ഡമസ്‌കസ്: സിറിയയില്‍ ഇസ്രഈല്‍ ആക്രമണം ശക്തമാക്കുന്നതിനിടെ ഇസ്രഈലിനോടുള്ള തങ്ങളുടെ നയം വ്യക്തമാക്കി അധികാരം പിടിച്ചെടുത്ത ‘വിമതസംഘം’. രാജ്യത്തിന്റെ നിലവിലെ ദുര്‍ബലമായ അവസ്ഥ കണക്കിലെടുത്ത് ഇസ്രഈലുമായി ഒരു സംഘര്‍ഷത്തില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഹയാത്ത് തെഹ്‌രീര്‍ അല്‍ ഷാം തലവന്‍ അബു മുഹമ്മദ് അല്‍ ജുലാനി പ്രതികരിച്ചു. കഴിഞ്ഞ ദിവസം സിറിയന്‍ ടി.വി വഴിയായിരുന്നു ജുലാനിയുടെ വെളിപ്പെടുത്തല്‍.
രാജ്യത്ത് നിന്ന് ഹിസ്ബുല്ലയുടേയും ഇറാന്റെയും സ്വാധീനം നഷ്ടമായതിനാല്‍ ഇസ്രഈലിന് സിറിയയെ ആക്രമിക്കിക്കാന്‍ കാരണമൊന്നുമില്ലെന്നും ജുലാനി പറഞ്ഞതായി പ്രസ് ടി.വി റിപ്പോര്‍ട്ട് ചെയ്തു.
സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെ പുറത്താക്കിയതിന് ശേഷം ഇസ്രഈല്‍ ചുരുങ്ങിയ ദിസത്തിനുള്ളില്‍ സറിയയിലുടനീളം 800 ഓളം വ്യോമാക്രമണങ്ങളാണ് നടത്തിയത്. ആക്രമണത്തില്‍ സിറിയയിലെ വ്യോമസേനത്താവളങ്ങളടക്കം നശിച്ചിരുന്നു. ഇതിന് പുറമെ തന്ത്ര പ്രധാനമായ ഗോലാന്‍ കുന്നുകളിലെ ഭൂപ്രദേശങ്ങള്‍വരെ ഇസ്രഈല്‍ കൈയടക്കി.
കഴിഞ്ഞ ദിവസം ഗോലാന്‍ കുന്നുകളില്‍ ഇസ്രഈല്‍-സിറിയന്‍ സേനകളെ വേര്‍തിരിക്കുന്ന ഐക്യരാഷ്ട്രസഭയുടെ പട്രോളിങ് ബഫര്‍ സോണിലേക്ക് ഇസ്രഈല്‍ സൈന്യം പ്രവേശിച്ചിരുന്നു. 1974 ലെ യുദ്ധവിരാമ കരാറിന്റെ ലംഘനമായിരുന്നു അത്.
അതേസമയം ഗോലാന്‍ കുന്നുകളില്‍ അധിനിവേശം നടത്തുന്നതിലുപരി അവിടെ ജൂത സെറ്റില്‍മെന്റുകള്‍ സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് ഇസ്രഈല്‍. ഇതിനായി പ്രദേശത്തെ ജൂത സെറ്റില്‍മെന്റുകള്‍ ഇരട്ടിയാക്കാനുള്ള പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നിര്‍ദേശത്തിന് ഇസ്രഈല്‍ മന്ത്രിസഭ അംഗീകാരം നല്‍കി.
ഇതുപ്രകാരം സിറിയയില്‍ നിന്ന് പിടിച്ചെടുത്ത ഗോലാന്‍ മേഖലകളില്‍ കൂടുതല്‍ ജൂത സെറ്റില്‍മെന്റുകള്‍ നിര്‍മിക്കും. ഇതിനുവേണ്ടി 1.1 കോടി ഡോളര്‍ നീക്കിവെക്കുമെന്ന് ഇസ്രഈല്‍ അറിയിച്ചിട്ടുണ്ട്.
ഗോലാന്‍ കുന്നുകളില്‍ ഇതിനകം തന്നെ നിരവധി തവണ ഇസ്രഈല്‍ ജൂത സെറ്റില്‍മെന്റുകള്‍ നിര്‍മിച്ചിട്ടുണ്ട്. ഡസന്‍ കണക്കിന് അനധികൃത കുടിയേറ്റ കേന്ദ്രങ്ങളിലായി ഏകദേശം 31,000 ഇസ്രഈലി കുടിയേറ്റക്കാര്‍ നിലവില്‍ ഇവിടെയുണ്ട്. സിറിയയുടെ ഭാഗമായ ഡ്രൂസ് ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ ഗ്രൂപ്പുകള്‍ക്കൊപ്പമാണ് ഇവര്‍ താമസിക്കുന്നത്.
അതേസമയം അമേരിക്ക പത്ത് മില്യണ്‍ ഡോളര്‍ വിലയിട്ട ഹയാത്ത് തെഹ്‌രീര്‍ അല്‍ ഷാം നേതാവ് നേതാവ് ജുലാനിയുമായി ചര്‍ച്ചകള്‍ നടത്തിയതായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പ്രതികരിച്ചു. യു.എസിന് പുറമെ ബ്രിട്ടന്‍ അടക്കമുള്ള മറ്റ് പാശ്ചാത്യ രാജ്യങ്ങളുമായി നയതന്ത്ര ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും ജുലാനി തന്റെ അഭിമുഖത്തില്‍ അറിയിച്ചു.
Content Highlight: Syria doesn’t want to engage in a conflict with Israel says HTS chief Abu Mohammad al Julani