തിരുവനന്തപുരം: എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ നിര്‍ദേശിച്ചു എന്ന തരത്തില്‍ പ്രചരിക്കുന്ന ശബ്ദരേഖയിലെ ശബ്ദം സ്വപ്‌ന സുരേഷിന്റേത് തന്നെയെന്ന് ശരിവെച്ച് ദക്ഷിണ മേഖല ജയില്‍ ഡി.ഐ.ജി.
എന്നാല്‍ ശബ്ദ സന്ദേശം ജയിലില്‍ നിന്നല്ല പുറത്തു വന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. ശബ്ദം തന്റേത് തന്നെയെന്ന് സ്വപ്‌ന സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഡി.ഐ.ജി മാധ്യമങ്ങള്‍ക്ക് പ്രതികരണം നല്‍കിയത്. എപ്പോഴാണ് ഇത്തരത്തില്‍ സംസാരിച്ചതെന്ന് അറിയില്ലെന്നും പുറത്ത് തെളിവെടുപ്പിന് പോയപ്പോഴായിരിക്കാം എന്നുമാണ് സ്വപ്‌ന സുരേഷ് ഡി.ഐ.ജിയോട് പറഞ്ഞത്.
വ്യാഴാഴ്ച അട്ടക്കുളങ്ങര ജയിലിലെത്തി ഡി.ഐ.ജി സ്വപ്നയെ ചോദ്യം ചെയ്തിരുന്നു. ജയില്‍ ഡി.ജി.പി ഋഷിരാജ് സിംഗാണ് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ ശബ്ദസന്ദേശത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. ദക്ഷിണ മേഖലാ ഡി.ഐ.ജി അജയ് കുമാറിനാണ് അന്വേഷണ ചുമതല. ഡി.ഐ.ജി അട്ടക്കുളങ്ങരയിലെ ജയിലില്‍ നേരിട്ടെത്തിയാണ് അന്വേഷണം നടത്തുന്നത്.
മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് നിര്‍ബന്ധിച്ചതായി സ്വപ്ന സുരേഷ് പറയുന്ന ശബ്ദരേഖ ഓണ്‍ലൈന്‍ പോര്‍ട്ടലായ ‘ദ ക്യൂ’വാണ് പുറത്ത് വിട്ടത്. മുഖ്യമന്ത്രിക്കായി ശിവശങ്കറിന്റെ കൂടെ യു.എ.ഇയില്‍ പോയി സാമ്പത്തിക വിലപേശല്‍ നടത്തിയെന്ന് മൊഴിനല്‍കാനാണ് ഇ.ഡി നിര്‍ബന്ധിച്ചതെന്നും ശബ്ദരേഖയില്‍ പറയുന്നു.
മുഖ്യമന്ത്രിക്കെതിരെ മൊഴിനല്‍കിയാല്‍ മാപ്പു സാക്ഷിയാക്കാമെന്ന് വാഗ്ദാനം ചെയ്തതായും, രേഖപ്പെടുത്തിയ തന്റെ മൊഴി കൃത്യമായി വായിച്ച് നോക്കാന്‍ അനുവദിച്ചില്ലെന്നും ശബ്ദരേഖയില്‍ പറയുന്നുണ്ട്.
മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കിയില്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ വീണ്ടും ജയിലില്‍ വരുമെന്നും ശബ്ദരേഖയില്‍ പറയുന്നു.
‘അവര്‍ ഒരു കാരണവശാലും ആറാം തിയ്യതി വരെയുള്ള സ്റ്റേറ്റ്മെന്റ് എനിക്ക് വായിക്കാന്‍ തന്നില്ല. പെട്ടെന്ന് മറിച്ച് നോക്കാന്‍ പറഞ്ഞിട്ട് ഒപ്പിടാന്‍ പറഞ്ഞു. ഇന്ന് എന്റെ വക്കീല്‍ പറഞ്ഞത് കോടതിയില്‍ കൊടുത്തിരിക്കുന്ന സ്റ്റേറ്റ്‌മെന്റില്‍ ഞാന്‍ ശിവശങ്കറിന്റെ കൂടെ യു.എ.ഇയില്‍ പോയി മുഖ്യമന്ത്രിക്ക് വേണ്ടി ഫൈനാന്‍ഷ്യല്‍ നെഗോഷിയേഷന്‍സ് ചെയ്തിട്ടുണ്ടെന്നാണ്. മാപ്പ് സാക്ഷിയാക്കാന്‍ എന്നോട് അത് ഏറ്റ് പറയാനാണ് പറയുന്നത്.
ഞാന്‍ ഒരിക്കലും അത് ചെയ്യില്ലാ എന്ന് പറഞ്ഞപ്പോള്‍ അവര്‍ ചിലപ്പോള്‍ വീണ്ടും ജയിലില്‍ വരും എന്നു പറഞ്ഞ് ഒരുപാട് ഫോഴ്‌സ് ചെയ്തു,’ സ്വപ്നയുടേതായി പുറത്ത് വന്ന ശബ്ദരേഖയില്‍ പറയുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക