ഇത് ഇന്ത്യയാണ്, ഹിന്ദ്യയല്ല; തമിഴ്‌നാടും ഹിന്ദി ദിനാചരണവും| D Nation
ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ഔദ്യോഗിക ഭാഷയെന്ന നിലയില്‍ രാജ്യത്തെ പരിപൂര്‍ണമായും ഐക്യത്തിന്റെ നൂലിഴയില്‍ ഒന്നിപ്പിക്കാന്‍ ഹിന്ദിക്ക് സാധിക്കുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. ഇന്ത്യ ഇപ്പോഴും ഇന്ത്യ തന്നെയാണെന്നും ഹിന്ദ്യ ആക്കേണ്ടതില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇത് അംഗീകരിക്കണമെന്നും ഹിന്ദിക്ക് നല്‍കിയിരിക്കുന്ന അതേ പ്രാധാന്യം രാജ്യത്തിന്റെ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന മറ്റ് ഭാഷകള്‍ക്കും നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സെപ്റ്റംബര്‍ 14നാണ് രാജ്യത്ത് ‘ഹിന്ദി ദിവസ്’ ആചരിക്കുന്നത്. അന്നേ ദിവസം അമിത് ഷാ നടത്തിയ പ്രസംഗത്തില്‍ രാജ്യത്തെ ഒന്നിപ്പിക്കുന്നതില്‍ ഹിന്ദി ഭാഷ പ്രധാന പങ്കുവഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഹിന്ദി വളര്‍ന്നാലേ മറ്റ് ഭാഷകളും വളരുകയുള്ളുവെന്നുമായിരുന്നു ഷായുടെ പരാമര്‍ശം.

എന്നാല്‍ ഇത് ഇന്ത്യയാണെന്നും ഹിന്ദി ദിവസ് എന്നത് മാറ്റി ഇന്ത്യയിലെ എല്ലാ ഭാഷകളേയും ആദരിക്കുന്ന ദിവസമാക്കി സെപ്റ്റംബര്‍ 14നെ മാറ്റണമെന്നുമായിരുന്നു ഇതിനോട് സ്റ്റാലിന്റെ പ്രതികരണം.

‘രാജ്യത്തിന്റെ സംസ്‌കാരവും ചരിത്രവും മനസിലാക്കാന്‍ ഒരാള്‍ ഹിന്ദി പഠിക്കണമെന്ന് പറയുന്നത് നാനാത്വത്തില്‍ ഏകത്വം എന്ന തത്വത്തിന് എതിരാണ്. ഇന്ത്യയുടെ സംസ്‌കാരവും ചരിത്രവും ഹിന്ദിയിലല്ല. തമിഴ് നയിക്കുന്ന ദ്രാവിഡ ഭാഷ രാജ്യത്തിനകത്തും പുറത്തും നിലനിന്നിരുന്നു,’ സ്റ്റാലിന്‍ പറഞ്ഞു.

രാജ്യത്തിന്റെ ശരിയായ ചരിത്രം മനസിലാക്കാന്‍ അതിന്റെ തെക്കേ ഭാഗത്തുനിന്നും ഇന്ത്യയുടെ ചരിത്രത്തെക്കുറിച്ച് എഴുതി തുടങ്ങണമെന്ന് ചരിത്രകാരന്മാര്‍ ചിന്തിച്ചിരുന്നുവെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു. ഹിന്ദിയെ ദേശീയ ഭാഷയാക്കി ഉയര്‍ത്തി കാണിക്കുന്നത് കേന്ദ്രം ഭരിക്കുന്നവരുടെ ‘ആധിപത്യ’ മനോഭാവത്തിന്റെ പ്രതിഫലനമല്ലാതെ മറ്റൊന്നുമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഭാഷയെ സംരക്ഷിക്കുന്നതിന് വേണ്ടി ജീവന്‍ ബലി നല്‍കിയ ചരിത്രമുണ്ട് തമിഴിന്. ഹിന്ദിയും ഇംഗ്ലീഷും രാജ്യത്തിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ഭാഷകളാണ്,’ 1965ല്‍ നടന്ന ഹിന്ദി വിരുദ്ധ കലാപത്തെ ഉദ്ധരിച്ച് സ്റ്റാലിന്‍ പറഞ്ഞു.

