മുംബൈ: സ്വാമി സന്ദീപാനന്ദഗിരിയ്‌ക്കെതിരെയുണ്ടായ ആക്രമണം അപലപനീയമെന്ന് ആര്യസമാജം പ്രവര്‍ത്തകന്‍ സ്വാമി അഗ്നിവേശ്. സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തില്‍ ആക്രമണം നടത്തിയവര്‍ ഹിന്ദുവിശ്വാസത്തിന്റെ സംരക്ഷകരാണെന്ന് നടിക്കുന്നവരാണെങ്കിലും അവര്‍ ഹിന്ദുവിശ്വാസത്തിന്റെയും മാനവികതയുടെയും ശത്രുക്കളാണെന്നും അഗ്നിവേശ് പ്രസ്താവനയില്‍ പറഞ്ഞു.
“വേദവിശ്വാസം അക്രമവും സംഘര്‍ഷവും ഉയര്‍ത്തിപ്പിടിക്കുന്നതോ അംഗീകരിക്കുന്നതോ അല്ല. വാക്കുകളെ വാക്ക് കൊണ്ടാണ് നേരിടേണ്ടത്, വാളുകൊണ്ടല്ല. ഇതിനു വിരുദ്ധമായി ചിന്തിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യുന്നവര്‍ ക്രിമിനലുകളാണ്. ”
ഹിന്ദുവിശ്വാസത്തോട് താല്‍പര്യമുള്ളവര്‍ ഇക്കൂട്ടര്‍ക്കെതിരെ ഒന്നിച്ചുനില്‍ക്കുകയും, രാഷ്ട്രീയനേട്ടത്തിനുവേണ്ടി വിദ്വേഷത്തിന്റെയും സംഘര്‍ഷത്തിന്റെയും വിത്തുകള്‍ വിതയ്ക്കാനുള്ള പദ്ധതിയെ ചെറുത്തുതോല്‍പ്പിക്കുകയും ചെയ്യണം. അമിത് ഷായുടെ കേരള സന്ദര്‍ശനത്തോടനുബന്ധിച്ചാണ് ഈ അതിക്രമമെന്നത് പ്രധാനമാണ്, വര്‍ഗീയവികാരം ആളിക്കത്തിക്കുകയെന്നതാണ് അവരുടെ ലക്ഷ്യം.
ALSO READ: സര്‍ക്കാറിനെ വലിച്ച് താഴെയിടാന്‍ മടിക്കില്ല: ഭീഷണിയുമായി കണ്ണൂരില്‍ അമിത് ഷാ
ഹിന്ദുവിശ്വാസത്തില്‍ നിന്നുകൊണ്ട് യുക്തിസഹമായ നിലപാട് സ്വീകരിച്ച് സാമൂഹികവും മതപരവുമായ പരിഷ്‌കരണത്തിനുവേണ്ടി ധീരമായി ശബ്ദിക്കുന്ന സ്വാമി സന്ദീപാനന്ദ ഗിരിയുടെ പ്രവര്‍ത്തനം ശ്ലാഘനീയമാണ്. നിക്ഷിപ്ത താല്‍പര്യക്കാരുടെ പിണിയാളുകളില്‍ ഇത് അസ്വസ്ഥത സൃഷ്ടിച്ചതിലും അനേകംപേരുടെ ആദരണീയനായ ആത്മീയഗുരുവിനെ ശാരീരികമായി ആക്രമിക്കുന്ന വിധത്തിലേക്ക് അവര്‍ തരംതാഴ്ന്നതിലും എനിക്ക് അത്ഭുതമില്ല.
അടുത്തിടെ എനിക്കുനേരെ മാരകമായ രണ്ട് ആക്രമണങ്ങള്‍ നടത്തിയ അതേ ശക്തികള്‍ തന്നെയാണ് സ്വാമിയെയും ആക്രമിച്ചതെന്ന് എനിക്ക് ഉറപ്പുണ്ട്. ഇവ രാജ്യത്തിനു തന്നെയുള്ള അപകടസൂചനകളാണ്. മതവികാരം ഇളക്കിവിട്ട് ജനങ്ങളെ വര്‍ഗീയമായി ഭിന്നിപ്പിച്ച് അധികാരം കയ്യടക്കാന്‍ ശ്രമിക്കുന്ന വര്‍ഗീയവാദികള്‍, കേരളത്തിന്റെ പ്രശംസനീയമായ മതനിരപേക്ഷ ജനാധിപത്യ പാരമ്പര്യം അവര്‍ക്കുമുന്നിലുള്ള തടസ്സമായി കാണുന്നു. ആട്ടിന്‍തോലണിഞ്ഞ ഈ ചെന്നായ്ക്കളെ തുറന്നുകാണിക്കണമെന്ന് കേരളജനതയോട് ഞാന്‍ അഭ്യര്‍ഥിക്കുന്നു.
അങ്ങേയറ്റത്തെ തിന്മയോടുള്ള സഹിഷ്ണുത അസഹിഷ്ണുതയെക്കാള്‍ മോശമാണ്. അക്രമം നടത്തിയ ക്രിമിനലുകളെ കണ്ടെത്തി തക്കതായ ശിക്ഷ ഉറപ്പാക്കണമെന്ന് കേരള മുഖ്യമന്ത്രിയോട് അഭ്യര്‍ഥിക്കുന്നുവെന്നും അഗ്നിവേശ് പറഞ്ഞു. പ്രബുദ്ധമായ സഹിഷ്ണുതയുടെയും ബഹുസ്വര മതവിശ്വാസത്തോടുള്ള ആദരവിന്റെയും പാരമ്പര്യം തകര്‍ക്കാന്‍ ആരെയും അനുവദിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
WATCH THIS VIDEO: