ടി-20 ലോകകപ്പില്‍ ഇന്ത്യ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങിയിരിക്കുകയാണ്. ന്യൂയോര്‍ക്കിലെ ഈസ്റ്റ് മെഡോയില്‍ നടക്കുന്ന മത്സരത്തില്‍ അയര്‍ലന്‍ഡാണ് എതിരാളികള്‍.
മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ എതിരാളികളെ ബാറ്റിങ്ങിനയച്ചു.
പ്രതീക്ഷിച്ച തുടക്കമല്ല ന്യൂയോര്‍ക്കില്‍ അയര്‍ലന്‍ഡിന് ലഭിച്ചത്. അര്‍ഷ്ദീപ് സിങ്ങെറിഞ്ഞ ആദ്യ ഓവറില്‍ മൂന്ന് റണ്‍സ് മാത്രമാണ് ഐറിഷ് ബാറ്റര്‍മാര്‍ക്ക് കണ്ടെത്താന്‍ സാധിച്ചത്. സിറാജിന്റെ രണ്ടാം ഓവറില്‍ പിറന്നതാകട്ടെ വെറും നാല് റണ്‍സും.
മൂന്നാം ഓവറിലെ ആദ്യ പന്തില്‍ ഐറിഷ് പടയ്ക്ക് തിരിച്ചടിയേറ്റു. ക്യാപ്റ്റന്‍ പോള്‍ സ്‌റ്റെര്‍ലിങ്ങിനെ ടീമിന് നഷ്ടമായി. ആറ് പന്തില്‍ രണ്ട് റണ്‍സ് നേടി നില്‍ക്കവെ അര്‍ഷ്ദീപിന്റെ പന്തില്‍ റിഷബ് പന്തിന് ക്യാച്ച് നല്‍കിയാണ് താരം മടങ്ങിയത്.
Jaldi jaldi @arshdeepsinghh ko wickets ki mubaarakein de do sab! 🫂💯
ഓവറിലെ അവസാന പന്തില്‍ അര്‍ഷ്ദീപ് ഒരിക്കല്‍ക്കൂടി രക്തം ചിന്തി. ഇത്തവണ സൂപ്പര്‍ താരം ആന്‍ഡ്രൂ ബാല്‍ബിര്‍ണിയായിരുന്നു ഇര. അര്‍ഷ്ദീപിന്റെ ഗുഡ് ലെങ്ത് ഡെലിവെറിയില്‍ ക്ലീന്‍ ബൗള്‍ഡായാണ് താരം പുറത്തായത്. പത്ത് പന്ത് നേരിട്ട് അഞ്ച് റണ്‍സുമായാണ് ബാല്‍ബിര്‍ണി പുറത്തായത്.
മൂന്നാം ഓവറില്‍ അയര്‍ലന്‍ഡിന്റെ രണ്ട് ഓപ്പണര്‍മാരെയും മടക്കിയതോടെ ഒരു തകര്‍പ്പന്‍ നേട്ടമാണ് അര്‍ഷ്ദീപ് സ്വന്തമാക്കിയത്. അന്താരാഷ്ട്ര ടി-20യില്‍ ഇന്ത്യക്കായി പവര്‍പ്ലേ ഓവറുകളില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തുന്ന രണ്ടാമത് താരമെന്ന നേട്ടമാണ് അര്‍ഷ്ദീപ് സ്വന്തമാക്കിയത്.
സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറയെ മറികടന്നാണ് അര്‍ഷ്ദീപ് ഈ നേട്ടത്തിലെത്തിയത്. ബുംറ പവര്‍പ്ലേയില്‍ 25 തവണ ബാറ്റര്‍മാരെ മടക്കിയപ്പോള്‍ 26ാം വിക്കറ്റാണ് പവര്‍പ്ലേയില്‍ അര്‍ഷ്ദീപ് നേടിയത്.
രണ്ടാമതുള്ള ബുംറയെ മറികടക്കാന്‍ അര്‍ഷ്ദീപിന് സാധിച്ചെങ്കിലും ഒന്നാമതുള്ള സ്റ്റാര്‍ പേസര്‍ ഭുവനേശ്വര്‍ കുമാറിനെ മറികടക്കാന്‍ അര്‍ഷ്ദീപ് ഇനിയുമേറെ വിക്കറ്റുകള്‍ വീഴ്ത്തണം. പവര്‍പ്ലേയില്‍ നിന്ന് മാത്രമായി 47 തവണയാണ് ഭുവി ഇന്ത്യക്കായി അന്താരാഷ്ട്ര ടി-20യില്‍ വിക്കറ്റുകള്‍ വിഴ്ത്തിയത്.
അതേസമയം, ഇന്ത്യക്കെതിരെ ബാറ്റിങ് തുടരുന്ന അയര്‍ലന്‍ഡ് ബാറ്റിങ് നിര തകര്‍ന്നടിയുകയാണ്. നിലവില്‍ പത്ത് ഓവര്‍ പിന്നിടുമ്പോള്‍ 49 റണ്‍സിന് ആറ് വിക്കറ്റ് എന്ന നിലയിലാണ് അയര്‍ലന്‍ഡ്. ഒരു പന്തില്‍ മൂന്ന് റണ്‍സുമായി മാര്‍ക് അഡയറും ഒരു പന്ത് നേരിട്ട് അക്കൗണ്ട് തുറക്കാത്ത ഗാരത് ഡെലാനിയുമാണ് ക്രീസില്‍.