ഹിന്ദിയുടെ ആധിപത്യം കാരണം മൈഥിലി, ബോജ്പൂരി തുടങ്ങിയ ഭാഷകള്‍ക്ക് വംശനാശം സംഭവിക്കുകയാണ്. രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്‌റു രാജ്യത്തെ തമിഴ് പോലെയുള്ള ഭാഷകളെ ഹിന്ദിയുടെ ആധിപത്യത്തില്‍ നിന്ന് രക്ഷിക്കാന്‍ ഒരു മതില്‍ തീര്‍ത്തിരുന്നു. അതിന്റെ ശക്തിയിലാണ് ഇതുവരെ തമിഴ് ഹിന്ദിയുടെ ആധിപത്യത്തില്‍ പെടാത്തതെന്നും സ്റ്റാലിന്‍ പറഞ്ഞു. മറ്റ് ഭാഷകളെ കുറിച്ചും അമിത്ഷായ്ക്ക് ആശങ്കയുണ്ടായിരുന്നെങ്കില്‍ ഹിന്ദിക്കും സംസ്‌കൃതത്തിനും നല്‍കുന്നതുപോലെയുള്ള പരിഗണന അദ്ദേഹം തമിഴിനും നല്‍കിയേനെയെന്നും സ്റ്റാലിന്‍ പറഞ്ഞു.

ഭരണഘടനയിലെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന 22 ഭാഷകളും കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക, ഭരണ ഭാഷകളായി ഷാ പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭാഷകളെ ഔദ്യോഗിക ഭാഷകളായി പ്രഖ്യാപിച്ചതിന് ശേഷം, സംസ്‌കാരവും ചരിത്രവും ശക്തിപ്പെടുത്തുന്നതിനായി ഹിന്ദി ദിവസിന്റെ പേര് ഇന്ത്യന്‍ ഭാഷാ ദിനമായി മാറ്റണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും സ്റ്റാലിന്‍ പറഞ്ഞു.

ഹിന്ദി ദിവസ് ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കന്നഡ പാട്ടുകള്‍ പാടി മുന്‍ കര്‍ണാടക മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമിയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നിരുന്നു. വൈവിധ്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ഇന്ത്യയില്‍ ഒരു ഭാഷയെ മാത്രം ആഘോഷിക്കുന്നത് തെറ്റാണെന്നായിരുന്നു കുമാരസ്വാമിയുടെ പ്രതികരണം.

1949 സപ്റ്റംബര്‍ 14 ന് ആണ് ഹിന്ദി ഭാഷ ഔദ്യോഗിക ഭാഷയായും ദേവനാഗരിയെ ഔദ്യോഗിക ലിപിയായും ഇന്ത്യന്‍ പാര്‍ലമെന്റ് അംഗീകരിച്ചത്. ഇത് പിന്നീട് എല്ലാ വര്‍ഷവും ഹിന്ദി ദിനമായ ആചരിച്ചു വരികയായിരുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 343 പ്രകാരമായിരുന്നു ഹിന്ദിയെ ഒദ്യോഗിക ഭാഷയായി അന്ന് തെരഞ്ഞെടുത്തത്.

തമിഴ്‌നാട്ടില്‍ ഹിന്ദിയുടെ ഒദ്യോഗിക പദവി സംബന്ധിച്ച് സ്വാതന്ത്ര്യത്തിന് മുന്‍പും പിന്‍പും നിരവധി പ്രതിഷേധങ്ങള്‍ നടന്നിട്ടുണ്ട്. 1937ലാണ് സംസ്ഥാനത്ത് ആദ്യമായി ഹിന്ദി വിരുദ്ധ സമരം നടക്കുന്നത്. അന്ന് സ്‌കൂളില്‍ ഹിന്ദി പഠിപ്പിക്കാന്‍ നിര്‍ബന്ധിച്ചതാണ് വലിയ പ്രക്ഷോഭങ്ങള്‍ക്ക് കാരണമായത്. അന്ന് നിരവധി പേരാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. ഇത് ദ്രാവിഡ മുന്നേറ്റ കഴകത്തെ സംബന്ധിച്ച് വലിയ രാഷ്ട്രീയ നേട്ടങ്ങള്‍ക്കും പിന്നീട് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ കര്‍ണാടകരയിലെ ഭരണം നഷ്ടമായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight: Tamil nadu chief minister MK Stalin slams Amit shah’s statement saying that celebrating Hindi diwas is injustice| D Nation