national news
സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ LGBTQ-IA+ കമ്മ്യൂണിറ്റി നേരിടുന്ന പ്രശ്‌നങ്ങള്‍ ഉള്‍പ്പെടുത്താന്‍ ലക്ഷ്യമിട്ട് തമിഴ്നാട് സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Dec 11, 05:40 pm
Sunday, 11th December 2022, 11:10 pm

ചെന്നൈ: LGBTQIA+ പ്രശ്നങ്ങള്‍ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താനൊരുങ്ങി തമിഴ്നാട് സര്‍ക്കാര്‍. LGBTQIA+ കമ്മ്യൂണിറ്റിയുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള നിയമങ്ങള്‍ ഡിസംബര്‍ അസാനത്തോടെ വിജ്ഞാപനം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുമെന്ന് തമിഴ്നാട് സര്‍ക്കാര്‍ വെള്ളിയാഴ്ച മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. ടൈംസ് ഓഫ് ഇന്ത്യയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ LGBTQIA+ പ്രശ്നങ്ങള്‍ ഉള്‍പ്പെടുത്തുക, അധ്യാപകര്‍ക്കുള്ള പരിശീലനം, ലിംഗഭേദമന്യേയുള്ള വിശ്രമമുറികള്‍, സര്‍ക്കാര്‍ അപേക്ഷാ ഫോമുകള്‍ക്ക് ഭിന്നലിംഗക്കാര്‍ക്ക് പ്രത്യേക കോളം എന്നീ നിയമങ്ങളാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്.

‘ഈ നിയമവുമായി ബന്ധപ്പെട്ട് കരട് ചട്ടങ്ങള്‍ പ്രസിദ്ധീകരിക്കുകയും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഒരു ഭാഗത്തുനിന്നും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ലഭിച്ചിട്ടില്ല.

കരട് നിയമവകുപ്പിന്റെ അംഗീകാരത്തിനായി നിയമങ്ങള്‍ അയച്ചിട്ടുണ്ട്. ഇനിയുള്ളത് പ്രസിദ്ധീകരിക്കാനുള്ള വിജ്ഞാപനം മാത്രമാണ്,’ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ ജെ. രവീന്ദ്രന്‍ കോടതില്‍ പറഞ്ഞു.