Kerala
ടി.പി വധത്തിന് ഉപയോഗിച്ച സിം കാര്‍ഡുകള്‍ പ്രതികള്‍ ജയിലിലും ഉപയോഗിച്ചുവെന്നതിന് സ്ഥിരീകരണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2013 Dec 09, 11:00 am
Monday, 9th December 2013, 4:30 pm

[]കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്‍ വധത്തിന് ഉപയോഗിച്ച സിം കാര്‍ഡാണ് പ്രതികള്‍ ജയിലിലും ഉപയോഗിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു.

സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാറാണ് പ്രതികള്‍ ജയിലില്‍ ഫോണ്‍ ഉപയോഗിച്ചതിന് സ്ഥിരീകരണം നല്‍കിയത്.

മാഹി സ്വദേശികളായ ഫൈസല്‍, അജേഷ് എന്നിവരുടെ പേരിലെടുത്ത സിം കാര്‍ഡുകളാണ് ഷാഫിയും കിര്‍മാണി മനോജും ടി.പി വധത്തിന് ഉപയോഗിച്ചിരുന്നത്.

ഇതേ സിം കാര്‍ഡുകള്‍ ഇവര്‍ ജയിലിനുള്ളിലും ഉപയോഗിച്ചുവെന്നതിനാണ് ഇപ്പോള്‍ സ്ഥിരീകരണം വന്നിരിക്കുന്നത്. ഇന്റര്‍നെറ്റ് സൗകര്യമുള്ള ഫോണുകളാണ് പ്രതികള്‍ ഉപയോഗിച്ചത്.

ജയിലില്‍ നിന്ന് ഷാഫി വിദേശത്തേക്കും നിരവധി തവണ വിളിച്ചതായും കണ്ടെത്തി. മൊബൈല്‍ ഉപയോഗിക്കുന്ന വിവരം പുറത്തായതോടെ സിം കാര്‍ഡുകള്‍ ജയിലിന് പുറത്തേക്ക് കടത്തി.

സിം കാര്‍ഡുകള്‍ ചൊക്ലിയിലേക്കാണ് കടത്തിയത് എന്നാണ് കണ്ടെത്തിയത്. ഷാഫിയുടെ നമ്പറിലേക്ക് വന്ന അവസാനത്തെ കോള്‍ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടറുടേതാണെന്നും പോലീസ് കണ്ടെത്തി. 17 തവണയാണ് ഷാഫി സിം കാര്‍ഡ് മാറ്റിയത്.

കിര്‍മാണി മനോജ് ഒരു വര്‍ഷത്തിനുള്ളില്‍ ജയിലില്‍ നിന്ന് ഒരു വര്‍ഷത്തിനുള്ളില്‍ വിളിച്ചത് പതിനായിരം തവണയാണ്.

കൂടുതല്‍ വിവരങ്ങള്‍ പോലീസ് അന്വേഷിച്ച് വരികയാണ്.  കിര്‍മാണി മനോജ് ഉപയോഗിച്ചത് ടി.പി വധക്കേസിന്റെ ഗൂഢാലോചന സമയത്ത് ഉപയോഗിച്ച അതേ നമ്പറാണെന്ന് നേരത്തേ തെളിഞ്ഞിരുന്നു.

സിം നഷ്ടപ്പെട്ടുവെന്നായിരുന്നു പ്രതികള്‍ നേരത്തേ മൊഴി നല്‍കിയിരുന്നത്. പോലീസ് റിപ്പോര്‍ട്ടിലും സിം കാര്‍ഡുകള്‍ നഷ്ടപ്പെട്ടെന്നായിരുന്നു ഉണ്ടായിരുന്നത്. 9847562679 ആണ് കിര്‍മാണി മനോജിന്റെ നമ്പര്‍.