അപര്‍ണയും നിമിഷയും ചെയ്ത ആ വേഷങ്ങള്‍ എനിക്ക് കിട്ടിയിരുന്നെങ്കിലെന്ന് തോന്നിയിട്ടുണ്ട്: സ്വാസിക
Entertainment
അപര്‍ണയും നിമിഷയും ചെയ്ത ആ വേഷങ്ങള്‍ എനിക്ക് കിട്ടിയിരുന്നെങ്കിലെന്ന് തോന്നിയിട്ടുണ്ട്: സ്വാസിക
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 8th October 2024, 2:09 pm

2009ല്‍ റിലീസായ വൈഗ എന്ന തമിഴ്ചിത്രത്തിലൂടെ സിനിമാജീവിതം ആരംഭിച്ച നടിയാണ് സ്വാസിക. ആദ്യകാലങ്ങളില്‍ മലയാളത്തിലും തമിഴിലും ചെറുതും വലുതുമായ വേഷങ്ങളില്‍ തിളങ്ങിയ സ്വാസിക സീരിയല്‍ രംഗത്തും തന്റെ സാന്നിധ്യമറിയിച്ചു. 2020ല്‍ വാസന്തി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സ്വഭാവനടിക്കുള്ള സംസ്ഥാന അവാര്‍ഡ് സ്വാസികയെ തേടിയെത്തി. സ്വാസികയുടെ പുതിയ ചിത്രമായ ലബ്ബര്‍ പന്ത് തമിഴ്‌നാട്ടിലെ തിയേറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്.

യശോദ എന്ന കഥാപാത്രമായാണ് സ്വാസിക ലബ്ബര്‍ പന്തിലെത്തിയത്. ഇതുവരെ കാണാത്ത തരത്തിലുള്ള കഥാപാത്രത്തെയാണ് സ്വാസിക അവതരിപ്പിച്ചത്. ആട്ടക്കത്തി ദിനേശ് അവതരിപ്പിച്ച ഗെത്ത്/പൂമാലൈ എന്ന കഥാപാത്രത്തിന്റെ പങ്കാളിയായാണ് സ്വാസിക വേഷമിട്ടത്. സ്വാസികയുടെ പ്രകടനത്തെ നിരവധി നിരൂപകര്‍ പ്രശംസിക്കുന്നുണ്ട്. മലയാളത്തിലെ നായികമാര്‍ തമിഴില്‍ ചെയ്ത വേഷങ്ങളില്‍ തനിക്ക് പ്രിയപ്പെട്ട കഥാപാത്രങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് സ്വാസിക.

സൂരറൈ പോട്രില്‍ അപര്‍ണ ചെയ്ത വേഷം ഗംഭീരമായിരുന്നെന്നും മധുരൈയിലെ സ്ലാങ് അവര്‍ കൈകാര്യം ചെയ്ത രീതി കണ്ട് അത്ഭുതപ്പെട്ടെന്നും സ്വാസിക പറഞ്ഞു. ആ ചിത്രത്തിലെ പ്രകടനത്തിന് ദേശീയ അവാര്‍ഡ് ലഭിച്ചത് കൂടുതല്‍ സന്തോഷം നല്‍കിയെന്നും സ്വാസിക കൂട്ടിച്ചേര്‍ത്തു. ചിത്ത എന്ന സിനിമയില്‍ നിമിഷ ചെയ്ത കഥാപാത്രവും തനിക്കിഷ്ടപ്പെട്ടെന്നും ആ രണ്ട് കഥാപാത്രങ്ങളും തനിക്ക് ചെയ്താല്‍ കൊള്ളാമെന്ന് തോന്നിയിരുന്നെന്നും സ്വാസിക പറഞ്ഞു. കുമുദം ടി.വിയോട് സംസാരിക്കുകയായിരുന്നു സ്വാസിക.

‘മലയാളത്തിലെ നായികമാര്‍ പലരും തമിഴില്‍ വന്ന് അത്ഭുതപ്പെടുത്തുന്നത് പണ്ടുമുതലേ കാണുന്ന കാഴ്ചയാണ്. അതില്‍ എന്നെ ഈയടുത്ത് വല്ലാതെ അത്ഭുതപ്പെടുത്തിയ നടിമാരാണ് അപര്‍ണ ബാലമുരളിയും നിമിഷയും. സൂരറൈ പോട്രില്‍ അപര്‍ണ എന്തൊരു പെര്‍ഫോമന്‍സായിരുന്നു. ആ മധുരൈ സ്ലാങ്ങില്‍ സംസാരിക്കുന്നത് എത്ര പെര്‍ഫക്ടായിട്ടാണ്. ആ സിനിമയില്‍ അവര്‍ക്ക് നാഷണല്‍ അവാര്‍ഡും കിട്ടിയല്ലോ. അതില്‍ വളരെയധികം സന്തോഷം തോന്നി.

അതുപോലെ ചിത്തയില്‍ നിമിഷ ചെയ്ത ക്യാരക്ടര്‍. പക്കാ നാട്ടിന്‍പുറത്തുകാരി കഥാപാത്രമായി നിമിഷ ഗംഭീര പെര്‍ഫോമന്‍സാണ് ചിത്തയില്‍ കാണിച്ചത്. ആ രണ്ട് ക്യാരക്ടേഴ്‌സും എനിക്ക് ചെയ്യാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന് ഇടക്കൊക്കെ ചിന്തിക്കാറുണ്ട്. അവര്‍ രണ്ടുപേരും ചെയ്തതുപോലെ വരില്ല എന്നറിയാം. എന്നാലും എന്റെയൊരു ആഗ്രഹം പറഞ്ഞെന്നുമാത്രം,’ സ്വാസിക പറയുന്നു.

Content Highlight: Swasika shares about favorite performance of Aparna Balamurali and Nimisha Sajayan