കോട്ടയം കുഞ്ഞച്ചന്റെ രണ്ടാംഭാഗത്തിന് പ്ലാൻ ചെയ്ത കഥ പിന്നീട് ആ മമ്മൂട്ടി ചിത്രമായി വന്നു: ടി.എസ്. സുരേഷ് ബാബു
Entertainment
കോട്ടയം കുഞ്ഞച്ചന്റെ രണ്ടാംഭാഗത്തിന് പ്ലാൻ ചെയ്ത കഥ പിന്നീട് ആ മമ്മൂട്ടി ചിത്രമായി വന്നു: ടി.എസ്. സുരേഷ് ബാബു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 14th November 2024, 3:00 pm

മലയാളികള്‍ക്ക് ഒട്ടനവധി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് ടി.എസ്. സുരേഷ്ബാബു. പ്രായിക്കര പാപ്പന്‍, ഉപ്പുകണ്ടം ബ്രദേഴ്‌സ്, കോട്ടയം കുഞ്ഞച്ചന്‍ തുടങ്ങി ഒരുപാട് ഹിറ്റുകള്‍ സുരേഷ് ബാബു ഒരുക്കിയിട്ടുണ്ട്.

അതുവരെ സീരിയസ് റോളുകള്‍ മാത്രം ചെയ്തുവന്ന മമ്മൂട്ടിയെ പുതിയൊരു രൂപത്തില്‍ കണ്ട ചിത്രമായിരുന്നു കോട്ടയം കുഞ്ഞച്ചന്‍. ചിത്രം വലിയ വിജയമായതിന് പിന്നാലെ കോട്ടയം കുഞ്ഞച്ചന്റെ രണ്ടാംഭാഗത്തെ കുറിച്ചും ചർച്ചകൾ ഉണ്ടായിരുന്നു.

എന്നാൽ കിഴക്കൻ പത്രോസ് എന്ന സിനിമയുമായി നല്ല സാമ്യമുള്ള കഥയായിരുന്നു കോട്ടയം കുഞ്ഞച്ചന്റെ രണ്ടാംഭാഗത്തിന് വേണ്ടി ആലോചിച്ചതെന്നും അതുകൊണ്ടാണ് സിനിമ നടക്കാതെ പോയതെന്നും സുരേഷ് ബാബു പറയുന്നു. വെറും പത്ത് ദിവസം കൊണ്ടാണ് മാന്യന്മാർ എന്ന സിനിമയുടെ ഷൂട്ട് തുടങ്ങിയതെന്നും അന്നത്തെ കാലത്ത് അതെല്ലാം സാധ്യമായിരുന്നുവെന്നും അദ്ദേഹം അമൃത ടി.വിയോട് പറഞ്ഞു.

‘കിഴക്കൻ പത്രോസ് എന്ന സിനിമ കാരണമാണ് കോട്ടയം കുഞ്ഞച്ചന്റെ രണ്ടാംഭാഗം സംഭവിക്കാതിരുന്നത്. കാരണം കിഴക്കൻ പത്രോസിനും കോട്ടയം കുഞ്ഞച്ചന്റെ രണ്ടാംഭാഗത്തിനുമൊക്കെ ഏതാണ്ടൊരു സാമ്യമുണ്ടായിരുന്നു.

അരയൻ പത്രോസ് എന്നായിരുന്നു സത്യത്തിൽ ആ സിനിമയുടെ പ്ലോട്ട്. ആ സമയത്ത് ഡെന്നീസ് എന്നെ വിളിച്ച് പറഞ്ഞു, ഞാനൊരു സ്ക്രിപ്റ്റ് ഏഴ് ദിവസത്തിനകം എഴുതി തരാമെന്ന്. ആ സ്ക്രിപ്റ്റ് പത്താം ദിവസം ഷൂട്ടിങ് തുടങ്ങി.

അന്നൊക്കെ അത് സാധിക്കുമായിരുന്നു. അത് ഫുൾ സ്ക്രിപ്റ്റായിരുന്നു. എഴുതാനിരുന്ന് പത്താമത്തെ ദിവസം സംഭവിച്ച സിനിമയായിരുന്നു മാന്യന്മാർ. അതിനകത്ത് ഇല്ലാത്ത നടന്മാരില്ല. മുകേഷ്, ശ്രീനിവാസൻ, ജഗദീഷ്, അമ്പിളി ചേട്ടൻ ഒരു മാതിരിപ്പെട്ട മലയാളത്തിലെ സകല കോമഡി താരങ്ങളും ആ സിനിമയിൽ ഉണ്ടായിരുന്നു. അതുപോലെ എല്ലാ വില്ലൻമാരും അതിൽ ഉണ്ടായിരുന്നു,’ടി.എസ്. സുരേഷ് ബാബു പറയുന്നു

Content Highlight: T.S.Suresh Babu About Kizhakkan Pathros And Kottayam Kunjachan