'സ്വപ്‌ന സുരേഷും ശിവശങ്കറും ബഹിരാകാശ രഹസ്യങ്ങള്‍ ചോര്‍ത്തി'; ഗുരുതര ആരോപണങ്ങളുമായി സി.പി.ഐ മുഖപത്രം ജനയുഗം
തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസിലെ പ്രതികള്‍ രാജ്യത്തെ ബഹിരാകാശ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണവുമായി സി.പി.ഐ മുഖപത്രം ജനയുഗം.
ഗുരുതര ആരോപണങ്ങളാണ് ജനയുഗം വാര്‍ത്തയില്‍ ആരോപിക്കുന്നത്. കെ.രംഗനാഥിന്റെ ബൈലൈനില്‍ വന്നിരിക്കുന്ന വാര്‍ത്തയില്‍ സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറും ബെംഗളൂരുവിലെ ഐ.എസ്.ആര്‍.ഒ ആസ്ഥാനത്തു നിരന്തരം സന്ദര്‍ശനം നടത്തിയതു ഗൂഢോദ്ദേശ്യത്തോടെയാണെന്നു ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) കണ്ടെത്തിയതായിട്ടാണ് പത്രം ആരോപിക്കുന്നത്.
ബഹിരാകാശ രഹസ്യങ്ങള്‍ ചോര്‍ത്തി വിദേശ രാജ്യങ്ങള്‍ക്കു വിറ്റതായി സംശയിക്കുന്നുവെന്ന ഗുരുതര ആരോപണവും വാര്‍ത്തയില്‍ ഉന്നയിക്കുന്നുണ്ട്.
ഇന്ത്യയുടെ സൂപ്പര്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റിസര്‍ച്ച് ആന്റ് അനാലിസിസ് വിങും (റോ) കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയും ഇതു സംബന്ധിച്ചു കണ്ടെത്തിയ വിവരങ്ങള്‍ എന്‍.ഐ.എയ്ക്ക് കൈമാറി. ഇതേത്തുടര്‍ന്ന് എന്‍.ഐ.എയുടെ ഒരു പുതിയ അഞ്ചംഗസംഘം അന്വേഷണത്തിനായി എത്തിയിട്ടുണ്ടെന്നും വാര്‍ത്തയില്‍ പറഞ്ഞിട്ടുണ്ട്.
‘ബംഗളൂരുവിലെ നിരന്തര സന്ദര്‍ശനങ്ങള്‍ക്കിടെ ഐ.എസ്.ആര്‍.ഒയിലെ ചില പ്രമുഖ ശാസ്ത്രജ്ഞരുമായി ബിഇഎല്‍ റോഡിലെ ഒരു നക്ഷത്ര ഹോട്ടലില്‍ നിരന്തരം കൂടിക്കാഴ്ചകള്‍ നടത്തിയതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കു തെളിവ് ലഭിച്ചിട്ടുണ്ട്. 2019 ഓഗസ്റ്റില്‍ സ്‌പേസ് പാര്‍ക്ക് പദ്ധതിക്ക് ശിവശങ്കറും ഐ.എസ്.ആര്‍.ഒയ്ക്ക് വേണ്ടി എസ് സോമനാഥും തമ്മില്‍ ധാരണാപത്രം ഒപ്പിട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് പത്താംക്ലാസുകാരിയായ സ്വപ്നയെ സ്‌പേസ്പാര്‍ക്ക് കണ്‍സള്‍ട്ടന്റായി രണ്ടര ലക്ഷത്തോളം രൂപ പ്രതിമാസ ശമ്പളത്തില്‍ നിയമിച്ചത്. ഇതിനു പിന്നാലെ ബംഗളൂരുവിലെ ഐ.എസ്.ആര്‍.ഒ ആസ്ഥാനത്തേയ്ക്ക് നടത്തിയ സന്ദര്‍ശനങ്ങള്‍ക്കിടെ ബഹിരാകാശ രഹസ്യങ്ങള്‍ ചോര്‍ന്നുവെന്നാണ് എന്‍.ഐ.എയ്ക്കും റോയ്ക്കും കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സിക്കും തെളിവുകള്‍ ലഭിച്ചതെന്നറിയുന്നു’ എന്നാണ് വാര്‍ത്തയില്‍ പറയുന്നത്.
വിവിധ ബഹിരാകാശ പ്രതിരോധ ഗവേഷണ രേഖകള്‍ ചോര്‍ന്നുവെന്ന് അനുമാനിക്കുന്ന തെളിവുകളുമായാണ് പുതിയ എന്‍.ഐ.എ അന്വേഷണസംഘം ദുബായില്‍ എത്തിയിട്ടുള്ളതെന്നും. ഐഎസ്ആര്‍ഒ ആസ്ഥാനം സ്ഥിതിചെയ്യുന്ന ബംഗളൂരുവിലെ അന്തരീക്ഷ ഭവനു സമീപത്ത് ബി.ഇ.എല്‍ റോഡിലുള്ള ഒരു നക്ഷത്ര ഹോട്ടലിലാണ് ശിവശങ്കറും സ്വപ്നയും സ്ഥിരമായി താമസിച്ചിരുന്നതെന്നും വാര്‍ത്തയില്‍ പറയുന്നു.
ഐ.എസ്.ആര്‍.ഒയിലെ ചില ശാസ്ത്രജ്ഞരും വിദേശ ശാസ്ത്രജ്ഞരും ഇന്ത്യയിലെ ചില വിദേശ എംബസികളിലെ സൈനിക അറ്റാഷേമാരും ചര്‍ച്ചകള്‍ നടത്തിയതിന്റെ തെളിവുകളും ദുബൈയിലെത്തിയ എന്‍.ഐ.എ സംഘം കൊണ്ടുവന്നിട്ടുണ്ടെന്നും വാര്‍ത്തയില്‍ പറയുന്നു.