‍ണറുമായി ഡി.എം.കെ സര്‍ക്കാര്‍ വിയോജിപ്പ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് സഭ പ്രമേയം പാസാക്കിയത്. കരട് നിലവില്‍ വന്നാല്‍ സംസ്ഥാന സര്‍ക്കാരും രാജ്ഭവനും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാകുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

അതേസമയം പ്രമേയാവതരണത്തില്‍ നിന്ന് ബി.ജെ.പി എം.എല്‍.എമാര്‍ ഇറങ്ങി പോകുകയും ചെയ്തു. വിദ്യാഭ്യാസ രംഗത്തെ ശാക്തീകരിക്കുന്നതിന് വേണ്ടിയാണ് ഈ മാറ്റങ്ങളെന്നായിരുന്നു കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ നേരത്തെ നല്‍കിയ വിശദീകരണം.

കഴിഞ്ഞ ദിവസം സര്‍വകലാശാലകളില്‍ വൈസ് ചാന്‍സിലര്‍മാരെ തെരഞ്ഞെടുക്കാനുള്ള സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ക്ക് നേരെയുള്ള നേരിട്ടുള്ള ആക്രമണമാണ് യു.ജി.സി മാര്‍ഗരേഖയെന്ന് സി.പി.ഐ.എം പ്രതികരിച്ചിരുന്നു.

ബി.ജെ.പി ഇതര സംസ്ഥാന സര്‍ക്കാരുകള്‍ ഉള്‍പ്പെടെ എല്ലാ ജനാധിപത്യ വിഭാഗങ്ങളും ഈ അപകടകരമായ വ്യവസ്ഥയെ ഒറ്റക്കെട്ടായി എതിര്‍ക്കണമെന്നും സി.പി.ഐ.എം ആവശ്യപ്പെട്ടിരുന്നു.

Content Highlight: Tamil Nadu passed a resolution against the UGC draft