ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസില്‍ തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ. പൊന്മുടിക്ക് മൂന്ന് വര്‍ഷം തടവും 50 ലക്ഷം രൂപ പിഴയും വിധിച്ച് മദ്രാസ് ഹൈക്കോടതി. പങ്കാളിയായ പി. വിശാലാക്ഷിക്കും മൂന്ന് വര്‍ഷം തടവ് വിധിച്ചിട്ടുണ്ട്. വിധി കേട്ടതിന് ശേഷം കാറിലെ ദേശീയ പതാക അഴിച്ചുമാറ്റിയതിന് ശേഷമാണ് പൊന്മുടി കോടതിയില്‍ നിന്നും പോയത്.
മൂന്ന് വര്‍ഷം തടവ് വിധിച്ചതോടെ പൊന്മുടി എം.എല്‍.എ സ്ഥാനത്ത് നിന്നും അയോഗ്യനായി. അദ്ദേഹത്തിന് മന്ത്രി സ്ഥാനവും നഷ്ടമാവും. ഇനി ആറ് വര്‍ഷത്തേക്ക് പൊന്മുടിക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല. ജനപ്രാതിനിധ്യം നിയമ പ്രകാരം രണ്ട് വര്‍ഷത്തിലധികം തടവ് ശിക്ഷ ലഭിക്കുന്ന ജനപ്രതിനിധിക്ക് അയോഗ്യനാവുന്നതിന് പുറമേ ആറ് വര്‍ഷത്തേക്ക് മത്സരിക്കാനുമാവില്ല.
വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ ഒരു മാസം സമയം അനുവദിച്ചിട്ടുണ്ട്. അനധികൃത സ്വത്ത് സമ്പാദന കേസില്‍ പൊന്‍മുടി കുറ്റക്കാരനെന്ന് മദ്രാസ് ഹൈക്കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. 2016ല്‍ മന്ത്രിയെയും വിശാലാക്ഷിയേയും കുറ്റവിമുക്തരാക്കിയ വിചാരണക്കോടതി വിധി ഹൈക്കോടതി റദ്ദാക്കുകയും ചെയ്തിരുന്നു.
കരുണാനിധി മന്ത്രിസഭയില്‍ ഖനി വകുപ്പ് കൈകാര്യം ചെയ്തിരുന്ന പൊന്‍മുടി 2006 ഏപ്രില്‍ 13നും 2010 മാര്‍ച്ച് 31നും ഇടയില്‍ 1.79 കോടി രൂപ അനധികൃതമായി സമ്പാദിച്ചെന്ന കേസിലാണ് കീഴ്ക്കോടതി വിധി റദ്ദാക്കിക്കൊണ്ട് കുറ്റക്കാരനാണെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചത്.
അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച മറ്റൊരു കേസില്‍ പൊന്‍മുടിയെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള ജില്ലാ കോടതി വിധി മദ്രാസ് ഹൈക്കോടതി വീണ്ടും പരിശോധിക്കുന്നുണ്ട്.
Content Highlight: Tamil Nadu Higher Education Minister Ponmudi jailed for three years