പരസ്യങ്ങളില്‍ മേക്ക് ഇന്‍ ഇന്ത്യയെ കുറിച്ച് സംസാരിക്കൂ: മോദി
national news
പരസ്യങ്ങളില്‍ മേക്ക് ഇന്‍ ഇന്ത്യയെ കുറിച്ച് സംസാരിക്കൂ: മോദി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 3rd March 2022, 2:43 pm

ന്യൂദല്‍ഹി: ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാനും ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കാനും വ്യവസായങ്ങളോട് അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മേക്ക് ഇന്‍ ഇന്ത്യ ഇക്കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് മോദി പറഞ്ഞു.

വ്യവസായ മേഖല വളരണമെങ്കില്‍ ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് മോദി പറഞ്ഞു.

‘ഇന്ന് ലോകം ഇന്ത്യയെ നോക്കി കാണുന്നത് ഉത്പാദനത്തിന്റെ പവര്‍ഹൗസ് ആയിട്ടാണ്. ഈ ലോകത്തിന് വേണ്ടി ഇന്ത്യയെ മേക്ക് ചെയ്യാം,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ആത്മനിര്‍ഭാര്‍ഭാരതിന് വേണ്ടിയും മേക്ക് ഇന്‍ ഇന്ത്യക്കും വേണ്ടിയുള്ള ബജറ്റിലെ പ്രഖ്യാപനങ്ങള്‍ അനിവാര്യമാണ്. ഈയൊരു കാലഘട്ടത്തില്‍ മേക്ക് ഇന്‍ ഇന്ത്യക്ക് വളരെ പ്രധാന്യമുണ്ട്. അത് നമുക്ക് എന്ത് ചെയ്യാന്‍ സാധിക്കുമെന്നതിനെ അത് മനസിലാക്കാന്‍ സഹായിക്കും. നമുക്ക് നല്ല വ്യാവസായിക അടിത്തറ പാകിയെടുക്കണമെങ്കില്‍ നന്നായി കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്,’ മോദി പറഞ്ഞു.

ഇലക്ട്രിക് വെഹിക്കിള്‍ നിര്‍മാണം. സ്റ്റീല്‍ ഉത്പാദനം, മെഡിക്കല്‍ ഉത്പന്നങ്ങള്‍, എന്നീ മേഖലയിലെല്ലാം മേക്ക് ഇന്‍ ഇന്ത്യ നടപ്പാകണം. കല്‍ക്കരി ഖനനമുള്‍പ്പടെയുള്ള ഖനന പ്രക്രിയകളില്‍ കൂടുതല്‍ അവസരങ്ങള്‍ ഇപ്പോള്‍ ഉണ്ടാവുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.

വ്യവസായങ്ങള്‍ അവരുടെ ഉതപന്നങ്ങളുടെ പരസ്യത്തില്‍ ‘ലോക്കല്‍ ഫോര്‍ ലോക്കല്‍’, ‘മേക്ക് ഇന്‍ ഇന്ത്യ’ തുടങ്ങിയവയെ കുറിച്ച് സംസാരിക്കണമെന്നും യുവ പ്രതിഭകളും വൈദഗ്ധ്യമുള്ളവരും മേക്ക് ഇന്‍ ഇന്ത്യയെ പ്രോത്സാഹിപ്പിക്കുന്നതിന് ഉപയോഗിക്കാമെന്നും മോദി പറഞ്ഞു.


Content Highlights: Talk about Make in India in advertisements: Modi