2008 മുംബൈ ഭീകരാക്രമണ പ്രതി തഹാവുർ റാണയെ ഇന്ത്യയ്ക്ക് കൈമാറും; യു.എസ് അപ്പീൽ കോടതി
national news
2008 മുംബൈ ഭീകരാക്രമണ പ്രതി തഹാവുർ റാണയെ ഇന്ത്യയ്ക്ക് കൈമാറും; യു.എസ് അപ്പീൽ കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 17th August 2024, 9:35 pm

ന്യൂദൽഹി: 2008ലെ മുംബൈ ഭീകരാക്രമണത്തിൽ പങ്കാളിയായ തഹാവൂർ ഹുസൈൻ റാണയെ ഇന്ത്യക്ക് കൈമാറുമെന്ന് യു.എസ് അപ്പീൽ കോടതി.
പാകിസ്ഥാൻ വംശജനായ കനേഡിയൻ വ്യവസായി തഹവൂർ ഹുസൈൻ റാണ വളരെക്കാലമായി യു.എസ് തടവിലാണ്. ഇന്ത്യ യു.എസ് എക്സ്ട്രാഡിഷൻ ഉടമ്പടി പ്രകാരമാണ് റാണയെ ഇന്ത്യക്ക് കൈമാറാൻ യു.എസ് അപ്പീൽ കോടതി വിധിച്ചിരിക്കുന്നത്.

‘ഇന്ത്യ യു.എസ് എക്സ്ട്രാഡിഷൻ എന്ന ഉടമ്പടി പ്രകാരം റാണയെ ഇന്ത്യക്ക് കൈമാറാൻ കോടതി വിധിക്കുന്നു,’ കോടതി പറഞ്ഞു. തന്നെ ഇന്ത്യയിലേക്ക് അയക്കാനുള്ള നീക്കത്തിനെതിരെ റാണ നൽകിയ അപ്പീലിലാണ് വിധി. 63 കാരനായ റാണയുടെ ഹേബിയസ് കോർപ്പസ് ഹരജി സെൻട്രൽ ഡിസ്ട്രിക്ട് ഓഫ് കാലിഫോർണിയ നിരസിക്കുകയായിരുന്നു.

2008ലെ മുംബൈ ഭീകരാക്രമണത്തിൽ പങ്കാളിയായ പാകിസ്ഥാൻ വംശജനായ റാണയെ കൈമാറണമെന്ന് ഇന്ത്യ ഇതിന് മുമ്പും ആവശ്യപ്പെട്ടിരുന്നു.

താൻ കുറ്റം ചെയ്തു എന്നത് തെളിയിക്കാൻ മതിയായ തെളിവുകൾ ഇന്ത്യ നൽകിയിട്ടില്ലെന്ന് റാണ വാദിച്ചു. എന്നാൽ, കൈമാറൽ കോടതി ഇയാളുടെ വാദങ്ങൾ തള്ളുകയായിരുന്നു.

ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയിലെ അംഗമായ ഡേവിഡ് കോൾമാൻ ഹെഡ്‌ലിയുമായി റാണക്ക് ബന്ധമുണ്ട്. അതേ തുടർന്ന് നിലവിൽ ലോസ് ആഞ്ചൽസ് ജയിലിൽ കഴിയുകയാണ് റാണ.

166 പേർ കൊല്ലപ്പെടുകയും മുന്നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത മുംബൈയിലെ ഭീകരാക്രമണങ്ങളിൽ റാണയുടെ പങ്കാളിത്തം വ്യക്തമാക്കാൻ ആവശ്യമായ തെളിവുകൾ ഇന്ത്യ നൽകിയിട്ടുണ്ടെന്ന് കോടതി സ്ഥിരീകരിച്ചു. എന്നിരുന്നാലും കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ അദ്ദേഹത്തിന് ഇപ്പോഴും അവസരമുണ്ട്.

നേരത്തെ, മുംബൈ ആക്രമണത്തിൽ ഉൾപ്പെട്ട ഒരു തീവ്രവാദ സംഘടനയ്ക്ക് പിന്തുണ നൽകിയതിന് റാണയെ യു.എസ് ജില്ലാ കോടതിയിൽ വിചാരണ ചെയ്തിരുന്നു. ഒരു വിദേശ തീവ്രവാദ സംഘടനയെ പിന്തുണച്ചതിനും ഡെൻമാർക്കിൽ ആക്രമണത്തിനായി ഗൂഢാലോചന നടത്തിയതിനും റാണ ശിക്ഷിക്കപ്പെട്ടിരുന്നു.

2008 നവംബർ 26ന് ഛത്രപതി ശിവാജി ടെർമിനസ്, താജ്മഹൽ ഹോട്ടൽ, നരിമാൻ ഹൗസ്, കാമ ആൻഡ് ആൽബെസ് ഹോസ്പിറ്റൽ തുടങ്ങിയ മുംബൈയിലെ പ്രമുഖ സ്ഥലങ്ങൾ ലക്ഷ്യമിട്ട് 10 ലഷ്‌കർ ഇ.തൊയ്ബയിലെ ഭീകരർ മുംബൈയിൽ ആക്രമണം നടത്തി. ഭീകരാക്രമണത്തിൽ ആറ് അമേരിക്കക്കാർ ഉൾപ്പെടെ 166 ആളുകൾ കൊല്ലപ്പെട്ടു.

2009 ഒക്ടോബറിൽ, മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട കുറ്റം ചുമത്തി അമേരിക്കൻ അധികാരികൾ റാണയെ ചിക്കാഗോയിലെ ഒ’ഹെയർ എയർപോർട്ടിൽ വെച്ച് അറസ്റ്റ് ചെയ്തു.

 

 

Content Highlight: Tahawwur Rana, 26/11 Mumbai Attacks Accused, Can Be Sent To India, Says US Court: 10 Points