Team India
അശ്വിന്‍ തിരിച്ചെത്തി; സഞ്ജുവിനും ചഹലിനും നിരാശ; തന്ത്രങ്ങള്‍ മെനയാന്‍ ധോണി; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ച് ബി.സി.സി.ഐ
സ്പോര്‍ട്സ് ഡെസ്‌ക്
2021 Sep 08, 05:49 pm
Wednesday, 8th September 2021, 11:19 pm

ന്യൂദല്‍ഹി: ഈ വര്‍ഷം നടക്കുന്ന ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു.

ഏറെ കാലമായി നിശ്ചിത ഓവര്‍ ക്രിക്കറ്റിന് പുറത്തുള്ള രവിചന്ദ്ര അശ്വിന്റെ ടീമിലേക്ക് തിരിച്ചു വന്നപ്പോള്‍ യൂസ്‌വേന്ദ്ര ചഹലിനും ചൈനാമാന്‍ ബൗളര്‍ കുല്‍ദീപ് യാദവ് എന്നിവര്‍ക്കും ടീമില്‍ ഇടം നേടാനായില്ല. മലയാളി താരം സഞ്ജു സാംസണ്‍, ശിഖര്‍ ധവാന്‍ എന്നിവര്‍ക്കും ടീം പ്രഖ്യാപനത്തില്‍ നിരാശപ്പെടേണ്ടി വന്നു.

പ്രഥമ ടി. 20 ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയെ നയിച്ച ധോനി ടീമിന്റെ ഉപദേശകനായി ഒപ്പമുണ്ടാകുമെന്നതാണ് ശ്രദ്ധേയമായ വസ്തുത. ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ ആണ് ഇക്കാര്യം അറിയിച്ചത്.

ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെ ഒമാനിലും യു.എ.ഇയിലുമായിട്ടാണ് ടൂര്‍ണമെന്റ് നടക്കുന്നത്.

വിരാട് കോഹ്ലി നയിക്കുന്ന ടീമിന്റെ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ്. കെ.എല്‍. രാഹുല്‍, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത്, ഇഷാന്‍ കിഷന്‍, ഹര്‍ദിക് പാണ്ഡ്യ, ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, രാഹുല്‍ ചാഹര്‍, അക്സര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി എന്നിവരാണ് ട്വന്റി 20 ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമാവുക.

പതിനഞ്ചംഗ ടീമിനൊപ്പം ശ്രേയസ് അയ്യര്‍, ഷാര്‍ദുല്‍ താക്കൂര്‍, ദീപക് ചാഹര്‍ എന്നിവരെ സ്റ്റാന്‍ഡ്ബൈ താരങ്ങളായും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

യു.എ.ഇയിലെ പിച്ചുകളുടെ സ്വഭാവം കണക്കിലെടുത്താണ് ഇന്ത്യ സ്പിന്നര്‍മാര്‍ക്ക് കൂടുതല്‍ അവസരം നല്‍കിയിരിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights:  T20 World Cup Squad India Announced