ടി-20 ലോകകപ്പിലെ രണ്ടാം സെമി ഫൈനല്‍ മത്സരം താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. മഴ കാരണം ഏറെ നേരം വൈകിയാണ് മത്സരത്തിന് ടോസ് നടന്നത്. മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ഫീല്‍ഡിങ് തെരഞ്ഞെടുത്തു. മോശമല്ലാത്ത രീതിയില്‍ ഇന്ത്യ ബാറ്റിങ് തുടരവെയാണ് രസംകൊല്ലിയായി വീണ്ടും മഴയെത്തിയതും മത്സരം നിര്‍ത്തി വെക്കേണ്ടി വന്നതും.
എന്നാല്‍ മഴയെത്തും മുമ്പ് തന്നെ ഇംഗ്ലണ്ട് ഇന്ത്യക്ക് മേല്‍ ഇരട്ട പ്രഹരമേല്‍പിച്ചിരുന്നു. സൂപ്പര്‍ താരങ്ങളായ വിരാട് കോഹ്‌ലിയെയും റിഷബ് പന്തിനെയും മടക്കിയാണ് ഇംഗ്ലണ്ട് മത്സരത്തില്‍ അപ്പര്‍ഹാന്‍ഡ് നേടിയിരിക്കുന്നത്.
മത്സരത്തിലെ മൂന്നാം ഓവറിലാണ് ഇംഗ്ലണ്ട് വിരാടിനെ മടക്കിയത്. ഒമ്പത് പന്തില്‍ ഒമ്പത് റണ്‍സ് നേടി നില്‍ക്കവെ റീസ് ടോപ്‌ലിയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായാണ് വിരാട് പുറത്തായത്.
ഇതോടെ ഒരു മോശം റെക്കോഡും വിരാടിന്റെ പേരില്‍ കുറിക്കപ്പെട്ടിരുന്നു. ചരിത്രത്തിലാദ്യമായി ഒരു ടി-20 ലോകകപ്പില്‍ അഞ്ച് തവണ ഒറ്റയക്കത്തിന് പുറത്താകുന്ന ആദ്യ ഇന്ത്യന്‍ ബാറ്റര്‍ എന്ന മോശം റെക്കോഡാണ് വിരാട് തന്റെ പേരില്‍ കുറിച്ചത്.
ഗ്രൂപ്പ് ഘട്ടത്തില്‍ അയര്‍ലന്‍ഡിനെതിരെ അഞ്ച് പന്തില്‍ ഒരു റണ്‍സ് നേടി പുറത്തായ വിരാട് പാകിസ്ഥാനെതിരെ മൂന്ന് പന്തില്‍ നാല് റണ്ണും നേടി മടങ്ങി. യു.എസ്.എക്കെതിരായ മത്സരത്തില്‍ ഗോള്‍ഡന്‍ ഡക്കായാണ് വിരാട് പുറത്തായത്. ടി-20 ലോകകപ്പിന്റെ ചരിത്രത്തില്‍ ഇതാദ്യമായിട്ടായിരുന്നു വിരാട് ‘സംപൂജ്യനായി’ മടങ്ങുന്നത്.
സൂപ്പര്‍ 8ല്‍ അഫ്ഗാനെതിരെയും ബംഗ്ലാദേശിനെതിരെയും വിരാട് ഇരട്ടയക്കം കണ്ടെങ്കിലും ഓസ്‌ട്രേലിയക്കെതിരെ വീണ്ടും പിഴച്ചു. അഞ്ച് പന്ത് നേരിട്ട് ഒറ്റ റണ്‍സ് പോലും കണ്ടെത്താന്‍ സാധിക്കാതെയാണ് വിരാട് പുറത്തായത്.
ഇപ്പോള്‍ സെമിയില്‍ ഇംഗ്ലണ്ടെനെതിരെ ഒമ്പത് റണ്‍സും നേടി വിരാട് പുറത്തായി.
മത്സരത്തിലേക്ക് മടങ്ങി വരുമ്പോള്‍ ആറാം ഓവറിലാണ് ഇന്ത്യക്ക് റിഷബ് പന്തിനെ നഷ്ടമാകുന്നത്. ആറ് പന്തില്‍ നാല് റണ്‍സ് നേടി നില്‍ക്കവെ സാം കറണിന്റെ പന്തില്‍ ജോണി ബെയര്‍സ്‌റ്റോക്ക് ക്യാച്ച് നല്‍കിയാണ് വിക്കറ്റ് കീപ്പര്‍ തിരിച്ചുനടന്നത്.
Sam Curran into the attack… and another wicket!
Rishabh Pant is caught by Jonny Bairstow at midwicket 😎