പത്ത് വര്‍ഷത്തിന് മേലെയുള്ള കരിയറിനിടയില്‍ ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്യില്ല എന്ന റൂള്‍ തമന്ന അടുത്തിടെ ബ്രേക്ക് ചെയ്തിരുന്നു. ആമസോണില്‍ റിലീസ് ചെയ്ത ജീ കര്‍ദ, നെറ്റ്ഫ്‌ളിക്‌സിലെ ലസ്റ്റ് സ്റ്റോറീസ് 2 എന്നീ ചിത്രങ്ങളിലൂടെയാണ് തമന്ന തന്റെ അലിഖിത നിയമങ്ങള്‍ ബ്രേക്ക് ചെയ്തത്.
ഇതുവരെയുണ്ടായിരുന്ന മിഥ്യാബോധങ്ങളെ മറികടന്നതിനെ പറ്റി സംസാരിക്കുകയാണ് തമന്ന. പ്രേക്ഷകരുടെ ഇഷ്ടം നോക്കിയാണ് ഇത്രയും നാള്‍ അഭിനയിച്ചതെന്നും എന്നാല്‍ ഇപ്പോള്‍ അവര്‍ മാറിയെന്നും തമന്ന പറഞ്ഞു. തന്നിലെ മിഥ്യാബോധങ്ങളെ ഇപ്പോള്‍ മറികടന്നെന്നും കൂടുതല്‍ എക്‌സ്‌പ്ലോര്‍ ചെയ്യുന്നത് ആസ്വദിക്കുകയാണെന്നും ന്യൂസ് 18ക്ക് നല്‍കിയ അഭിമുഖത്തില്‍ തമന്ന പറഞ്ഞു.
‘ഇന്റിമേറ്റ് രംഗങ്ങള്‍ കുടുംബത്തോടൊപ്പം ഇരുന്ന കാണുമ്പോള്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന വ്യക്തിയാണ് ഞാനും. ചുറ്റുപാടുകള്‍ നോക്കിയും, ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്യാന്‍ അണ്‍കംഫര്‍ട്ടബിളായുമാണ് കരിയറിലെ ഭൂരിഭാഗം സമയവും ചെലവഴിച്ചത്.
ഇതുവരെ അഭിനയിച്ച സിനിമയിലൊന്നും അങ്ങനെ ഇന്റിമേറ്റ് സീനുകള്‍ ചെയ്തിട്ടില്ല. ഭൂരിപക്ഷം വരുന്ന പ്രേക്ഷകരുടെ പ്രതീക്ഷക്കൊത്ത് അഭിനയിക്കുന്ന ആക്ടര്‍ എന്നതില്‍ നിന്നും ഇന്റിമേറ്റ് സീനുകള്‍ ചെയ്യുന്ന, കരിയറില്‍ കൂടുതല്‍ വളരുന്ന ആക്ടറിലേക്ക് എത്തുന്നത് ഒരു വലിയ കടമ്പയായിരുന്നു.
എന്നാല്‍ പ്രേക്ഷകര്‍ മാറി. അവരിപ്പോള്‍ അങ്ങനെ ഒന്നും ചിന്തിക്കുന്നില്ല. ആ മിഥ്യാബോധങ്ങള്‍ എന്നില്‍ നിന്നും മാറി. ഇപ്പോള്‍ കൂടുതല്‍ എക്‌സ്‌പ്ലോര്‍ ചെയ്യുന്നത് ഞാന്‍ ആസ്വദിക്കുന്നുണ്ട്. ആര്‍ടിസ്റ്റ് എന്ന നിലയില്‍ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യുന്നുണ്ട്,’ തമന്ന പറഞ്ഞു.
നാല് ഭാഗങ്ങളടങ്ങുന്ന ലസ്റ്റ് സ്റ്റോറീസ് ആന്തോളജിയില്‍ സുജോയ് ഘോഷ് സംവിധാനം ചെയ്ത ചിത്രത്തിലാണ് വിജയ് ശര്‍മക്കൊപ്പം തമന്ന അഭിനയിച്ചത്. അമിത് രവീന്ദര്‍നാഥ് ശര്‍മ്മ, ആര്‍. ബാല്‍ക്കി, കൊങ്കണ സെന്‍ ശര്‍മ്മ, എന്നിവരാണ് ലസ്റ്റ് സ്റ്റോറീസ് മറ്റ് മൂന്ന് കഥകള്‍ സംവിധാനം ചെയ്തത്.