വിശ്വാസികളെ ദ്രോഹിച്ച പിണറായി വിജയന് തിരിച്ചടി നല്‍കണമെന്ന തന്റെ ആഹ്വാനം ജനങ്ങള്‍ ഏറ്റെടുത്തു: ബി.ജെ.പി ഉടന്‍ കേരളത്തില്‍ സീറ്റുനേടുമെന്നും ചിദാനന്ദപുരി
D' Election 2019
വിശ്വാസികളെ ദ്രോഹിച്ച പിണറായി വിജയന് തിരിച്ചടി നല്‍കണമെന്ന തന്റെ ആഹ്വാനം ജനങ്ങള്‍ ഏറ്റെടുത്തു: ബി.ജെ.പി ഉടന്‍ കേരളത്തില്‍ സീറ്റുനേടുമെന്നും ചിദാനന്ദപുരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 24th May 2019, 1:55 pm

 

 

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ വിശ്വാസികളെ ദ്രോഹിച്ച മുഖ്യമന്ത്രി പിണറായി വിജയനും കൂട്ടര്‍ക്കും തിരിച്ചടി നല്‍കണമെന്ന തന്റെ ആഹ്വാനം ജനങ്ങള്‍ ഉള്‍ക്കൊണ്ടുവെന്നതാണ് ഈ തെരഞ്ഞെടുപ്പു ഫലം വ്യക്തമാക്കുന്നതെന്ന് ശബരിമല കര്‍മ്മ സമിതി നേതാവ് സ്വാമി ചിദാനന്ദപുരി. ഈ ഫലം വഴിത്തിരിവാണ്. ഇത്തവണ സീറ്റ് ലഭിച്ചില്ലെങ്കിലും ഭാവിയില്‍ ബി.ജെ.പിക്ക് സീറ്റുകള്‍ നേടാനാകുമെന്നാണ് ഈ ട്രെന്റ് വ്യക്തമാക്കുന്നതെന്നും സ്വാമി ചിദാനന്ദപുരി പറഞ്ഞു.

കോണ്‍ഗ്രസിനു വോട്ടു ചെയ്യണമെന്ന് ആഹ്വാനം ചെയ്തിട്ടില്ല. മറിച്ച്, ഹൈന്ദവ വിശ്വാസത്തെ ആചാരക്രമത്തെ ചവിട്ടി മെതിച്ച അതിനെ അവഹേളിച്ച മാര്‍ക്‌സിറ്റു പാര്‍ട്ടിയെ പരാജയപ്പെടുത്തണമെന്നാണ് താന്‍ ആഹ്വാനം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അതിന്റെ തന്ത്രം എന്തെന്നാല്‍, എന്‍.ഡി.എയ്ക്ക് എവിടെയാണോ പൂര്‍ണമായ വിജയസാധ്യതയുള്ളത് അവിടെ എന്‍.ഡി.എയ്ക്ക് വോട്ടു ചെയ്യണമെന്നും അല്ലാത്തിടത്ത് കേരളാ കോണ്‍ഗ്രസോ, മുസ്‌ലിം ലീഗോ ആര്‍ക്കു ചെയ്താലും മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയെ പരാജയപ്പെടുത്തണം. ആ രീതിയിലാണ് കേരളീയ സമൂഹം പ്രതികരിച്ചത്. ‘ ചിദാനന്ദപുരി പറഞ്ഞു.

തീര്‍ച്ചയായിട്ടും ഇന്നത്തെ ട്രെന്റ് വികസിച്ചുവന്നാല്‍ നാളെ ബി.ജെ.പിക്ക് കേരളത്തില്‍ സ്വാധീനമുണ്ടാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

‘മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയെ പരാജയപ്പെടുത്തണമെന്നാണ് ഞാന്‍ പറഞ്ഞത്. പരാജയപ്പെടുത്തിയേ മതിയാവൂ. കാരണം ഹിന്ദുത്വത്തെ ഇത്രയേറെ അവഹേളിച്ച ഒരു സംവിധാനം ഇല്ല. അതിന് ജനാധിപത്യ പരമായ രീതിയില്‍ ഭരണഘടന അനുവദിക്കുന്ന രീതിയില്‍ പ്രതികരണം നല്‍കണമെന്നാണ് ആഹ്വാനം നല്‍കിയത്. അതിനെ കേരളം സ്വീകരിച്ചുവെന്നാണ് മനസിലാക്കുന്നത്. മുഖ്യമന്ത്രിയുടെ നയത്തിന് എതിരായിട്ട് ജനരോഷം ആളിപ്പടര്‍ന്നിട്ടുണ്ട്. ഇതു പറയാന്‍ കാരണം റിസര്‍ട്ട് വരുന്നതിനു മുമ്പ് ദേവസ്വം മന്ത്രി ശബരിമലയുടെ പ്രതിഫലനം ഫലത്തില്‍ കാണുമെന്ന് പറഞ്ഞപ്പോള്‍ മുഖ്യമന്ത്രി അതിനെ തിരുത്തുകയാണ് ചെയ്തത്. മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയുടെ ഉള്ളില്‍ തന്നെ അഭിപ്രായ ഭിന്നതയുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്.’ അദ്ദേഹം പറയുന്നു.

ബി.ജെ.പി പ്രവര്‍ത്തകര്‍ ശബരിമലയുടെ ആചാര സംരക്ഷണത്തിനുവേണ്ടി അങ്ങേയറ്റം പ്രവര്‍ത്തിച്ചിട്ടുണ്ട്. അതിനനുസരിച്ച് സമൂഹം മനസിലാക്കുകയും അവരുടെ വോട്ടിങ് ഷെയര്‍ വളരെയധികം വര്‍ധിച്ചിട്ടുണ്ട്. ആ ട്രെന്റ് മുന്നോട്ടുതന്നെ പോകുകയാണെങ്കില്‍ തീര്‍ച്ചയായും അവര്‍ വരുന്ന തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് നേടുമെന്നും അദ്ദേഹം പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനെ തോല്‍പ്പിക്കാന്‍ ബി.ജെ.പി യു.ഡി.എഫുമായി പരസ്യ ധാരണയുണ്ടാക്കണമെന്നായിരുന്നു ചിദാനന്ദനപുരി പറഞ്ഞത്.

ഹിന്ദു സമൂഹത്തെ അപമാനിച്ചതിനും വേദനിപ്പിച്ചതിനുമുള്ള മറുപടി ഈ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ നല്‍കണം. 20 സീറ്റുകളിലും വിജയിക്കാനാവില്ലെന്ന യാഥാര്‍ത്ഥ്യം ബി.ജെ.പി മനസിലാക്കണം. ഹിന്ദു വോട്ടുകള്‍ മാത്രം നേടിയെടുക്കുന്നതിന് പകരമായി പ്രാക്ടിക്കലായി ചിന്തിക്കണമെന്നാണ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത്.

പാര്‍ട്ടി ശക്തമല്ലാത്ത സ്ഥലങ്ങളില്‍ ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യുമെന്ന് സി.പി.ഐ.എം നേതാക്കള്‍ പരസ്യമായി പ്രഖ്യാപിച്ചുകഴിഞ്ഞതാണെന്നും ഇതേ തന്ത്രം ബി.ജെ.പിയും സ്വീകരിക്കണമെന്നും ചിദാനന്ദപുരി പറയുന്നു.