നിങ്ങളിനിയും മൂകസാക്ഷികളായി തുടരുമോ അതോ പോരാട്ടമവസാനിപ്പിക്കാത്ത ആ മനുഷ്യനോടൊപ്പം ചേരുമോ?; സഞ്ജീവ് ഭട്ടിന് പിന്തുണയഭ്യര്‍ത്ഥിച്ച് ഭാര്യ
അഹമ്മദാബാദ്: ചെയ്യാത്ത കുറ്റത്തിനാണ് ഗുജറാത്ത് ഐ.പി.എസ് ഉദ്യോഗസ്ഥനായ സഞ്ജീവ് ഭട്ടിനെ ജീവപര്യന്തം തടവിന് വിധിച്ചതെന്ന് അദ്ദേഹത്തിന്റെ ഭാര്യ ശ്വേത സഞ്ജീവ് ഭട്ട്. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു ശ്വേതയുടെ പ്രതികരണം.
സഞ്ജീവിനെതിരെ നടന്നത് പ്രതികാരനടപടിയാണെന്നും ഐ.പി.എസ് അസോസിയേഷന്‍ സഹായിച്ചില്ലെന്നും ശ്വേത പറയുന്നു.
‘ചെയ്യാത്ത കുറ്റത്തിനാണ് ഇന്ന് സെഷന്‍സ് കോടതി സഞ്ജീവിനെ ജീവപര്യന്തം ശിക്ഷിച്ചത്. സഞ്ജീവിന് വേണ്ടി പിന്തുണയുമായെത്തിയ നിങ്ങളോടൊരു കാര്യം. നിങ്ങളുടെ വാക്കുകള്‍ ഞങ്ങള്‍ക്കാശ്വാസവും പ്രോത്സാഹനവുമാണ്. പക്ഷേ, പ്രവൃത്തിയിലില്ലാത്ത വാക്കുകള്‍ക്ക് വലിയ വിലയില്ല. രാജ്യത്തെ ശുഷ്‌കാന്തിയോടെ സേവിച്ചതിന് നീതിയുടെ അസംബന്ധനാടകത്തിന് ഇരയാകേണ്ടി വന്ന ആ മനുഷ്യനെ ഈ വിധിക്ക് വിട്ടു കൊടുക്കാനനുവദിച്ചാല്‍ നിങ്ങളുടെ പിന്തുണ വ്യര്‍ത്ഥമാണ്.’-ശ്വേത ഫേസ്ബുക്കില്‍ കുറിച്ചു.
ഐ.പി.എസ് അസോസിയേഷന്‍കാരോട് ഒരു വാക്ക്, നിങ്ങളുടെ ആളാണ് ഒരു യഥാര്‍ത്ഥ ഐപിഎസുകാരനായതിന്റെ പേരില്‍ പകപോക്കലിനിരയായിട്ടുള്ളത്. നിങ്ങളദ്ദേഹത്തെ പിന്തുണച്ചില്ല. സംരക്ഷിച്ചില്ല. ഈ ഭരണകൂടത്തിനെതിരെ അദ്ദേഹം എന്നിട്ടും പോരാടിക്കൊണ്ടിരുന്നു. നിങ്ങളിനിയും മൂകസാക്ഷികളായി തുടരുമോയെന്നാണ് എനിക്കുള്ള ചോദ്യം. വളരെ ഇരുണ്ട ഒരു കാലത്തേക്കാണ് രാജ്യം പോകുന്നത്. ഞങ്ങള്‍ അവസാന ശ്വാസം വരെ പൊരുതും. ഞങ്ങളൊറ്റക്കാണോ ഈ പോരാട്ടം നയിക്കേണ്ടി വരിക എന്ന് മാത്രമാണ് നോക്കുന്നത്. ഈ ജനാധിപത്യ രാഷ്ട്രത്തിലെ പൗരന്മാര്‍ പോരാട്ടമവസാനിപ്പിക്കാത്ത ആ മനുഷ്യനോടൊപ്പം ചേരുമോ?
വ്യാഴാഴ്ചയാണ് 1990 ലെ ഒരു കസ്റ്റഡി മരണക്കേസില്‍ സഞ്ജീവ് ഭട്ടിനെ ജീവപര്യന്തം തടവിന് വിധിച്ചത്.
2002ലെ ഗുജറാത്ത് കലാപത്തിന്റെ പേരില്‍ അന്നത്തെ നരേന്ദ്രമോദി ഭരണകൂടത്തെ കുറ്റപ്പെടുത്തി സംസാരിച്ചതിന്റെ പേരില്‍ 2015-ലാണ് ഭട്ടിനെ പുറത്താക്കിയത്. 2002-ലെ കലാപത്തെ തടയാന്‍ മോദി ഒന്നും ചെയ്തില്ലെന്ന് ആരോപിച്ച് സഞ്ജീവ് ഭട്ട് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം: