കൊച്ചി: ഷുക്കൂര്‍ വധക്കേസില്‍ ടി.വി. രാജേഷ് എം.എല്‍.എ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. കേസിലെ 38-ാം പ്രതിയായ പി. ജയരാജനെ ഇന്നലെ അറസ്റ്റ് ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് രാജേഷ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. നിലവില്‍ ഷുക്കൂര്‍ വധക്കേസിലെ 39-ാം പ്രതിയാണ് രാജേഷ്. ഷുക്കൂര്‍ വധിക്കപ്പെടുമെന്ന് അറിഞ്ഞിട്ടും തടഞ്ഞില്ല എന്നതാണ് രാജേഷിനെതിരെയും ചുമത്തിയിരിക്കുന്ന കുറ്റം. പി. ജയരാജനെയും ഇതേ കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. []
ലീഗിന്റെ സമ്മര്‍ദത്തിന് വഴങ്ങിയാണ് തന്നെ കേസില്‍ പ്രതി ചേര്‍ത്തതെന്നും താന്‍ ഒളിവില്‍ പോകുമെന്ന ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും രാജേഷ് ജാമ്യഹരജിയില്‍ ബോധിപ്പിച്ചു.
പി.ജയരാജനെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് സി.പി.ഐ.എം ആഹ്വാനം നല്‍കിയ ഹര്‍ത്താല്‍ സംസ്ഥാനത്ത് ഇപ്പോള്‍ നടന്നു വരികയാണ്. ഹര്‍ത്താലില്‍ വ്യാപകമായ അക്രമണവും നടക്കുന്നുണ്ട്.
ടി.വി. രാജേഷ് എം.എല്‍.എ ആയതിനാല്‍ അദ്ദേഹത്തെ അറസ്റ്റുചെയ്യാന്‍ സ്പീക്കറുടെ മുന്‍കൂര്‍ അനുമതി ആവശ്യമുണ്ട്.
അതേസമയം ജയരാജന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേയ്ക്ക് മാറ്റിയിരിക്കുകയാണ്. കണ്ണൂര്‍ ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.