കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ വിദേശ കറന്‍സിക്ക് പൂര്‍ണമായും നിരോധനം ഏര്‍പ്പെടുത്തി താലിബാന്‍. ഉത്തരവ് ലംഘിച്ചാല്‍ കടുത്ത നടപടിയുണ്ടാകുമെന്നും താലിബാന്‍ പറഞ്ഞു.
”അഫ്ഗാനികളുമായുള്ള ഇടപാടുകള്‍ നടത്തുമ്പോള്‍ വിദേശ കറന്‍സി ഉപയോഗിക്കുന്നതില്‍ നിന്ന് കര്‍ശനമായി വിട്ടുനില്‍ക്കാനും എല്ലാ പൗരന്മാരോടും കടയുടമകളോടും വ്യാപാരികളോടും വ്യവസായികളോടും പൊതുജനങ്ങളോടും ഇസ്‌ലാമിക് എമിറേറ്റ് (താലിബാന്‍) നിര്‍ദ്ദേശിക്കുന്നു. ഈ ഉത്തരവ് ലംഘിക്കുന്നവര്‍ നിയമനടപടി നേരിടേണ്ടിവരും,’ താലിബാന്‍ വക്താവ് സബിയുള്ള മുജാഹിദിന്‍ പറഞ്ഞു.
അഫ്ഗാനിസ്ഥാന്റെ വിപണികളില്‍ യു.എസ് ഡോളറാണ് വ്യാപകമായ വിനിമയ മാധ്യമമായി ഉപയോഗിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. അതിര്‍ത്തി പ്രദേശങ്ങള്‍ വ്യാപാര ആവശ്യങ്ങള്‍ക്കായി പാകിസ്ഥാന്‍ പോലുള്ള അയല്‍ രാജ്യങ്ങളുടെ കറന്‍സി ഉപയോഗിക്കുന്നുണ്ട്.
നിവലില്‍ അഫ്ഗാനിസ്ഥാന്റെ സാമ്പത്തിക മേഖല കടുത്ത പ്രതിസന്ധിയിലാണ്. താലിബാന്‍ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ മറ്റ് രാജ്യങ്ങളുമായി അഫ്ഗാനിസ്ഥാന് വലിയ ബന്ധങ്ങളൊന്നുമില്ല.
ഇത്തരം ഒരു സാഹചര്യത്തിലാണ് വിദേശ കറന്‍സി ഉപയോഗിക്കുന്നത് താലിബാന്‍ നിരോധിച്ചിരിക്കുന്നത്.
ആഗസ്റ്റ് 15ന് കാബൂള്‍ താലിബാന്‍ പിടിച്ചടക്കിയതിനുപിന്നാലെ 9.5 ബില്യണിലധികം ഡോളര്‍ ലഭിക്കുന്നതില്‍ നിന്നും അഫ്ഗാനിസ്ഥാനെ യു.എസും ലോകബാങ്കും അന്താരാഷ്ട്ര നാണയ നിധിയും തടഞ്ഞിരുന്നു.