T20 world cup
ഞങ്ങള്‍ക്ക് അടുത്ത മത്സരം ജയിച്ചേ മതിയാകൂ, അതിന് ഇന്ത്യയെക്കാള്‍ മികച്ച ടീമില്ല; പോര്‍മുഖം തുറന്ന് ഓസ്‌ട്രേലിയ
സ്പോര്‍ട്സ് ഡെസ്‌ക്
2024 Jun 23, 02:11 pm
Sunday, 23rd June 2024, 7:41 pm

ക്രിക്കറ്റ് ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചാണ് ടി-20 ലോകകപ്പിന്റെ സൂപ്പര്‍ 8ല്‍ അഫ്ഗാനിസ്ഥാന്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയത്. സെന്റ് വിന്‍സെന്റിലെ അര്‍ണോസ് വെയ്ല്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 21 റണ്‍സിനാണ് അഫ്ഗാന്‍ സിംഹങ്ങള്‍ കങ്കാരുക്കളെ പരാജയപ്പെടുത്തിയത്. ഇതാദ്യമായാണ് അഫ്ഗാനിസ്ഥാന്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തുന്നത്.

ഈ മത്സരത്തില്‍ പരാജയപ്പെട്ടതിന് പിന്നാലെ ലോകകപ്പില്‍ ഓസ്‌ട്രേലിയയുടെ സെമി ഫൈനല്‍ പ്രവേശനം ത്രിശങ്കുവിലായിരിക്കുകയാണ്. തങ്ങളുടെ അടുത്ത മത്സരം വിജയിക്കുന്നതോടൊപ്പം ബംഗ്ലാദേശിനെതിരായ അഫ്ഗാനിസ്ഥാന്റെ അടുത്ത മത്സരത്തിലെ ജയപരാജയങ്ങളും കണക്കിലെടുത്താകും ഓസീസിന്റെ സെമി സാധ്യതകള്‍.

അഫ്ഗാനിസ്ഥാനെതിരെ പരാജയപ്പെട്ടെങ്കിലും ഓസ്‌ട്രേലിയ നിലവില്‍ ഗ്രൂപ്പ് സ്റ്റാന്‍ഡിങ്‌സില്‍ രണ്ടാം സ്ഥാനത്ത് തുടരുകയാണ്. ഇരുവര്‍ക്കും രണ്ട് മത്സരത്തില്‍ നിന്നും ഓരോ വിജയത്തോടെ രണ്ട് പോയിന്റാണെങ്കിലും മികച്ച റണ്‍ റേറ്റാണ് കങ്കാരുക്കള്‍ക്ക് തുണയായിരിക്കുന്നത്.

ഇതോടെ സൂപ്പര്‍ 8ല്‍ ഇന്ത്യക്കെതിരെ നടക്കുന്ന മത്സരം കങ്കാരുക്കളെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്.

ഇപ്പോള്‍ എന്ത് വിലകൊടുത്തും ഇന്ത്യക്കെതിരായ മത്സരത്തില്‍ വിജയിക്കുമെന്ന് പറയുകയാണ് ഓസീസ് നായകന്‍ മിച്ചല്‍ മാര്‍ഷ്. അഫ്ഗാനെതിരായ മത്സരത്തിന് ശേഷം നടന്ന പോസ്റ്റ് മാച്ച് പ്രസന്റേഷനിലാണ് മാര്‍ഷ് ഇക്കാര്യം പറഞ്ഞത്.

‘ഒരു കാര്യം ഇതിനോടകം വ്യക്തമായിരിക്കുകയാണ്. ഞങ്ങള്‍ക്ക് അടുത്ത മത്സരം ജയിച്ചേ മതിയാകൂ, അതിന് ഇന്ത്യയെക്കാള്‍ മികച്ച ടീമില്ല. ഈ രാത്രിയുടെ അവകാശികള്‍ അഫ്ഗാനിസ്ഥാനാണ്. ഈ തോല്‍വിയില്‍ തളരില്ല, എല്ലാം മറന്ന് മുമ്പോട്ട് തന്നെ കുതിക്കും’ എന്നാണ് മാര്‍ഷ് പറഞ്ഞത്.

തിങ്കളാഴ്ചയാണ് ഇന്ത്യ – ഓസ്‌ട്രേലിയ മത്സരം. ഡാരന്‍ സമി ക്രിക്കറ്റ് ഗ്രൗണ്ടാണ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച റൈവല്‍റികളിലൊന്നിന് സാക്ഷിയാകുന്നത്.

ഗ്രൂപ്പ് എ-യില്‍ നിന്നും ഇന്ത്യ, ഓസ്‌ട്രേലിയ, അഫ്ഗാനിസ്ഥാന്‍ എന്നിവരില്‍ രണ്ട് ടീമുകളാകും സെമി ഫൈനലിന് യോഗ്യത നേടുക എന്ന് ഉറപ്പായിരിക്കുകയാണ്.

ഇന്ത്യ – ഓസ്‌ട്രേലിയ മത്സരത്തില്‍ ഇന്ത്യയും, അഫ്ഗാനിസ്ഥാന്‍ – ബംഗ്ലാദേശ് മത്സരത്തില്‍ റാഷിദും സംഘവും വിജയിക്കുകയാണെങ്കില്‍ ഗ്രൂപ്പ് എ-യില്‍ നിന്നും ഏഷ്യന്‍ ടീമുകള്‍ സെമിയില്‍ കടക്കും.

 

എന്നാല്‍ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയയാണ് വിജയിക്കുന്നതെങ്കില്‍ നെറ്റ് റണ്‍ റേറ്റാകും സെമിയില്‍ പ്രവേശിക്കുന്ന ടീമുകളെ നിശ്ചയിക്കുക.

ഇന്ത്യ – ഓസ്‌ട്രേലിയ മത്സരത്തില്‍ ഇന്ത്യ വന്‍ മാര്‍ജിനില്‍ പരാജയപ്പെടുകയും അഫ്ഗാനിസ്ഥാന്‍ – ബംഗ്ലാദേശ് മത്സരത്തില്‍ അഫ്ഗാന്‍ പടുകൂറ്റന്‍ ജയം നേടുകയും ചെയ്താല്‍ ഇന്ത്യയുടെ സ്വപ്‌നങ്ങളും അവതാളത്തിലാകാന്‍ സാധ്യതയുണ്ട്.

 

Content highlight: T20 World Cup 2024: Super 8: IND vs AUS: Mitchell Marsh about the match against India