ബി.ജെ.പി സമരത്തിനിടക്ക് തേനീച്ച ആക്രമണം; ചിതറിയോടി പ്രവർത്തകർ
national news
ബി.ജെ.പി സമരത്തിനിടക്ക് തേനീച്ച ആക്രമണം; ചിതറിയോടി പ്രവർത്തകർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 9th September 2023, 4:25 pm

കോലാർ: കർണാടകയിലെ കോലാറിൽ സമരത്തിനിടയിൽ തേനീച്ച ആക്രമണമേറ്റ് എം. പി ഉൾപ്പെടെയുള്ള ബി.ജെ.പി പ്രവർത്തകർ. കോൺഗ്രസ് സർക്കാരിനെതിരെ കോലാറിലെ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിന് മുമ്പിൽ റൈത മോർച്ച പ്രവർത്തകർ നടത്തിയ മാർച്ചിനിടയിലാണ് സംഭവം ഉണ്ടായത്.

പ്രതിഷേധ ബഹളത്തിനിടയിൽ ഡി.സി ഓഫീസിന്റെ മുകളിൽ ഉണ്ടായിരുന്ന തേനീച്ചക്കൂട്ടം ഇളകുകയും സമരസ്ഥലത്ത് ഉണ്ടായിരുന്ന മുനിസ്വാമി എം.പി, റൈത മോർച്ച പ്രവർത്തകർ, പൊലീസുകാർ, മാധ്യമപ്രവർത്തകർ എന്നിവരെ കൂട്ടമായി ആക്രമിക്കുകയും ചെയ്തു.

സംഭവം നടന്ന ഉടൻ തന്നെ ആംബുലൻസ് എത്തി പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
‘ജില്ലാ ഭരണകൂടത്തിന്റെ മേൽക്കൂരയ്ക്ക് മുകളിൽ ഒന്ന് രണ്ട് തേനീച്ചക്കൂടുകൾ ഉണ്ടായിരുന്നു. പ്രതിഷേധത്തിനിടയിൽ ഉയർന്ന ശബ്ദത്തിൽ മുദ്രാവാക്യം വിളിച്ചപ്പോൾ അസ്വസ്ഥരായ തേനീച്ചകൾ പ്രതിഷേധക്കാരെ ആക്രമിക്കുകയും കുത്തുകയും ചെയ്തു. പരിക്കേറ്റവർക്ക് പ്രാഥമിക ശുശ്രൂഷ നൽകിയിട്ടുണ്ട്,’ മുനിസ്വാമി എം. പി ഡെക്കാൻ ഹെറാൾഡിനോട് പറഞ്ഞു.

500ലധികം ബി.ജെ.പി പ്രവർത്തകർ പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു. തേനീച്ച ആക്രമണത്തെ തുടർന്ന് സമരക്കാർ ചിതറിയോടുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രവർത്തകരെ തേനീച്ച ആക്രമിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.

വിവിധ ആവശ്യങ്ങൾക്കായി ഡി.സി ഓഫീസിലെത്തിയ ആളുകളും പരിഭ്രാന്തരായി സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടുവെന്ന് ഫ്രീ പ്രസ് ജേണൽ റിപ്പോർട്ട് ചെയ്തു.

അതേസമയം, പ്രതിഷേധം അലങ്കോലപ്പെടുത്താൻ ചില കോൺഗ്രസ് പ്രവർത്തകർ തേനീച്ചക്കൂടിന് നേരെ കല്ലെറിഞ്ഞതാണെന്ന് ഒരു വിഭാഗം ബി.ജെ.പി പ്രവർത്തകർ ആരോപിച്ചു.

Content Highlight: Swarm Of Bees Attack BJP Leaders Protesting Against Congress Govt In Kolar