ഒരു പതിറ്റാണ്ടിലധികം നീണ്ടുനിന്ന കിരീട വരള്‍ച്ചക്ക് അന്ത്യം കുറിച്ചാണ് ഇന്ത്യ ടി-20 ലോകകപ്പ് കിരീടം ചൂടിയത്. ഗ്രൂപ്പ് ഘട്ടം മുതല്‍ ഒരു മത്സരം പോലും പരാജയപ്പെടാതെയാണ് ഇന്ത്യ ഫൈനലിന് യോഗ്യത നേടിയതും കപ്പുയര്‍ത്തിതും.
ബാര്‍ബഡോസിലെ കെന്‍സിങ്ടണ്‍ ഓവലില്‍ നടന്ന മത്സരത്തില്‍ ഏഴ് റണ്‍സിനാണ് ഇന്ത്യ വിജയിച്ചുകയറിയത്. ഇന്ത്യ ഉയര്‍ത്തിയ 177 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സൗത്ത് ആഫ്രിക്കക്ക് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.
𝗖.𝗛.𝗔.𝗠.𝗣.𝗜.𝗢.𝗡.𝗦 🏆#TeamIndia 🇮🇳 HAVE DONE IT! 🔝👏
ICC Men’s T20 World Cup 2024 Champions 😍#T20WorldCup | #SAvIND pic.twitter.com/WfLkzqvs6o
— BCCI (@BCCI) June 29, 2024
ഈ വിജയത്തിന് പിന്നാലെ ഒരു ഐതിഹാസിക നേട്ടമാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ സ്വന്തമാക്കിയത്. അന്താരാഷ്ട്ര ടി-20യുടെ ചരിത്രത്തില്‍ ഒരു ടീമിനെ 50 മത്സരങ്ങളില്‍ വിജയത്തിലേക്ക് നയിക്കുന്ന ആദ്യ ക്യാപ്റ്റന്‍ എന്ന നേട്ടമാണ് രോഹിത് ശര്‍മ സ്വന്തമാക്കിയത്.
48 വിജയവുമായി പാക് നായകന്‍ ബാബര്‍ അസമാണ് രണ്ടാമതുള്ളത്.
അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവുമധികം മത്സരത്തില്‍ ടീമിനെ വിജയത്തിലേക്ക് നയിച്ച ക്യാപ്റ്റന്‍മാര്‍
(താരം – ടീം – മത്സരം – വിജയം – വിജയശതമാനം എന്നീ ക്രമത്തില്‍)
രോഹിത് ശര്‍മ – ഇന്ത്യ – 63 – 50 – 79.36%
ബാബര്‍ അസം – പാകിസ്ഥാന്‍ – 85 – 48 – 56.47%
ബ്രയാന്‍ മസാബ – ഉഗാണ്ട – 60 – 45 – 75.00%
അസ്ഗര്‍ അഫ്ഗാന്‍ – അഫ്ഗാനിസ്ഥാന്‍ – 52 – 42 – 80.76%
ഒയിന്‍ മോര്‍ഗന്‍ – ഇംഗ്ലണ്ട് – 72 – 42 – 58.33%
What A Moment & What A Win to reach The Landmark! 🔝 🙌
Captain Rohit Sharma! 🫡 🫡 #T20IWorldCup | #TeamIndia | #SAvIND | @ImRo45 pic.twitter.com/i3hLTuXZpt
— BCCI (@BCCI) June 29, 2024
ഇന്ത്യ ഉയര്‍ത്തിയ 177 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ സൗത്ത് ആഫ്രിക്കക്ക് തുടക്കം പിഴച്ചിരുന്നു. റീസ ഹെന്‍ഡ്രിക്‌സിനെയും ഏയ്ഡന്‍ മര്‍ക്രമിനെയും ഒറ്റയക്കത്തിന് നഷ്ടപ്പെട്ട സൗത്ത് ആഫ്രിക്ക പക്ഷേ മൂന്നാം വിക്കറ്റില്‍ തിരിച്ചടിച്ചു.
ട്രിസ്റ്റണ്‍ സ്റ്റബ്‌സിന്റെയും ക്വിന്റണ്‍ ഡി കോക്കിന്റെയും കൂട്ടുകെട്ടില്‍ സൗത്ത് ആഫ്രിക്ക മത്സരത്തിലേക്ക് തിരിച്ചുവന്നു. 58 റണ്‍സാണ് മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത്.
ടീം സ്‌കോര്‍ 70ല്‍ നില്‍ക്കവെ സ്റ്റബ്‌സിനെ പുറത്താക്കി അക്‌സര്‍ പട്ടേല്‍ ഇന്ത്യക്കാവശ്യമായ ബ്രേക് ത്രൂ നല്‍കി. എന്നാല്‍ അഞ്ചാം നമ്പറില്‍ ഹെന്‌റിക് ക്ലാസന്‍ കളത്തിലെത്തിയതോടെ ഇന്ത്യന്‍ ആരാധകര്‍ ആശങ്കയിലായി.
