ചെന്നൈ: തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവി തിരിച്ചയച്ച 10 ബില്ലുകള്‍ നിയമസഭയില്‍ പുനപരിശോധിക്കാന്‍ പ്രമേയം അവതരിപ്പിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍.
യാതൊരു കാരണങ്ങളും പറയാതെ ബില്ലുകള്‍ അംഗീകരിക്കില്ലെന്ന് പറഞ്ഞ് ഗവര്‍ണര്‍ ഫയലുകള്‍ തിരിച്ചയച്ചതായി പ്രമേയം അവതരിപ്പിച്ച് സ്റ്റാലിന്‍ പറഞ്ഞു.
2020ലും 2023ലും രണ്ട് ബില്ലുകള്‍ വീതം സഭ അംഗീകരിച്ചപ്പോള്‍ കഴിഞ്ഞ വര്‍ഷം ആറ് ബില്ലുകള്‍ പാസാക്കി. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 200ലെ വ്യവസ്ഥ പ്രകാരം ബില്ലുകള്‍ വീണ്ടും നിയമസഭ പാസാക്കുകയും ഗവര്‍ണറുടെ അംഗീകാരത്തിന് സമര്‍പ്പിക്കുകയും ചെയ്താല്‍ ഗവര്‍ണര്‍ക്ക് അംഗീകാരം തടഞ്ഞു വയ്ക്കാന്‍ ആകില്ല,’ അദ്ദേഹം പറഞ്ഞു.
തമിഴ്‌നാട് നിയമസഭ നിയമങ്ങളിലെ റോള്‍ 143 പ്രകാരം ഈ ബില്ലുകള്‍ അസംബ്ലി പുനപരിശോധിക്കുമെന്ന് സഭ തീരുമാനിക്കുന്നതായും സ്റ്റാലിന്‍ പറഞ്ഞു.
സര്‍ക്കാരിന്റെ നടപടികള്‍ തടയാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നതെന്നും അതുകൊണ്ടാണ് ബില്ലുകള്‍ അംഗീകരിക്കാത്തതെന്നും സ്റ്റാലിന്‍ സഭയില്‍ പറഞ്ഞു.
‘തന്റെ വ്യക്തിപരമായ ആഗ്രഹങ്ങള്‍ കാരണമാണ് അദ്ദേഹം ബില്‍ തിരിച്ചയച്ചത്. ബില്ലുകള്‍ക്ക് അനുമതി നിഷേധിക്കുന്നത് ജനാധിപത്യവിരുദ്ധവും ജനവിരുദ്ധവുമാണ്,’ മുഖ്യമന്ത്രി പറഞ്ഞു.
ബി.ജെ.പി ഭരിക്കാത്ത സംസ്ഥാനങ്ങളെ ഗവര്‍ണര്‍മാരിലൂടെ കേന്ദ്രം ലക്ഷ്യമിടുകയാണെന്നും സ്റ്റാലിന്‍ കുറ്റപ്പെടുത്തി. ബില്ലുകള്‍ വൈകിപ്പിക്കുകയും അംഗീകരിക്കാതിരിക്കുകയും ചെയ്ത ഗവര്‍ണറുടെ നടപടിക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കേസ് കോടതിയുടെ പരിഗണനയിലാണ്.
CONTENT HIGHLIGHT: Tamil Nadu CM Stalin moves Assembly resolution to reconsider bills returned by Governor Ravi