ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കൊല്‍ക്കത്തക്ക് തുടക്കത്തിലേ പ്രഹരമേറ്റിരുന്നു. രണ്ടാം ഓവറിലെ ആദ്യ പന്തില്‍ തന്നെ വെടിക്കെട്ട് വീരന്‍ റഹ്‌മാനുള്ള ഗുര്‍ബാസിനെ ഗോള്‍ഡന്‍ ഡക്കായി കെ.കെ.ആറിന് നഷ്ടമായി. മാര്‍ക്കോ യാന്‍സന്റെ പന്തില്‍ ഹാരി ബ്രൂക്കിന് ക്യാച്ച് നല്‍കിയാണ് താരം മടങ്ങിയത്.
പിന്നാലെയെത്തിയ ക്യാപ്റ്റന്‍ നിതീഷ് റാണയും റിങ്കു സിങ്ങും ചേര്‍ന്നാണ് സ്‌കോര്‍ പടുത്തുയര്‍ത്തിയത്. റാണ 31 പന്തില്‍ നിന്നും 42 റണ്‍സ് നേടിയപ്പോള്‍ റിങ്കു സിങ് 35 പന്തില്‍ നിന്നും 46 റണ്‍സ് നേടി പുറത്തായി.
എന്നാല്‍ ഇവരുടെ പ്രകടനത്തേക്കാളും അവസാന ഓവറാണ് മത്സരത്തിന്റെ ഹൈലൈറ്റായി മാറിയത്. ടി. നടരാജന്‍ എറിഞ്ഞ ഓവറില്‍ മൂന്ന് റണ്‍സ് മാത്രമാണ് പിറന്നത്. രണ്ട് വിക്കറ്റും വീണു.
നടരാജന്റെ ആദ്യ പന്തില്‍ റണ്‍സൊന്നും പിറന്നില്ല. വമ്പനടിക്ക് ശ്രമിച്ച റിങ്കു സിങ് അബ്ദുള്‍ സമദിന്റെ കയ്യിലൊതുങ്ങി. തൊട്ടടുത്ത പന്തില്‍ നടരാജന്‍ – ക്ലാസന്‍ മിന്നലാട്ടത്തില്‍ ഹര്‍ഷിത് റാണ റണ്‍ ഔട്ടായി. തൊട്ടടുത്ത പന്തും ഡോട്ട് ആയപ്പോള്‍ തുടര്‍ന്നുള്ള രണ്ട് പന്തില്‍ നിന്നും വെറും മൂന്ന് റണ്‍സാണ് പിറന്നത്.
മത്സരത്തില്‍ നാല് ഓവര്‍ പന്തെറിഞ്ഞ നടരാജന്‍ 30 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. നടരാജനും യാന്‍സെനും പുറമെ ഭുവനേശ്വര്‍ കുമാര്‍, കാര്‍ത്തിക് ത്യാഗി, ക്യാപ്റ്റന്‍ ഏയ്ഡന്‍ മര്‍ക്രം, മായങ്ക് മാര്‍ക്കണ്ഡേ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Content Highlight: T Natarajan’s last over against KKR