ഇന്ത്യയുടെ മികച്ച ബൗളര്‍മാരെ നിര്‍ദയം തല്ലിയൊതുക്കി ക്ലാസന്‍ സൗത്ത് ആഫ്രിക്കയെ വളരെ വേഗം ടാര്‍ഗെറ്റിലേക്കടുപ്പിച്ചു. അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി ക്ലാസന്‍ ഇന്ത്യയെ ഞെട്ടിച്ചുകൊണ്ടിരുന്നു.
എന്നാല്‍ ഹര്‍ദിക് പാണ്ഡ്യ ഒരിക്കല്‍ക്കൂടി ഇന്ത്യയുടെ രക്ഷകനായി. ക്ലാസനെ പന്തിന്റെ കൈകളിലെത്തിച്ച് പുറത്താക്കി. 27 പന്തില്‍ 52 റണ്‍സ് നേടിയാണ് താരം മടങ്ങിയത്.
ഡി കോക്കിന് പിന്നാലെ ക്രീസിലെത്തിയ ഡേവിഡ് മില്ലറും സൗത്ത് ആഫ്രിക്കക്ക് പ്രതീക്ഷ നല്‍കിക്കൊണ്ടിരുന്നു. എന്നാല്‍ അവസാന ഓവറിലെ ആദ്യ പന്തില്‍ മില്ലറിനെ ഹര്‍ദിക് മടക്കിയതോടെ ഇന്ത്യന്‍ ക്യാമ്പുകളില്‍ ആഘോഷങ്ങള്‍ക്ക് തിരിതെളിഞ്ഞുതുടങ്ങിയിരുന്നു.
ആ ഓവറില്‍ റബാദയെയും മടക്കി ഹര്‍ദിക് മൂന്ന് വിക്കറ്റ് നേട്ടവും ആഘോഷമാക്കി. അവസാന പന്തില്‍ ഒരു റണ്‍സ് മാത്രം പിറന്നതോടെ ഇന്ത്യ ഏഴ് റണ്‍സിന്റെ വിജയം സ്വന്തമാക്കുകയായിരുന്നു.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സാണ് ഇന്ത്യ നേടിയത്. വിരാട് കോഹ്‌ലിയുടെ അര്‍ധ സെഞ്ച്വറിയും അക്സര്‍ പട്ടേലിന്റെ അര്‍ധ സെഞ്ച്വറിയോളം പോന്ന ഇന്നിങ്സുമാണ് ഇന്ത്യക്ക് മോശമല്ലാത്ത സ്‌കോര്‍ സമ്മാനിച്ചത്.
ക്യാപ്റ്റന്‍ രോഹിത് ശര്‍മയും റിഷബ് പന്തും സൂര്യകുമാര്‍ യാദവും വന്നതുപോലെ തിരിച്ചുനടന്നതിന് പിന്നാലെയാണ് ഇന്ത്യയെ താങ്ങി നിര്‍ത്തിയ കൂട്ടുകെട്ടുമായി വിരാട് കോഹ് ലിയും അക്‌സര്‍ പട്ടേലും കൈകോര്‍ത്തത്.
59 പന്ത് നേരിട്ട് ആറ് ബൗണ്ടറിയുടെയും രണ്ട് സിക്സറിന്റെയും അകമ്പടിയോടെ 76 റണ്‍സാണ് വിരാട് നേടിയത്. 31 പന്തില്‍ 47 റണ്‍സ് നേടി നില്‍ക്കവെ ക്വിന്റണ്‍ ഡി കോക്കിന്റെ ഡയറക്ട് ഹിറ്റ് റണ്‍ ഔട്ടിലൂടെയാണ് അക്സര്‍ പട്ടേല്‍ പുറത്താകുന്നത്. നാല് സിക്സറും ഒരു ബൗണ്ടറിയുമാണ് താരത്തിന്റെ ഇന്നിങ്സിലുണ്ടായിരുന്നത്.
16 പന്തില്‍ 27 റണ്‍സ് നേടിയ ശിവം ദുബെയുടെ ഇന്നിങ്സും ഇന്ത്യന്‍ ടോട്ടലില്‍ നിര്‍ണായകമായി.
സൗത്ത് ആഫ്രിക്കക്കായി ആന്റിക് നോര്‍ക്യയും കേശവ് മഹാരാജും രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ കഗീസോ റബാദയും മാര്‍കോ യാന്‍സെനും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടവും ഇന്ത്യ സ്വന്തമാക്കിയിരുന്നു. ടി-20 ലോകകപ്പുകളുടെ ഫൈനലില്‍ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന ടോട്ടല്‍ എന്ന നേട്ടമാണ് ഇന്ത്യ തങ്ങളുടെ പേരിന് നേരെ എഴുതിച്ചേര്‍ത്തത്.
2021 ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെതിരെ ഓസ്ട്രേലിയ നേടിയ 173/2 റണ്‍സിന്റെ റെക്കോഡാണ് ഇതോടെ പഴങ്കഥയായത്. ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 173 റണ്‍സിന്റെ വിജയലക്ഷ്യം ഏഴ് പന്തും എട്ട് വിക്കറ്റും ശേഷിക്കെ മറികടന്നാണ് ഓസ്ട്രേലിയ ഈ നേട്ടം സ്വന്തമാക്കിയത്.
Content highlight: T20 World Cup 2024:Rohit Sharma became the first captain to lead the team to victory in 50 international T20 matches