ചെന്നൈ: തെരഞ്ഞെടുപ്പിന് പിന്നാലെ തമിഴ്‌നാട് ബി.ജെ.പിയിലും തര്‍ക്കം രൂക്ഷമാവുന്നു. തമിഴ്‌നാട് കാരൈക്കുടിയില്‍ നിന്ന് മത്സരിച്ച ബി.ജെ.പി. മുന്‍ ദേശീയ സെക്രട്ടറി എച്ച്. രാജ തെരഞ്ഞെടുപ്പില്‍ ഫണ്ട് തിരിമറി നടത്തിയെന്നാണ് ഉയരുന്ന ആരോപണം.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ശിവഗംഗ ജില്ലയില്‍ മത്സരിച്ച രാജ ഫണ്ട് മുക്കിയെന്നും ഇത് വീട് നിര്‍മ്മാണത്തിനായി ഉപയോഗിച്ചെന്നും പാര്‍ട്ടിയില്‍ നിന്ന് തന്നെ ആരോപണങ്ങള്‍ ഉയരുന്നുണ്ട്.
ഇതിന് പിന്നാലെ കാരൈക്കുടിയില്‍ താന്‍ തോറ്റതില്‍ പ്രാദേശിക ബി.ജെ.പി. നേതാക്കളെ എച്ച്. രാജയും അനുയായികളും ഭീഷണിപ്പെടുത്തിയതായും പരാതികള്‍ ഉയര്‍ന്നിരുന്നു. ഭീഷണിയെ തുടര്‍ന്ന് പാര്‍ട്ടി ശിവഗംഗ ജില്ലാ പ്രസിഡന്റ് സെല്‍വരാജ് രാജി സംസ്ഥാന നേതൃത്വത്തിന് കൈമാറി.
എച്ച്. രാജയുടെ മോശം പെരുമാറ്റം ആരോപിച്ചാണ് ശിവഗംഗ ജില്ലയിലെ ബി.ജെ.പി. പ്രവര്‍ത്തകര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുന്നത്. സെല്‍വരാജിന്റെ രാജിക്ക് പിന്നാലെ ബി.ജെ.പിയുടെ വെസ്റ്റ് യൂണിയന്‍ പ്രസിഡന്റ് ബാലമുരുകനും രാജിവെച്ചു.
പാര്‍ട്ടിയെ പരിപോഷിപ്പിക്കുന്നതിലും അത് വികസിപ്പിക്കുന്നതിന് അംഗങ്ങളെ കൊണ്ടുവരുന്നതിലും സെല്‍വരാജിന്റെ പങ്ക് നിര്‍ണായകമാണെന്ന് ബാലമുരുകന്‍ പറഞ്ഞു. എന്നാല്‍ അദ്ദേഹത്തെ പിന്നില്‍ നിര്‍ത്തുന്നതിനാല്‍ അദ്ദേഹം കാരണം പാര്‍ട്ടിയില്‍ ചേര്‍ന്ന ആളുകള്‍ പാര്‍ട്ടിയില്‍ നില്‍ക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും ബാലമുരുകന്‍ പറഞ്ഞു.
തിരുപ്പുവനത്തിലെ ബി.ജെ.പിയുടെ 59 ബ്രാഞ്ചുകളും പിരിച്ചുവിടുകയാണെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ എച്ച്. രാജ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് പാര്‍ട്ടിയുടെ കാരൈക്കുടി നഗര ജില്ലാ പ്രസിഡന്റ് കെ. ചന്ദ്രന്‍ ജില്ലാ പ്രസിഡന്റിന് നിവേദനം നല്‍കിയിരുന്നു.
കഴിഞ്ഞ നാല് വര്‍ഷമായി താന്‍ പാര്‍ട്ടിക്ക് വേണ്ടി തന്റെ കടമകള്‍ വളരെ വിശ്വസ്തതയോടെയാണ് നിര്‍വഹിച്ചതെന്ന് കത്തില്‍ ചന്ദ്രന്‍ പറഞ്ഞു. പക്ഷേ, തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് രാജ അദ്ദേഹത്തെ കുറ്റപ്പെടുത്തുകയായിരുന്നു. തോല്‍വിയെക്കുറിച്ചും അതില്‍ അദ്ദേഹം വഹിച്ച പങ്കിനെക്കുറിച്ചും ആത്മപരിശോധന നടത്തുന്നതിനുപകരം, രാജ മറ്റ് പാര്‍ട്ടി പ്രവര്‍ത്തകരുടെ മേല്‍ കുറ്റം ചുമത്തുകയായിരുന്നെന്ന് ചന്ദ്രന്റെ കത്തില്‍ പറയുന്നു.
കാരൈക്കുടിയിലെ ബി.ജെ.പി. വൈസ് പ്രസിഡന്റ് വഴിയും രാജയുടെ മരുമകന്‍ ആര്‍. സൂര്യ വഴിയും രാജ ഭീഷണിപ്പെടുത്തിയതായും ഭീഷണിപ്പെടുത്തിയിരുന്നു. തന്നെയോ കുടുംബത്തിനെയോ എച്ച്. രാജയുടെ ആളുകള്‍ ഉപദ്രവിക്കുമെന്ന് ഭയമുണ്ടെന്നും ചന്ദ്രന്‍ പരാതിയില്‍ പറയുന്നു.