ബാറ്റിങ്ങിനിറങ്ങും മുമ്പേ റസലിനും ഫിഫ്റ്റി, പൂരനും ഫിഫ്റ്റി; ലോകകപ്പില്‍ സ്വന്തം കരിയര്‍ മാറ്റിയെഴുതി കരീബിയന്‍ കരുത്തര്‍
T20 world cup
ബാറ്റിങ്ങിനിറങ്ങും മുമ്പേ റസലിനും ഫിഫ്റ്റി, പൂരനും ഫിഫ്റ്റി; ലോകകപ്പില്‍ സ്വന്തം കരിയര്‍ മാറ്റിയെഴുതി കരീബിയന്‍ കരുത്തര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 2nd June 2024, 10:55 pm

2024 ടി-20 ലോകകപ്പിലെ രണ്ടാം മത്സരം ഗയാനയില്‍ തുടരുകയാണ്. ലോകകപ്പിന്റെ സഹ ആതിഥേയരായ വെസ്റ്റ് ഇന്‍ഡീസും പപ്പുവ ന്യൂ ഗിനിയുമാണ് പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടുന്നത്.

മത്സരത്തില്‍ ടോസ് നേടിയ വിന്‍ഡീസ് നായകന്‍ റോവ്മന്‍ പവല്‍ ഫീല്‍ഡിങ് തെരഞ്ഞെടുത്തു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പി.എന്‍.ജി നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സ് നേടി. വെറ്ററന്‍ സൂപ്പര്‍ താരം സെസെ ബൗവിന്റെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് പപ്പുവ ന്യൂ ഗിനി പൊരുതാവുന്ന സ്‌കോറിലെത്തിയത്.

മത്സരത്തില്‍ വിന്‍ഡീസ് സൂപ്പര്‍ താരങ്ങളായ നിക്കോളാസ് പൂരനും ആന്ദ്രേ റസലും തകര്‍പ്പന്‍ റെക്കോഡുകള്‍ സ്വന്തമാക്കിയിരുന്നു. ടി-20 കരിയറിലെ തന്നെ സുപ്രധാന നാഴികക്കല്ലുകളാണ് ഇരുവരും താണ്ടിയത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ 50 വിക്കറ്റെന്ന നേട്ടമാണ് റസല്‍ സ്വന്തമാക്കിയത്. പി.എന്‍.ജിക്കെതിരെ ആദ്യ വിക്കറ്റ് നേടിയതോടെയാണ് ഡ്രെ റസ് വിക്കറ്റ് വീഴ്ത്തി അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഇതിന് പുറമെ ടി-20 ലോകകപ്പില്‍ 20 വിക്കറ്റെന്ന നേട്ടവും താരം സ്വന്തമാക്കി.

തന്റെ 76ാം അന്താരാഷ്ട്ര ടി-20യിലാണ് റസല്‍ 50 വിക്കറ്റെന്ന നാഴികക്കല്ല് മറികടന്നത്. 33.17 എന്ന ശരാശരിയിലും 9.43 എന്ന എക്കോണമിയിലുമാണ് താരം പന്തെറിയുന്നത്.

ഈ നേട്ടം സ്വന്തമാക്കുന്ന ആറാമത് വിന്‍ഡീസ് ബൗളറെന്ന നേട്ടവും ഇതോടെ വിന്‍ഡീസ് ഓള്‍ റൗണ്ടര്‍ തന്റെ പേരിലെഴുതിച്ചേര്‍ത്തു. ഡ്വെയ്ന്‍ ബ്രാവോ (78), ജേസണ്‍ ഹോള്‍ഡര്‍ (66), സാമുവല്‍ ബദ്രീ (54), സുനില്‍ നരെയ്ന്‍ (52), ഷെല്‍ഡണ്‍ കോട്രെല്‍ (52) എന്നിവരാണ് ഇതിന് മുമ്പ് അന്താരാഷ്ട്ര ടി-20യില്‍ 50 വിക്കറ്റ് വീഴ്ത്തിയ മറ്റ് കരീബിയന്‍ താരങ്ങള്‍.

അന്താരാഷ്ട്ര ടി-20യില്‍ 50 ക്യാച്ചുകളെന്ന നേട്ടമാണ് പൂരന്‍ സ്വന്തമാക്കിയത്. കരിയറിലെ 88ാം മത്സരത്തില്‍ ചാള്‍സ് അമിനിയുടെ ക്യാച്ച് കൈപ്പിടിയിലൊതുക്കിയതോടെയാണ് പൂരന്‍ 50 ടി-20ഐ ക്യാച്ച് പൂര്‍ത്തിയാക്കിയത്.

അതേസമയം, പി.എന്‍.ജി ഉയര്‍ത്തിയ 137 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ വിന്‍ഡീസ് എട്ട് ഓവര്‍ പിന്നിടുമ്പോള്‍ 61ന് ഒന്ന് എന്ന നിലയിലാണ്. 21 പന്തില്‍ 33 റണ്‍സുമായി ബ്രാന്‍ഡന്‍ കിങ്ങും 26 പന്തില്‍ 27 റണ്‍സുമായി നിക്കോളാസ് പൂരനുമാണ് ക്രീസില്‍.

വെസ്റ്റ് ഇന്‍ഡീസ് പ്ലെയിങ് ഇലവന്‍

ബ്രാന്‍ഡന്‍ കിങ്, ജോണ്‍സണ്‍ ചാള്‍സ്, നിക്കോളാസ് പൂരന്‍ (വിക്കറ്റ് കീപ്പര്‍), റോസ്റ്റണ്‍ ചെയ്‌സ്, റോവ്മന്‍ പവല്‍ (ക്യാപ്റ്റന്‍), ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡ്, ആന്ദ്രേ റസല്‍, റൊമാരിയോ ഷെപ്പേര്‍ഡ്, അകീല്‍ ഹൊസൈന്‍, അല്‍സാരി ജോസഫ്, ഗുഡാകേഷ് മോട്ടി.

പപ്പുവ ന്യൂ ഗിനി പ്ലെയിങ് ഇലവന്‍

ടോണി ഉര, അസാദ് വാല (ക്യാപ്റ്റന്‍), ലെഗ സിയാക, സെസെ ബൗ, ഹിരി ഹിരി, ചാള്‍സ് അമിനി, കിപ്ലിന്‍ ഡോരിഗ (വിക്കറ്റ് കീപ്പര്‍), ആലെയ് നവോ, ചാഡ് സോപര്‍, കാബുവ മോറിയ, ജോണ്‍ കരികോ.

 

Content Highlight: T20 World Cup 2024: PNG vs WI: Andre Russell and Nicholas Pooran in record achievement