മലയാള സിനിമയെ കുറിച്ചും സിനിമാ താരങ്ങളെ കുറിച്ചും മനസുതുറന്ന് തമിഴ് താരം വിഷ്ണു വിശാല്‍. ഇന്ത്യന്‍ സിനിമയിലെ തന്നെ ‘കിങ് ഓഫ് കണ്ടന്റ്’ ആണ് മലയാള സിനിമയെന്നും ചെറിയ ചിത്രങ്ങളില്‍ പോലും നമ്മള്‍ പ്രതീക്ഷിക്കാത്ത കണ്ടന്റുകള്‍ ഉണ്ടാകുമെന്നുമാണ് വിഷ്ണു പറഞ്ഞത്.
‘മോഹന്‍ദാസ്’ എന്ന തന്റെ പുതിയ ചിത്രത്തില്‍ ഇന്ദ്രജിത്തിനൊപ്പം അഭിനയിച്ചപ്പോഴുണ്ടായ അനുഭവത്തെ കുറിച്ചും മാതൃഭൂമി ഡോട്ട് കോമിനായി നടി മഞ്ജിമ മോഹനുമായി നടത്തിയ ‘ഇന്‍ കോണ്‍വര്‍സേഷനി’ല്‍ വിഷ്ണു സംസാരിച്ചു.
ഇന്ദ്രജിത്തിന്റെ അഭിനയം കണ്ട് താന്‍ കഥാപാത്രമാണെന്ന് മറന്നെന്നും കരിയറില്‍ ആദ്യമായാണ് ഇത്തരമൊരു അനുഭവം ഉണ്ടായതെന്നുമാണ് വിഷ്ണു പറഞ്ഞത്.
‘കോമ്പിനേഷന്‍ സീനുകളില്‍ ഇന്ദ്രജിത്ത് സാറിന്റെ അഭിനയം കണ്ട് ഞാന്‍ അമ്പരന്നുപോയി. സീനിലാണെന്ന് മറന്ന് അദ്ദേഹത്തിന്റെ പ്രകടനം നമ്മള്‍ ആസ്വദിച്ചുപോകുന്ന അവസ്ഥയായിരുന്നു. 12 വര്‍ഷത്തെ കരിയറില്‍ ആദ്യമായാണ് ഇത്തരമൊരു അനുഭവമുണ്ടാകുന്നത്. എത്ര ഉജ്ജ്വലമായാണ് അദ്ദേഹം അഭിനയിക്കുന്നത്. കഥാപാത്രത്തിനുമേല്‍ അദ്ദേഹത്തിനുള്ള നിയന്ത്രണം എന്നെ അമ്പരപ്പിച്ചുകളഞ്ഞു’ -വിഷ്ണു പറഞ്ഞു.
ഈയടുത്ത് ഞാന്‍ ഓപ്പറേഷന്‍ ജാവ എന്ന സിനിമ കണ്ടിരുന്നു. സിനിമ ഇങ്ങനെയാണെന്ന് നമ്മള്‍ വിചാരിക്കും. പക്ഷേ, തികച്ചും വ്യത്യസ്തമായൊരു വഴിയിലേക്കാകും അത് പിന്നീട് പോവുക. ആ സിനിമ കണ്ട ശേഷം ഞാന്‍ സംവിധായകനെ വിളിച്ച് സംസാരിക്കുകയും ചെയ്തിരുന്നു.
അയ്യപ്പനും കോശിയും, നായാട്ട്, ജോജി, മിന്നല്‍ മുരളി ഇവയൊക്കെ സമീപകാലത്ത് കണ്ടതില്‍ വളരെ ഇഷ്ടപ്പെട്ട സിനിമകളാണ്. മലയാളത്തില്‍ ഫഹദ് ഫാസിലാണ് ഇഷ്ടനടന്‍. പൃഥ്വിരാജ്, നിവിന്‍ പോളി ഇവരുടെയൊക്കെ സിനിമകള്‍ കാണാറുണ്ട്, വിഷ്ണു പറഞ്ഞു.
മലയാളത്തില്‍ അഭിനയിക്കണമെന്ന് തനിക്ക് അതിയായ ആഗ്രഹമുണ്ടെന്നും രാക്ഷസന്‍ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ക്ക് മലയാളി പ്രേക്ഷകര്‍ നല്‍കിയ അംഗീകാരത്തിന് താനേറെ വിലമതിക്കുന്നുണ്ടെന്നും വിഷ്ണു പറഞ്ഞു. തന്റെ അടുത്ത അഞ്ചു ചിത്രങ്ങളില്‍ മൂന്നും സംവിധാനം ചെയ്യുന്നത് മലയാളി സംവിധായകരാണെന്നും താരം പറഞ്ഞു. മലയാളിയായ മനു ആനന്ദ് സംവിധാനം ചെയ്ത എഫ്.ഐ.ആര്‍. ആണ് വിഷ്ണുവിന്റെ പുതിയ ചിത്രം.
Content highlight: tamil actor vishnu vishal about indrajith and malayalam cinema